• HOME
  • »
  • NEWS
  • »
  • kerala
  • »
  • POLITICAL PARTY FLOATED BY JOSE K MANI TO WORK IN CADRE PATTERN RV TV

ജോസ് കെ മാണിയുടെ പാർട്ടി ഇനി കേഡർ സ്വഭാവത്തിൽ; ഭരണഘടന തിരുത്തി

സിപിഎം മാതൃകയിൽ കൂടുതൽ പോഷക സംഘടനകളെ രൂപീകരിക്കാനും കേരള കോൺഗ്രസ്-എം തീരുമാനിച്ചു.

ജോസ് കെ മാണി

ജോസ് കെ മാണി

  • Share this:
കോട്ടയം: ഏറെക്കാലത്തെ കൂടിയാലോചനയ്ക്ക് ശേഷമാണ് കേരള കോൺഗ്രസ്-എം കേഡർ പാർട്ടി ആക്കി മാറ്റുന്നത്. ഇന്ന് കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് ഇക്കാര്യത്തിൽ അന്തിമമായ തീരുമാനം കൈകൊണ്ടത്. കേഡർ പാർട്ടി ആക്കി മാറ്റുന്നതിന് ആവശ്യമായ ഭരണഘടന ഭേദഗതി വരുത്താൻ പാർട്ടി തീരുമാനിച്ചതായി യോഗത്തിനുശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ജോസ് കെ മാണി വ്യക്തമാക്കി. പാര്‍ട്ടിയെ രാഷ്ട്രീയമായും സംഘടനാപരമായും ശക്തിപ്പെടുത്തുന്നതിനും പാര്‍ട്ടിയുടെ ബഹുജന അടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനുമായി പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ ജോസ് കെ.മാണി അറിയിച്ചു. 

പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈനായി സ്വീകരിക്കാവുന്ന സാധാരണ അംഗത്വം, കൂടുതല്‍ കേഡര്‍മാരെ കണ്ടെത്തുന്നതിനായി സജീവ അംഗത്വം എന്നീ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് മെമ്പര്‍ഷിപ്പില്‍ വരുത്തിയ ഭേദഗതിയാണ് ഏറ്റവും പ്രധാനം. ലോകത്തെവിടെയുമുള്ള കേരളാ കോണ്‍ഗ്രസ്സ് (എം) അനുഭാവികള്‍ക്ക് ഓണ്‍ലൈനായി സാധാരണ അംഗത്വം കരസ്ഥമാക്കാവുന്നതാണ്. സജീവ അംഗത്വമുള്ളവര്‍ക്ക് മാത്രമെ പാര്‍ട്ടിയുടെ സംഘടനാ തെരെഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനും മത്സരിക്കാനും ഭാരവാഹി ആകുവാനും അവകാശം ഉണ്ടായിരിക്കുകയുള്ളൂ എന്നും ജോസ് കെ മാണി വ്യക്തമാക്കി.

താഴെ തട്ട് മുതലുള്ള പാര്‍ട്ടി കമ്മറ്റികളെ ചലനാത്മകമാക്കുന്നതിനും പാര്‍ട്ടി ഭാരവാഹികള്‍ക്ക് സംഘടനാപരമായി കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നതിനും ഭരണഘടനാ ഭേഗഗതി ലക്ഷ്യമിടുന്നതായി ജോസ് കെ മാണി പറഞ്ഞു. വാര്‍ഡ് കമ്മറ്റി മുതല്‍ സംസ്ഥാന ഉന്നതാധികാര സമിതി വരെയുള്ള വിവിധ പാര്‍ട്ടി ഘടകങ്ങളിലെ അംഗങ്ങളുടെയും, ഭാരവാഹികളുടെയും എണ്ണം മുമ്പുണ്ടായിരുന്നതില്‍ നിന്നും കുറക്കുന്നതിനും തീരുമാനിച്ചു. നിലവില്‍ 111 അംഗങ്ങളുണ്ടായിരുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയില്‍ ഇനി 91 പേര്‍ മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 25 ല്‍ നിന്നും 15 ആയി കുറയ്ക്കുവാനും സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ പേര് സംസ്ഥാന സെക്രട്ടേറിയറ്റ് എന്നാക്കുവാനും തീരുമാനിച്ചു.

സിപിഎം മാതൃകയിൽ കൂടുതൽ പോഷക സംഘടനകളെ രൂപീകരിക്കാനും കേരള കോൺഗ്രസ്-എം തീരുമാനിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ഇടയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ പോഷകസംഘടനകളും ഫോറങ്ങളും രൂപീകരിക്കും. സംസ്കാരവേദി, കേരളാ കോണ്‍ഗ്രസ്സ് പ്രഫഷണല്‍സ് ഫോറം, കേരള പ്രവാസി കോണ്‍ഗ്രസ്സ് (എം), എക്‌സ് സര്‍വ്വീസ്‌മെന്‍ ഫോറം, കേരള സഹകാരി ഫോറം എന്നിവ പുതുതായി രൂപീകരിക്കുക എന്നതാണ് ഇതിൽ പ്രധാനം.

Also Read- 'അവനുള്ള ഡിസ്മസിൽ അടിച്ചിട്ടേ, ഞാൻ നിങ്ങളുടെ വീട്ടിൽ വരൂ'; വിസ്മയയുടെ അച്ഛനോട് അന്ന് മന്ത്രി ആന്റണി രാജു പറഞ്ഞത്

അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം പാര്‍ട്ടിയില്‍ ഉറപ്പുവരുത്തുന്നതിനായി വാര്‍ഡ് തലം മുതല്‍ ഭാരവാഹികളില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തും. കൂടുതല്‍ സ്ത്രീകളെ  സംഘടനാരംഗത്ത് കൊണ്ടുവരുന്നതിനായി വിവിധ കമ്മിറ്റികളില്‍ വനിതാ പ്രതിനിധ്യം ഉറപ്പുവരുത്താനും തീരുമാനമായി.

കേരളാ കോണ്‍ഗ്രസ്സ് (എം) ല്‍ സംഘടനാ തെരെഞ്ഞെടുപ്പ് ആരംഭിക്കുവാനും തീരുമാനമായി. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വാര്‍ഡ് തലം മുതലുള്ള സംഘടനാ തെരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചിക്കും.
Published by:Rajesh V
First published:
)}