'ഓഫീസില്‍ ചായകൊടുക്കുന്നവരെയല്ല സ്ഥാനാര്‍ഥിയാക്കേണ്ടത്'; ടോം വടക്കനെ 'ബ്ലോക്കിയത്' സേനാപതി വേണുവിന്റെ പ്രസംഗം

എഐസിസി ഓഫീസില്‍ ചായകൊടുക്കാന്‍ വരുന്നവര്‍ക്കും തൂപ്പിനുവരുന്നവര്‍ക്കുമല്ല തെരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ നല്‍കേണ്ടത്

news18
Updated: March 28, 2019, 5:10 PM IST
'ഓഫീസില്‍ ചായകൊടുക്കുന്നവരെയല്ല സ്ഥാനാര്‍ഥിയാക്കേണ്ടത്'; ടോം വടക്കനെ 'ബ്ലോക്കിയത്' സേനാപതി വേണുവിന്റെ പ്രസംഗം
tom vadakkan
  • News18
  • Last Updated: March 28, 2019, 5:10 PM IST
  • Share this:
#ലിജിൻ കടുക്കാരം

 

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലെ മലയാളി മുഖമായിരുന്ന ടോം വടക്കനെ ബിജെപിയില്‍ ചേക്കേറാന്‍ പ്രേരിപ്പിച്ചത് സ്ഥാനാര്‍ഥിത്വത്തില്‍ അവഗണിക്കപ്പെടുന്നതും എക്കാലത്തും അധികാര രഷ്ട്രീയത്തിനൊപ്പം നില്‍ക്കാനുള്ള താല്‍പ്പര്യവുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിക്കാന്‍ അരയും തലയും മുറുക്കി വടക്കന്‍ രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ കേവലമൊരു ബ്ലോക്ക് പ്രസിഡന്റിനെ കളത്തിലിറക്കിയ സംസ്ഥാന നേതാക്കള്‍ വടക്കന്റെ സ്ഥാനാര്‍ഥി മോഹം അരിഞ്ഞുവീഴ്ത്തി. ഇടുക്കി ജില്ലയിലെ സേനാപതി ബ്ലോക്ക് പ്രസിഡന്റായിരുന്ന സേനാപതി വേണുവാണ് നേതൃയോഗത്തില്‍ വടക്കനെ പൊളിച്ചടുക്കിയത്.

വടക്കേ ഇന്ത്യയില്‍ നടന്ന കോണ്‍ഗ്രസ് മണ്ഡലം- ബ്ലോക്ക് പ്രസിഡന്റുമാരുടെ നേതൃയോഗത്തിലാണ് കേരള നേതാക്കളുടെ ഒത്താശയില്‍ സേനപതി വേണു വടക്കനെതിരെ ആഞ്ഞടിച്ചത്. എഐസിസി ഓഫീസില്‍ ചായകൊടുക്കാന്‍ വരുന്നവര്‍ക്കും തൂപ്പിനുവരുന്നവര്‍ക്കുമല്ല തെരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ നല്‍കേണ്ടത് എന്നായിരുന്നു വേണുവിന്റെ പ്രസംഗം. അക്കാലത്ത് വന്‍ കൈയ്യടിയോടെയാണ് സദസ് ഹിന്ദിയിലുള്ള ഈ പ്രസംഗം കേട്ടത്. 2008 ലെ ഈ പ്രസംഗമാണ് 2009 ല്‍ തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകേണ്ടിയിരുന്ന ടോം വടക്കന് തിരിച്ചടിയായത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലും ഒളിഞ്ഞും തെളിഞ്ഞും സ്ഥാനാര്‍ഥിത്വത്തിനായി ടോം വടക്കന്‍ കരുക്കള്‍ നീക്കിത്തുടങ്ങിയെങ്കിലും സേനാപതിയുടെ പ്രസംഗം വിനയാവുകയായിരുന്നു.

Also Read: കോണ്‍ഗ്രസ് വക്താവ് ടോം വടക്കനും ബിജെപിയില്‍

ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ടോം വടക്കന്‍ രാജീവ് ഗാന്ധിയുടെ കാലത്ത് ദേശീയ പരതി പരിഹാര സെല്‍ കണ്‍വീനറായിരുന്നു. പിന്നീട് മീഡിയ കോര്‍ഡിനേറ്ററായും പാര്‍ട്ടി വക്താവായുമൊക്കെ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ടോം വടക്കനെന്ന തൃശൂര്‍ സ്വദേശി എഐസിസി സെക്രട്ടറിയുടെ കസേരയില്‍ വരെയെത്തി. ഇതിനിടെ വടക്ക് കിഴക്കന്‍ സംസഥാനങ്ങളുടെയും ആന്ധ്രപ്രദേശിന്റെയും സംഘടനാ ചുമതലയും ലഭിച്ചു. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആറുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

തുടര്‍ച്ചയായി ഏഴു വര്‍ഷം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഭാസ്‌കരാചാര്യ കോളേജ് ഓഫ് അപ്ലെയ്ഡ് സയന്‍സിന്റെ ചെയര്‍മാനായും വടക്കന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ദീന്‍ ദയാല്‍ ഉപാദ്യായ കോളേജ് ചെയര്‍മാനായും യുഎന്‍ അംഗീകൃതമായ ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ ഫോറത്തിന്റെ മെമ്പര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ദേശീയ ഫിലിം സെന്‍സര്‍ ബോര്‍ഡിലും കേരള സംസ്ഥാന ഫിലിം ബോര്‍ഡിലെ പ്രതിനിധി അംഗമായും ടോം വടക്കന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Also Read:  'ചൈനയ്ക്ക് രക്ഷാസമിതി അംഗത്വം സമ്മാനിച്ചത് നിങ്ങളുടെ മുതുമുത്തച്ഛൻ'; രാഹുലിനെ ഓർമിപ്പിച്ച് ബിജെപി

കോണ്‍ഗ്രസിന്റെ ദേശീയ നോതൃത്വത്തില്‍ ശക്തനായെങ്കിലും വടക്കനെ അംഗീകരിക്കാനുള്ള വിശാല മനസ്‌കത ഗ്രൂപ്പിനതീതമായി കേരളത്തിലെ നേതാക്കള്‍ക്കുണ്ടായില്ല. ഇതാണ് ദേശീയ നേതൃത്വത്തിന്റെ ഭാഗമായിട്ടും വടക്കനെ പരസ്യമായി വിമര്‍ശിക്കാന്‍ ഇടുക്കിയിലെ പ്രാദേശിക നേതാവിന് ധൈര്യം നല്‍കിയത്.

2009 ല്‍ മത്സരിക്കാനായില്ലെങ്കിലും ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ യുപിഎ ചെയര്‍പേഴ്‌സ്ണും കോണ്‍ഗ്രസ് അധ്യക്ഷയുമായിരുന്ന സോണിയ ഗാന്ധിയുടെ വിശ്വസ്ത വലയത്തിലായിരുന്നു ടോം വടക്കന്‍. കഴിഞ്ഞയാഴ്ചവരെയും ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ദേശീയ ചാനലുകളില്‍ വടക്കന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ തൃശൂരില്‍ നിന്ന് മത്സരിക്കാനുള്ള മോഹം ന്യൂസ്18 നോട് പരസ്യമാക്കിയതും കഴിഞ്ഞദിവസമായിരുന്നു. ആ അഭിമുഖത്തിലും മോദിയ്ക്കും ആര്‍എസ്എസിനുമെതിരെ വടക്കന്‍ ആഞ്ഞടിച്ചിരുന്നു. തൃശൂരല്ലെങ്കില്‍ പാര്‍ട്ടി പറയുന്ന ഏത് മണ്ഡലത്തിലായാലും മത്സരിക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പറയുന്ന എന്തും താന്‍ അംഗീകരിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തൃശൂരിലെ എല്ലാ മതക്കാരില്‍ നിന്നും തനിക്ക് പിന്തുണയുണ്ടെന്നും ഒരു സെക്കുലര്‍ നേതാവാണ് താനെന്നുമാണ് ടോം വടക്കന്‍ അവകാശപ്പെട്ടത്.

ഏത് വിഷയത്തിലും കോണ്‍ഗ്രസിന്റെ നിലപാടുകള്‍ അറിയാനും പ്രതികരണം ലഭിക്കാനും മാധ്യമങ്ങള്‍ക്ക് പെട്ടെന്ന് സമീപിക്കാന്‍ കഴിയുന്ന ദേശീയ നേതാവായിരുന്നു ടോം വടക്കന്‍. ദേശീയ നേതൃത്വത്തിന്റെ വിശ്വസ്തനും എഐസിസി സെക്രട്ടറിയുമൊക്കെയായെങ്കിലും ടോം വടക്കനെന്ന കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അടുത്തറിഞ്ഞത് ചാനല്‍ ചര്‍ച്ചകളിലൂടെയാണ്. അതുകൊണ്ടുതന്നെ സ്വന്തമായി അണികളെ കേരളത്തില്‍പോലും ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചില്ലെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ പറയുന്നത്.

First published: March 14, 2019, 4:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading