എൽഡിഎഫ് തിളങ്ങി; യുഡിഎഫിന് നേട്ടം; ബിജെപിക്ക് വട്ടപ്പൂജ്യം

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും ലഭിക്കാതെ മൂന്നാം സ്ഥാനത്തായിരുന്ന ബി.ജെ.പി ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ ഉള്‍പ്പെടെ നാലിടങ്ങളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഇതെല്ലാം തെക്കന്‍ ജില്ലകളിലാണെന്നതാണ് ശ്രദ്ധേയം.

news18
Updated: February 16, 2019, 2:10 PM IST
എൽഡിഎഫ്  തിളങ്ങി;  യുഡിഎഫിന് നേട്ടം; ബിജെപിക്ക് വട്ടപ്പൂജ്യം
malayalamnews18.com
  • News18
  • Last Updated: February 16, 2019, 2:10 PM IST
  • Share this:
തിരുവനന്തപുരം: ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 30 തദ്ദേശവാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സീറ്റുകളുടെ എണ്ണം മാത്രമല്ല, മുന്നണികള്‍ നേടിയ വോട്ടും ലോക്സഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. കാസര്‍ഗോഡ് , ഇടുക്കി ഒഴികെ 12 ജില്ലകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 16 സീറ്റിലും യു.ഡി.എഫ് 12 ലുമാണ് വിജയിച്ചത്. അതേസമയം ബി.ജെ.പിക്ക് സീറ്റൊന്നും നേടാനായില്ല.

സീറ്റുകളുടെ എണ്ണത്തില്‍ ഇടതു മുന്നണിയാണ് മുന്നിട്ടു നില്‍ക്കുന്നതെങ്കിലും അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്ത് 12 ഇടത്ത് വിജയിച്ച യു.ഡി.എഫാണ് നേട്ടമുണ്ടാക്കിയതെന്നു പറയേണ്ടി വരും. മൂന്നു സീറ്റുകള്‍ മാത്രമാണ് ഇടതു മുന്നണിക്ക് പിടിച്ചെടുക്കാനായത്. കഴിഞ്ഞ തവണ 30 സീറ്റില്‍ എല്‍ഡിഎഫ് 18 (ജനതദള്‍ യു വന്നപ്പോള്‍), യു.ഡി.എഫ് 11 (ജനതാ ദള്‍ പോയപ്പോള്‍), ആര്‍.എം.പി ഒന്ന്, എന്നിങ്ങനെയായിരുന്നു വിജയം. ബി.ജെ.പിക്ക് സിറ്റിങ് സീറ്റ് ഇല്ലായിരുന്നു എന്നതും ശ്രദ്ധേയം.

തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് പഞ്ചായത്തിലുള്ള ചാമവിളപ്പുറം, ആലപ്പുഴ കരുവാറ്റ പഞ്ചായത്തിലെ നാരായണവിലാസം, നീണ്ടൂരിലെ കൈപ്പുഴ പോസ്റ്റ് ഓഫീസ് വാര്‍ഡ്, എറണാകുളത്തെ കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടി, വയനാട് നെന്മേനി ഗ്രാമപഞ്ചായത്തിലെ മംഗലം എന്നീ വാര്‍ഡുകളാണ് ഇടതു മുന്നണിയില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തത്.

എറണാകുളം കോര്‍പറേഷനിലെ വൈറ്റില, മലപ്പുറം കാവന്നൂര്‍ പഞ്ചായത്തിലെ ഇളയൂര്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങില്‍ ലാണ് എല്‍.ഡി.എഫ് യു.ഡി.എഫിനു മേല്‍ അട്ടിമറി വിജയം നേടിയത്.

പാലക്കാട് മുനിസിപ്പാലിറ്റിയിലെ കല്‍പ്പാത്തി വാര്‍ഡില്‍ കോണ്‍ഗ്രസിന് ഇക്കുറി അഭിമാന പോരാട്ടമായിരുന്നു. നേരത്തെ കൗണ്‍സിലാറിയി തെരഞ്ഞെടുക്കപ്പെട്ട വി.ശരവണന്‍ ബി.ജെ.പിയിലേക്കു പോയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കുകയും ബിജെ.പി മൂന്നാം സ്ഥാനത്താകുകയും ചെയ്തു.

യു.ഡി.എഫ് ഭരിച്ചിരുന്ന മലപ്പുറത്തെ തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഭരണം പിടിച്ചെടുക്കാനായത് ഇടതു മുന്നണിക്ക് രാഷ്ട്രീയ നേട്ടമായി. 15 അംഗ ബ്ലോക്ക് പഞ്ചായത്ത് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ഭരിച്ചിരുന്നത്. ജില്ലയിലെ തന്നെ ഇളയൂര്‍ വാര്‍ഡില്‍ അട്ടിമറി വിജയം നേടിയതോടെ കാവന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭരണവും ഇടതു മുന്നണി സ്വന്തമാക്കി. ലീഗ് വിമതയുടെ സന്നിധ്യമാണ് ഇവിടെ ഇടതു മുന്നണിക്ക് തുണയായത്.

ഒഞ്ചിയത്ത് ആര്‍.എം.പി സ്ഥാനാര്‍ഥിയാണ് ഇക്കുറിയും വിജയിച്ചത്. എന്നാല്‍ യു.ഡി.എഫ് പിന്തുണയുണ്ടായിട്ടും ഭൂരിപക്ഷം 840-ല്‍ നിന്നും 308 ആയി കുറയ്ക്കാനായത് സി.പി.എമ്മിന് ആശ്വാസം പകരുന്നതാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും ലഭിക്കാതെ മൂന്നാം സ്ഥാനത്തായിരുന്ന ബി.ജെ.പി ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ ഉള്‍പ്പെടെ ആറിടങ്ങളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഇതിൽ നാലെണ്ണം തെക്കന്‍ ജില്ലകളിലാണെന്നതാണ് ശ്രദ്ധേയം. ഇതില്‍ രണ്ടു വാർഡുകളിൽ എല്‍.ഡി.എഫും നാലിടത്ത് യു.ഡി.എഫും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യു.ഡി.എഫ് വിജയിച്ച തിരുവനന്തപുരത്തെ  ഒറ്റശേഖരമംഗലം പാഞ്ചായത്തുിലാണ് ഇടതു മുന്നണിയെ മൂന്നാം സ്ഥാനത്താക്കി ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയത്. ഇടതു സ്ഥാനാര്‍ഥി വിജയിച്ച തൃശൂർ ചാഴൂർ ഗ്രാമപഞ്ചായത്തിലെ കോലോത്തുംകടവിലും കൊല്ലം ചിറ്റുമല ബ്ലോക്ക് ഡിവിഷനിലും പത്തനംതിട്ടയിലെ റാന്നി പഞ്ചായത്ത് വാര്‍ഡിലും കൈനകരി പഞ്ചായത്തിലെ വാർഡിലും  ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.   ഈ മൂന്നു വാര്‍ഡിലും യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. പാലക്കാട് മുനിസിപ്പാലിറ്റിയിലെ കല്പാത്തിയിലും ബിജെപിയാണ് രണ്ടാമത്. കഴിഞ്ഞ തവണ മൃഗീയ ഭൂരിപക്ഷത്തിന് വിജയിച്ച വാര്‍ഡികളില്‍ തുച്ഛമായ വോട്ടിന് കടന്നുകൂടിയതും എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികളുടെ ഉറക്കം കെടുത്തുന്നതാണ്.

Also Read ഉപതെരഞ്ഞെടുപ്പ്: 30 സീറ്റിലെ ഫലത്തേക്കുറിച്ച് അറിയേണ്ടതെല്ലാം
First published: February 15, 2019, 6:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading