#അനീഷ് അനിരുദ്ധന്
തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാതെ സര്‍ക്കാരിന്റെ വനിതാ മതിലിന് പിന്തുണ നല്കിയ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട് മാറ്റം ചര്‍ച്ചയാകുന്നു. എന്‍.ഡി.എ കണ്‍വീനര്‍ കൂടിയായ തുഷാറിന്റെ മലക്കം മറിച്ചില്‍ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളെയും അമ്പരപ്പിച്ചിട്ടുണ്ട്.
ശബരിമല പ്രതിഷേധങ്ങളിലൊക്കെ ബി.ജെ.പിക്കൊപ്പം നിലയുറപ്പിച്ചിരുന്ന ബി.ഡി.ജെ.എസിന്റെ പൊടുന്നനെയുള്ള നിലപാട് മാറ്റം എന്‍.ഡി.എ വിടുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് മാത്രം പിന്തുണയുമായെത്തിയ കക്ഷികളെ മുന്നണിയിലെടുത്ത സാഹചര്യത്തില്‍ എല്‍.ഡിഎഫ് പ്രവേശനമാണ് തുഷാറും ലക്ഷ്യമിടുന്നതെന്നു വ്യക്തം.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചതിനു പുറമെ വനിതാ മതിലിലും അണിചേരുന്നത് വെള്ളാപ്പള്ളി നടേശനെ സിപിഎമ്മിന് അഭിമതനാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുഷാറിന്റെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസ് ഇടതു മുന്നണിയില്‍ എത്തുന്നതിനെ സി.പി.എം നേതാക്കളും സ്വാഗതം ചെയ്യുമെന്ന് ഉറപ്പാണ്. നിലവില്‍ മുന്നണിയിലെത്തിയ പല പാര്‍ട്ടികളെക്കാള്‍ പലമണ്ഡലങ്ങളിലും ബി.ഡി.ജെ.എസിന് സ്വാധീനവുമുണ്ട്. പാര്‍ട്ടിയുടെ ശക്തിയും എസ്.എന്‍.ഡി.പിയുടെ പിന്തുണയും രാഷ്ട്രീയ നേതാവെന്ന നിലയില്‍ തുഷാറിന് ഗുണകരമാകുകയും ചെയ്യും. വീണുകിട്ടിയ അവസരം മുതലെടുത്ത് രാഷ്ട്രീയമായി സുരക്ഷിതമായ താവളം തേടണമെന്ന അഭിപ്രായം ബി.ഡി.ജെ.എസ് നേതാക്കള്‍ക്കിടയിലും ശക്തമാണ്.
അയ്യപ്പജ്യോതിയില്‍ ബി.ഡി.ജെ.എസ് പങ്കെടുക്കാത്തതില്‍ സംഘപരിവാര്‍ സംഘടനയില്‍ അതൃപ്തി പുകയുന്നതിനിടെയാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ തുഷാര്‍ വനിതാ മതിലിന് രാഷ്ട്രീയമില്ലെന്നും പിന്തുണയ്ക്കുന്നുവെന്നും വ്യക്തമാക്കിയത്.
അതേസമയം മുന്നണി വിടണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്ന വെള്ളാപ്പള്ളി നടേശന് ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ തുടരണമെന്ന് പറഞ്ഞതും ശ്രദ്ധേയമാണ്. ബി.ജെ.പിയെ ശത്രുപക്ഷത്താക്കാതെ ബി.ഡി.ജെ.എസിനെ ഇടതു മുന്നണിയില്‍ എത്തിക്കുകയെന്ന തന്ത്രമാണ് ഇവിടെ വെള്ളാപ്പള്ളി പയറ്റുന്നതെന്നു വ്യക്തം.
ഇതിനു വേണ്ടിയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ ബി.ജെ.പിയുടെ അതേ നിലപാട് വെള്ളാപ്പള്ളി നടേശനും ഇന്ന് സ്വീകരിച്ചത്. എന്‍.ഡി.എയില്‍ നിന്നും ബി.ഡി.ജെ.എസ് പിന്‍വാങ്ങിയാലും തുഷാറിനെ ശത്രുപക്ഷത്താക്കാണമോയെന്ന് ബി.ജെ.പി നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് വെള്ളാപ്പള്ളിയുടെ ഈ നിലപാട് മാറ്റം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.