കമ്പനി മരടിലെ പൊളിക്കൽ പൂജയോടെ തുടങ്ങിയത് വെറുതെയല്ല...​

വമ്പൻ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ വന്ന കമ്പനികൾ ലോകത്ത് പലയിടത്തും തോറ്റു തൊപ്പിയിട്ടിട്ടുണ്ട്! മരടിലെ പൊളിക്കൽ കമ്പനി പൂജയോടെ തുടങ്ങിയത് വെറുതെയല്ല...​

News18 Malayalam | news18-malayalam
Updated: October 17, 2019, 10:07 PM IST
കമ്പനി മരടിലെ പൊളിക്കൽ പൂജയോടെ തുടങ്ങിയത് വെറുതെയല്ല...​
മരടിലെ ഫ്ലാറ്റ്
  • Share this:
മരം വെട്ടും മുൻപ് മരത്തോട് മാപ്പ് പറഞ്ഞ്‌ അനുവാദം ചോദിക്കണമെന്നൊരു വിശ്വാസമുണ്ട്. ഇല്ലെങ്കിൽ പണിക്കിടയിൽ മരം 'പണി തരും' എന്നാണ് പണ്ട് തച്ചന്മാർ പറയുക. അതുപോലെയാണ് കെട്ടിടം പൊളിക്കലും. മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ കരാർ ഏറ്റെടുത്ത കമ്പനിയുടെ ആൾക്കാർ കഴിഞ്ഞ ദിവസം ഫ്ലാറ്റിലെത്തി പൂജ നടത്തി. ബുദ്ധിമുട്ടൊന്നും ഉണ്ടാക്കാതെ വേഗം നിലംപൊത്താനുള്ള ഒരു പ്രാർത്ഥനയാകും അവർ നടത്തിയത്. കാരണം, വമ്പൻ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയെന്നത് കെട്ടിടം പണിയുന്നതിനേക്കാൾ നൂറു മടങ്ങു ശ്രദ്ധ വേണ്ട പണിയാണ്. വമ്പൻ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ ലോകമെങ്ങും ഉപയോഗിക്കുന്നത് നിയന്ത്രിത സ്‌ഫോടന വിദ്യയാണ്. കെട്ടിടങ്ങളുടെ നിർണായക സ്ഥാനങ്ങളിൽ സ്‌ഫോടക വസ്‌തുക്കൾ വെച്ച ശേഷം ഒരേ സമയം സ്‌ഫോടനങ്ങൾ നടത്തി കെട്ടിടം വീഴ്‌ത്തുന്ന വിദ്യയാണിത്. അതീവ ശ്രദ്ധ വേണ്ടതും സാങ്കേതിക വിദഗ്‌ധരുടെ സഹായം വേണ്ടതുമായ പരിപാടി.

അൽപം ചരിത്രം

നൂറ്റി അമ്പതു വർഷം മുൻപ് അയർലണ്ടിലെ വലിയൊരു പള്ളി പൊളിച്ചു നീക്കേണ്ടി വന്നപ്പോഴാണ് ആദ്യമായി നിയന്ത്രിത സ്‌ഫോടനവിദ്യ ഉപയോഗിച്ചതെന്ന് ചരിത്രം പറയുന്നു. പള്ളിയുടെ പ്രധാന സ്ഥലങ്ങളിൽ വെടിമരുന്നു വെച്ച ശേഷം ഒരേ സമയം കൊളുത്തി. ചുറ്റുമുള്ള വീടുകൾക്കൊന്നും കേടു വരുത്താതെ പള്ളി നിലം പൊത്തിയത് ജനങ്ങൾക്ക് അത്ഭുതമായി. 1850 കാലത്ത് അമേരിക്കയിൽ ഈ വിദ്യ വ്യാപകമായി. നിയമങ്ങൾ ലംഘിച്ചു കെട്ടിപ്പൊക്കിയ വലിയ കെട്ടിടങ്ങൾ അധികൃതർ നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ പൊളിച്ചു നീക്കി. 1883 ൽ ഹംഗറിയിൽ 200 അടി ഉയരമുള്ള ഒരു ഗോപുരം അഞ്ചു ചെറിയ സ്ഫോടനങ്ങൾകൊണ്ട് വീഴ്ത്തി അന്നത്തെ 'പൊളിക്കൽ കമ്പനി' ജനങ്ങളെ അമ്പരപ്പിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത് വമ്പൻ കെട്ടിടങ്ങൾ പൊളിക്കാൻ യൂറോപ്യൻ സൈനികർ കൂടുതൽ മികച്ച വിദ്യകൾ വികസിപ്പിച്ചെടുത്തു. ആർഡിഎക്സ് പോലെ ശക്തമായ സ്‌ഫോടക പദാർത്ഥങ്ങൾ ഇതിനായി ഉപയോഗിച്ച് തുടങ്ങി. കോൺക്രീറ്റ് കെട്ടിടങ്ങൾ പൊളിച്ചു നീക്കുകയെന്നത്, ഇന്ന് ലോകത്ത് വലിയൊരു സാങ്കേതിക വിദ്യയായി വികസിച്ചിട്ടുണ്ട്. അമേരിക്കയിലും ചൈനയിലും റഷ്യയിലുമൊക്കെ കൂറ്റൻ കെട്ടിടങ്ങൾ നിമിഷ നേരംകൊണ്ട് ഒരു അപകടവും ഇല്ലാതെ പൊളിച്ചു നീക്കിയിട്ടുണ്ട്.

പൊളിഞ്ഞുപോയ പൊളിക്കലുകൾ

എന്നാൽ, ചിലപ്പോഴൊക്കെ വമ്പൻ കെട്ടിടങ്ങൾ പൊളിക്കാനുള്ള ശ്രമം ദയനീയമായി 'പൊളിഞ്ഞുപോയിട്ടുണ്ട്'. കേരളത്തിൽ നാഗമ്പടം പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം പൊളിഞ്ഞത് 'പൊളിക്കൽ കമ്പനിക്ക്' വലിയ നാണക്കേടായത് അടുത്ത കാലത്താണ്. 1997 ൽ ഓസ്‌ട്രേലിയയിലെ കാൻബറയിൽ ഒരു കൂറ്റൻ ആശുപത്രി കെട്ടിടം തകർക്കാനുള്ള ശ്രമം പൊളിഞ്ഞു. കോൺക്രീറ്റ് ഭാഗം തെറിച്ചു വീണ് ഒരു പെൺകുട്ടി മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. 2017 ൽ അമേരിക്കയിൽ പഴയൊരു സ്റ്റേഡിയം പൊളിക്കാനുള്ള കരാർ 'അഡാമോ' എന്ന വമ്പൻ എൻജിനീയറിങ് കമ്പനി ഏറ്റെടുത്തു. എന്നാൽ, നിയന്ത്രിത സ്‌ഫോടനത്തിലൂടെ സ്റ്റേഡിയം തകർക്കാനുള്ള ശ്രമം ചീറ്റി. വെറും പുക പൊങ്ങിയതല്ലാതെ സ്റ്റേഡിയം വീണില്ല. പത്തു വർഷം മുൻപ് ചൈനയിൽ ബീജിങ്ങിലെ ഒരു കൂറ്റൻ ഫ്ലാറ്റ് പൊളിക്കാനുള്ള ശ്രമം പൊളിഞ്ഞു. ഫ്ലാറ്റിന്റെ കുത്തനെയുള്ള പകുതി ഭാഗം മാത്രം നിലംപൊത്തി. ബാക്കി പകുതി അതേപടി നിന്നു. അപായ ഭീഷണിയായി നിന്ന ഈ പാതി കെട്ടിടം വീഴ്ത്താൻ ഒടുവിൽ വേറെ കമ്പനിയെ കൊണ്ടുവരേണ്ടി വന്നു! 2013 ൽ കാലിഫോർണിയയിൽ ഒരു പഴയ പവർ പ്ലാന്റ് പൊളിക്കാനുള്ള ശ്രമവും ഇതുപോലെ ചീറ്റിപ്പോയിട്ടുണ്ട്!
First published: October 17, 2019, 9:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading