കൊച്ചി; പോപ്പുലർ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയെന്നത് ഗൗരവതരമായി അന്വേഷിക്കേണ്ട വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്സും ഉള്‍പ്പെടെയുള്ള സേനകളില്‍ ആര്.എസ്.എസുകാരും പോപ്പുലർ ഫ്രണ്ടും നുഴഞ്ഞു കയറുന്നത് അപകടകരമാണ്. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ താല്‍ക്കാലിക രാഷ്ട്രീയലാഭത്തിന് വേണ്ടി താലോലിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്. സോഷ്യല്‍ എന്‍ജിനീയറിങ് എന്ന് പേരിട്ട് പിണറായി വിജയന് നടത്തുന്നത് മത പ്രീണനമാണ്. അതിന് വേണ്ടി ചെയ്തുകൊടുക്കുന്ന സൗകര്യങ്ങളുടെ ഭാഗമാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന് മുന്‍പും ഈ സംഘടനകള്‍ പൊലീസില്‍ കടന്നുകയറി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നെന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നതായി പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. ആദ്യം ഈ പ്രീണന നയം സി.പി.എം അവസാനിപ്പിക്കണം. താക്കോല്‍ സ്ഥാനങ്ങളിലേക്ക് ആളുകളെ പോസ്റ്റ് ചെയ്യുന്നത് സി.പി.എമ്മാണ്. ഇതോടെ പൊലീസിന്റെ ലൈന്‍ ഓഫ് കണ്ട്രോള് നഷ്ടമായി. എല്ലാം പാര്‍ട്ടി നേതാക്കള്‍ക്ക് വിട്ടുകൊടുത്തതാണ് ഇതിന് കാരണം. അതുകൊണ്ടാണ് പൊലീസിന് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നത്. ഇത് അപകടകരമായി സ്ഥിതിവിശേഷമാണെന്നും വി ഡി സതീശൻ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിരക്ഷാസേന പരിശീലനം നല്‍കിയത് ഗുരുതര വീഴ്ച; ഫയര്‍ഫോഴ്സ് മേധാവി റിപ്പോര്‍ട്ട് സമര്പ്പിച്ചുപോപ്പുലര് ഫ്രണ്ട്(Popular Front) പ്രവര്‍ത്തകര്‍ അഗ്നിരക്ഷാസേന(Fire Force) പരിശീലനം നല്‍കിയതില്‍ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, ക്ലാസെടുത്ത മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകും.
റീജിയണല്‍ ഫയര്‍ ഓഫീസറുടെ അനുമതിയോടെയാണ് ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുത്തതെന്ന് വിശദീകരിക്കുമ്പോഴും മേല്‍ത്തട്ടില്‍നിന്നുള്ള അനുമതിയോ ഇതിനായി കൃത്യമായ ചട്ടങ്ങളോ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ആലുവ തോട്ടയ്ക്കാട് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഗ്നിശമന സേന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. റെസ്ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനമെന്ന തരത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് അഗ്നിശമനസേനാ മേധാവി ബി.സന്ധ്യ ഉത്തരവിട്ടിരുന്നു.
Also Read-Fire Force | പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിശമന സേനാംഗങ്ങള്‍ പരിശീലനം നല്കിയ സംഭവം; റിപ്പോര്‍ട്ട് തേടി ഫയര്‍ഫോഴ്സ് മേധാവിഅപകടത്തില് നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍, അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നിരുന്നു. ഇതോടെ അന്വേഷണം നടത്താന്‍ അഗ്നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിടുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.