• HOME
  • »
  • NEWS
  • »
  • kerala
  • »
  • POLITICAL CIRCLE SHOCKED AT THE DEMISE OF VV PRAKASH WHO HAD CONTESTED IN THE ASSEMBLY POLLS RV TV

വി വി പ്രകാശ്: ജനവിധി അറിയും മുൻപേ വിധി തട്ടിയെടുത്ത ജന നേതാവ്; വിയോഗത്തിൽ ഞെട്ടി രാഷ്ട്രീയ കേരളം

രാഷ്ട്രീയ ജീവിതത്തിൽ അർഹമായ പലതും അദ്ദേഹത്തിന് വിട്ടുവീഴ്ചകളുടെ ഭാഗമായി വിട്ടു കൊടുക്കേണ്ടി വന്നിട്ടുണ്ട്. അന്നൊന്നും ആരോടും ഒരു പരിഭവവും പറയാതെ സ്വത സിദ്ധമായ മന്ദഹാസത്തിൽ എല്ലാം ഒളിപ്പിച്ചു വി വി പ്രകാശ്.

വി വി പ്രകാശ്

വി വി പ്രകാശ്

  • Share this:
മലപ്പുറം: ജനവിധി അറിയും മുൻപേ വി വി പ്രകാശിനെ വിധി തട്ടിയെടുത്തു. തികച്ചും അപ്രതീക്ഷിതമായ മരണം പൊതു സമൂഹത്തെ ഒന്നാകെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. വി വി പ്രകാശ് തൻ്റെരാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായക ഘട്ടത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ ആണ് മരണം രംഗബോധം ഇല്ലാത്ത കോമാളി ആയി അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്.
രാത്രി മൂന്ന് മണിയോടെ എടക്കരയിലെ വീട്ടിൽ വച്ച് ആണ് പ്രകാശിന് ഹൃദയ സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടായത്. നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകും വഴി മഞ്ചേരി വച്ച് ആണ് മരണം ഉണ്ടായത്. മഞ്ചേരി മലബാർ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വി വി പ്രകാശ് ഉറച്ച വിജയ പ്രതീക്ഷയിൽ ആയിരുന്നു. വി വി പ്രകാശിൻ്റെ വ്യക്തി ശുദ്ധിയും സ്വീകാര്യതയും രാഷ്ട്രീയത്തിന് അപ്പുറത്തുള്ള വോട്ടർമാരെ പോലും സ്വാധീനിക്കുന്നത് ആണെന്നും അത് കൊണ്ട് തന്നെ പ്രകാശ് നിലമ്പൂർ യുഡിഎഫിന് വേണ്ടി തിരിച്ചുപിടിക്കുക തന്നെ ചെയ്യും എന്ന് യുഡിഎഫ് ഉറച്ചു വിശ്വസിച്ചിരുന്നു. പോളിംഗിന് ശേഷം ഉള്ള കണക്ക് കൂട്ടൽ എല്ലാം പ്രകാശിനും യുഡിഎഫിനും ആത്മ വിശ്വാസം നൽകുന്നത് ആയിരുന്നു. കടുത്ത പോരാട്ടത്തിനൊടുവിൽ ജയം ആർക്കൊപ്പം ആകും എന്നറിയാൻ നാടൊന്നാകെ കാത്തിരിക്കുമ്പോൾ ആണ് വിധി ഹൃദയാഘാതത്തിന്റെ രൂപത്തിൽ വി വി പ്രകാശിനെ കൂടെ കൊണ്ടുപോയത്.

Also Read- നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശ് അന്തരിച്ചു

2011 ൽ തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആയി മൽസരിച്ചു എങ്കിലും വി വി പ്രകാശിന് ജയം നേടാൻ കഴിഞ്ഞിരുന്നില്ല. 2016 ൽ നിലമ്പൂരിൽ സ്ഥാനാർത്ഥിയായി വി വി പ്രകാശിനെ പരിഗണിച്ചു എങ്കിലും അവസാന ഘട്ടത്തിൽ ഒഴിവാക്കപ്പെട്ടു. ആര്യാടൻ ഷൗക്കത്തായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. പി വി അൻവർ ഷൗക്കത്തിനെ തോൽപ്പിച്ച് മണ്ഡലം പിടിച്ചെടുത്തു. 2021 ൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിൽ ആണ് വി വി പ്രകാശിനെ യുഡിഎഫ് സ്ഥാനാർത്ഥി അയി പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പോലും തൻ്റെ വ്യക്തിത്വം മുറുകെപ്പിടിച്ചു തന്നെ ആയിരുന്നു വി വി പ്രകാശിൻ്റെ പ്രചരണം. വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങൾ നിറഞ്ഞ പ്രചരണ രംഗത്തും വി വി പ്രകാശ് തൻ്റെ വ്യക്തിത്വം കാത്ത് സൂക്ഷിക്കുന്ന നിലപാട് തന്നെ ആണ് ഉയർത്തിപ്പിടിച്ചത്. രാഷ്ട്രീയം പറഞ്ഞ് വേണം വോട്ട് പിടിക്കാൻ എന്ന വി വി പ്രകാശിൻ്റെ വിശദീകരണത്തിൽ നിലപാടുകൾ വ്യക്തമായിരുന്നു.

വി വി പ്രകാശിൻ്റെ വിയോഗം ഒരിക്കലും മലപ്പുറത്തെ യുഡിഎഫിന് പരിഹരിക്കാൻ കഴിയില്ല. കാരണം ലീഗ് കോൺഗ്രസ് ബന്ധം ഇത്രയും ഉറപ്പുള്ളതാക്കി മാറ്റിയത് വി വി പ്രകാശിൻ്റെ നിലപാടുകൾ ആണ്. അദ്ദേഹം ഡി സി സി അധ്യക്ഷൻ ആയി വരും മുമ്പ് ജില്ലയിൽ പലയിടത്തും ലീഗ് കോൺഗ്രസ് തർക്കങ്ങൾ പതിവായിരുന്നു. തെരഞ്ഞെടുപ്പുകളിൽ ലീഗും കോൺഗ്രസും പരസ്പരം കൊമ്പ് കോർക്കലും കാലുവാരലുകളും പതിവായി. ഇതിനെല്ലാം ഒരു പരിധി വരെ പരിഹാരം കാണാൻ വി വി പ്രകാശിൻ്റെ സൗമ്യ നിലപാടുകൾ കൊണ്ട് സാധിച്ചു. മുൻപില്ലാത്ത വിധം ഐക്യത്തോടെയും കെട്ടുറപ്പോടെയും മലപ്പുറത്തെ യുഡിഎഫ് കരുത്താർജിച്ചതിന് പിന്നിൽ വി വി പ്രകാശിൻ്റെ സമവായ സമന്വയ നീക്കങ്ങൾ തന്നെ ആയിരുന്നു. സി എ എ വിരുദ്ധ സമര കാലത്ത് അദ്ദേഹം നടത്തിയ ഉപവാസ സമരവും ജില്ലാ പദയാത്രയും ഗാന്ധിയൻ സമര വീര്യവും ശൈലിയും കൊണ്ടു തന്നെ വേറിട്ടത് ആയിരുന്നു.

Also Read- VV Prakash| 'നഷ്ടമായത് സ്നേഹസമ്പന്നനായ സഹോദരനെ': ചെന്നിത്തല; 'പ്രതിസന്ധി ഘട്ടങ്ങളിൽ കരുത്ത് പകർന്ന സഹപ്രവർത്തകൻ': കുഞ്ഞാലിക്കുട്ടി; വിവി പ്രകാശിനെ അനുസ്മരിച്ച് നേതാക്കൾ

രാഷ്ട്രീയ ജീവിതത്തിൽ അർഹമായ പലതും അദ്ദേഹത്തിന് വിട്ടുവീഴ്ചകളുടെ ഭാഗമായി വിട്ടു കൊടുക്കേണ്ടി വന്നിട്ടുണ്ട്. അന്നൊന്നും ആരോടും ഒരു പരിഭവവും പറയാതെ സ്വത സിദ്ധമായ മന്ദഹാസത്തിൽ എല്ലാം ഒളിപ്പിച്ചു വി വി പ്രകാശ്. കാത്തിരിപ്പുകൾക്ക് ഒടുവിൽ ജന്മനാട്ടിൽ തെരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചപ്പോൾ അതിൻ്റെ ഫലം അറിയാൻ വിധിയും അനുവദിച്ചില്ല. രണ്ടാം തീയതി നിലമ്പൂരിലെ വോട്ടർമാർ കുറിച്ച വിധി , അത് എന്ത് തന്നെ ആയാലും അറിയാൻ വി വി പ്രകാശ് കൂടെയില്ല... മിഴിയിൽ നിന്ന് ഇറ്റ് വീഴാത്ത കണ്ണീർ തുള്ളി പോലെ വി വി പ്രകാശ് എന്ന വ്യക്തി എന്നും ജനഹൃദയങ്ങളിൽ ജീവിക്കും...ഒന്നുറപ്പ് ആണ് ഇനിയുണ്ടാകില്ല ഇത് പോലെ ഒരു നേതാവ്.
Published by:Rajesh V
First published:
)}