വോട്ട് പിടിക്കണമെങ്കിൽ മണ്ഡലത്തിൽ പോവുകയോ ജനങ്ങളെ കാണുകയോ ജനങ്ങൾ സ്ഥാനാർഥിയെ കാണുകയോ വേണമെന്നില്ല. സമൂഹമാധ്യമങ്ങള്‍ മാത്രം ഉപയോഗിച്ച് എങ്ങനെ വോട്ടു നേടാം എന്നു കാട്ടിത്തന്നിരിക്കുകയാണ് പൊന്നാനിയിലെ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി.16,288 വോട്ട് നേടിയ സമീറ മൂത്തേടത്ത് ആണ് തോല്‍വിയിലും അത്ഭുതപ്പെടുത്തുന്ന നേട്ടം കൊയ്തത്. മണ്ഡലത്തില്‍ വരികയോ നേരിട്ട് വോട്ട് ചോദിക്കുകയോ ചെയ്യാതെയാണ് സമീറ ചില രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാര്‍ഥികളെ പോലും മറികടന്നത്.
also read:
ചങ്ക്സ് രണ്ടാം ഭാഗം ധമാക്ക എന്ന പേരിൽ പുറത്ത് വരും
ഭൂ രഹിതര്‍ക്ക് വേണ്ടി പോരാട്ടം നടത്തുന്ന ജന മുന്നേറ്റ മുന്നണിയുടെ പേരിലാണ് നിലമ്പൂര്‍ സ്വദേശിനി സമീറ മൂത്തേടത്ത് പൊന്നാനിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായത്. കട്ടിംഗ് പ്ലയർ എന്ന ചിഹ്നത്തിലാണ് സമീറ മത്സരിച്ചത്. പിഡിപി സ്ഥാനാര്‍ഥി പൂന്തുറ സിറാജിനേക്കാള്‍ വോട്ട് നേടി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സമീറ.
ജയിക്കാൻ വേണ്ടി ആയിരുന്നില്ല സമീറ മത്സരിച്ചത്. സംഘടനയുടെ ആശയം കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് സമീറ ന്യൂസ്18 മലയാളത്തോട് പറഞ്ഞു. സാമ്പത്തിക പരാധീനതകളെ തുടർന്ന് വാട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും മാത്രമായിരുന്നു പ്രചാരണം നടത്തിയതെന്നും സമീറ.
ജന മുന്നേറ്റ മുന്നണി നേരത്തെ ഭൂ രഹിതരുടെ സംഗമം നടത്തിയിരുന്നു. ഇവരുടെ മൊബൈല്‍ നമ്പരുകള്‍ ഉപയോഗിച്ച് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഇതുവഴിയായിരുന്നു പ്രചാരണം.
എല്ലാ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തു നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് സമീറ പറഞ്ഞു. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെങ്കിലും ഇനിയങ്ങോട്ടും മത്സരിക്കാൻ തന്നെയാണ് തീരുമാനമെന്നും സമീറ വ്യക്തമാക്കുന്നു.
സർക്കാരിന്റെ കൈവശമുള്ള ഭൂമി ഭൂരഹിതർക്ക് പതിച്ചു നൽകാൻ നടപടി സ്വീകരിക്കുക എന്നതായിരുന്നു തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നെങ്കിൽ തന്റെ പ്രധാന ദൗതമെന്ന് സമീറ. ഇതിനുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.
തന്നെപ്പോലെ വാടക വീടുകളിൽ താമസിക്കുന്നവർക്കെ ഭൂരഹിതരുടെ വേദന അറിയുകയുള്ളു. ഭൂരഹിതർക്ക് ജാതി-മത - രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടാകില്ല. ഭൂരഹിതരുടെ വോട്ട് തന്നെയാണ് ലക്ഷ്യമിട്ടിരുന്നത്- സമീറ പറഞ്ഞു.
ഫലം വന്നപ്പോള്‍ ലഭിച്ചത് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്തത്ര വോട്ടുകളാണ് ലഭിച്ചതെന്നും അദ്ഭുതം തോന്നിയെന്നും സമീറ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.