കൊച്ചി: കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയിൽ വീണ്ടും പരിശോധന. മലിനീകരണ നിയന്ത്രണ ബോർഡിലെയും കൃഷി വകുപ്പിലെയും ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കമ്പനിയിൽ നിന്നുള്ള വെള്ളം പുറത്തേക്ക് ഒഴുകുന്നതിനെക്കുറിച്ച് ആയിരുന്നു പരിശോധന. കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയിൽനിന്ന് പുറത്തേക്ക് ജലം ഒഴുക്കുന്നുവെന്നും ഇത് മലിനീകരണ പ്രശ്നം ഉണ്ടാക്കുന്നതെന്നും പരാതി ഉയർന്നിരുന്നു.
ജില്ലാ വികസന സമിതിയിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം കളക്ടർ ഇതിനെ കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിലെയും കൃഷിവകുപ്പിലെയും ഉദ്യോഗസ്ഥർ സംയുക്തമായാണ് പരിശോധന നടത്തിയത്. രാവിലെ ആരംഭിച്ച പരിശോധന ഉച്ചവരെ നീണ്ടു. കമ്പനിയിൽ നിന്ന് പുറംതള്ളുന്ന വെള്ളം സമീപത്തെ കൃഷിയിടങ്ങളിലേക്ക് ഒഴുക്കുന്നതിനായാണ് അനുമതി നൽകിയിരുന്നത്. ഈ വെള്ളം കൃഷിയിടങ്ങളിലേക്ക് തന്നെയാണ് ഒഴുക്കി വിട്ടിരിക്കുന്നതെന്ന് പരിശോധനയിൽ വ്യക്തമായി.
ഉദ്യോഗസ്ഥർ പരിശോധനക്കെതിരെ രൂക്ഷവിമർശനമാണ് കിറ്റക്സ് എംഡി സാബു എം ജേക്കബ് നടത്തിയത്. 15,000 പേര് പണിയെടുക്കുന്ന കിറ്റെക്സ് കൂടി പൂട്ടിയ്ക്കുകയാണ് ചിലരുടെ ലക്ഷ്യമെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയര്മാന് സാബു എം ജേക്കബ് ആരോപിച്ചു.
വ്യവസായ ശാലകളില്‍ തുടര്‍ച്ചയായ പരിശോധനയും മിന്നല്‍ പരിശോധനയും ഉണ്ടാവുകയില്ലെന്നും ഇതിനായി കേന്ദ്രീകൃത സംവിധാനം ഒരുക്കുമെന്നും വ്യവസായ മന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴാണ് കിറ്റെക്സില്‍ വീണ്ടും വീണ്ടും പരിശോധനയെന്നതാണ് വിരോധാഭാസം.സര്‍ക്കാരും മന്ത്രിമാരും എന്ത് പറഞ്ഞാലും ഉദ്യോഗസ്ഥരാജാണ് കേരളത്തില്‍ ഭരണം നടത്തുന്നതെന്നതിന്റെ തെളിവുകൂടിയാണിത്. ഇതിനെയാണോ ഏകജാലക വ്യവസായ-സംരംഭക സൗഹൃദം എന്ന് വിളിക്കുന്നതെന്നും സാബു എം ജേക്കബ് ചോദിച്ചു.
പതിമൂന്നാം തവണയാണ് ഉദ്യോഗസ്ഥർ കിറ്റക്സിൽ പരിശോധന നടത്തുന്നത്. നേരത്തെ തുടർ പരിശോധനയുടെ പേരിൽ കേരളത്തിൽ നടത്താനിരുന്ന 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റക് സ് ഗ്രൂപ്പ് പിന്മാറിയിരുന്നു. തെലുങ്കാനയിൽ ആണ് പദ്ധതി കിറ്റക്സ് നടപ്പാക്കുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.