സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് ഇന്ന് കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക്. നാളെ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ഉച്ചയോടെ കെ.വി തോമസ് പുറപ്പെടുമെന്നാണ് വിവരം. സെമിനാറിൽ പങ്കെടുത്താൽ കെ.വി തോമസിനെതിരെ കോൺഗ്രസ് നടപടിയെടുക്കും. ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ വെല്ലുവിളിച്ച മുൻ കെ.വി തോമസിനെതിരെ കെപിസിസിക്ക് നടപടി എടുക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചിരുന്നു. സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ച കെ.വി തോമസ് കോൺഗ്രസില്‍ നിന്ന് കനത്ത അപമാനമാണ് തനിക്ക് ഏൽക്കേണ്ടി വന്നതെന്ന് തുറന്നടിച്ചിരുന്നു.
തോമസിന്‍റെ വരവ് ഇടതിന് നേട്ടം
കോണ്‍ഗ്രസ് നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നില്‍ക്കുന്ന കെ.വി തോമസിനെ ഇടത് പാളയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ സിപിഎമ്മിന് അത് രാഷ്ട്രീയ നേട്ടമാകും. പ്രത്യേകിച്ച് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള ഈ നീക്കങ്ങൾ സിപിഎമ്മിന് ഗുണം ചെയ്യും. കോൺഗ്രസിൽ നിന്ന് പുറത്തു പോകേണ്ടി വന്നാൽ കെ.വി തോമസ് വഴിയാധാരമാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്ത ശേഷം സിപിഎം നടപ്പാക്കാന്‍ ശ്രമിക്കുന്ന പ്രധാന തന്ത്രമാണ് നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന കോൺഗ്രസ് നേതാക്കളുടെ കൂടുമാറ്റം. കോൺഗ്രസ് ബന്ധം പൂർണമായി ഉപേക്ഷിച്ച് വരാന്‍ തയാറായാല്‍ ഇതുവരെ വന്നവരിൽ സിപിഎമ്മിന് ഏറ്റവും വലിയ നേട്ടമാകും മുന്‍ കേന്ദ്രമന്ത്രി കൂടിയായ കെ.വി തോമസ്. കോൺഗ്രസ് പുറത്താക്കുകയോ അല്ലെങ്കില്‍ സ്വയം പുറത്തുവരികയോ ചെയ്താല്‍ കെ.വി തോമസിന് ഒപ്പം സിപിഎം ഉണ്ടാകും എന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി കഴിഞ്ഞു.
Also Read- തലതൊട്ടപ്പന്മാരും വിവാദങ്ങളും; കുമ്പളങ്ങി മുതൽ ജനപഥ് വരെ കെ വി തോമസിന്റെ രാഷ്ട്രീയ രസതന്ത്രം
ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കങ്ങള്‍ ആസുത്രണം ചെയ്യുന്ന പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലേക്ക് കെ.വി തോമസിനെ കൊണ്ടുവരുന്നതിലൂടെ ദേശീയ തലത്തില്‍ ബിജെപി എതിര്‍ക്കാന്‍ ഞങ്ങള്‍ക്കെ സാധിക്കു എന്ന് പ്രഖ്യാപിച്ചിരുന്ന കോണ്‍ഗ്രസിന് സിപിഎം ശക്തമായ മറുപടിയും നല്‍കുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരാനിരിക്കേ എറണാകുളത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ കെ.വി തോമസ് സിപിഎമ്മുമായി അടുക്കുന്നത് മുതൽക്കൂട്ടാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. കെ വി തോമസ് സിപിഎമ്മിലേക്ക് എത്തിയാൽ പ്രായം കണക്കിലെടുക്കുമ്പോൾ പാർട്ടി പദവികളിലെ പരിഗണനയ്ക്ക് തടസങ്ങളുണ്ട്. എന്നാലും സഹയാത്രികനായി ഒപ്പം കൂട്ടാന്‍ സിപിഎമ്മിനാകും. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കെ.വി തോമസ് സ്ഥാനാർത്ഥിയായി എത്തിയാലും അത്ഭുതപ്പെടാനാകില്ല. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി അടക്കം മുൻ കേന്ദ്ര മന്ത്രിക്ക് മുന്നിൽ നിരവധി അവസരങ്ങൾ സിപിഎം നല്‍കാനും ഇടയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CPM Party Congress, Kpcc, KV Thomas