• HOME
  • »
  • NEWS
  • »
  • kerala
  • »
  • POPULAR FRONT LEADER KOYA EQUATE TALIBAN IN AFGHANISTAN TO VIETNAM AGAINST US RV TV

'താലിബാന്‍ നടത്തിയത് അമേരിക്കയ്ക്ക് എതിരേ വിയറ്റ്‌നാം മോഡല്‍ ചെറുത്ത് നില്‍പ്പ്'; പിന്തുണയുമായി പോപ്പുലര്‍ ഫ്രണ്ട് നേതാവ്

താലിബാനുമായി നയതന്ത്ര ബന്ധമുണ്ടാക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും പി. കോയ

പോപ്പുലര്‍ ഫ്രണ്ട് ദേശീയ എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫ. പി കോയ

പോപ്പുലര്‍ ഫ്രണ്ട് ദേശീയ എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫ. പി കോയ

  • Share this:
കോഴിക്കോട്: അഫ്ഗാനിലെ താലിബാന്‍ മുന്നേറ്റം അമേരിക്കക്കെതിരെ നടന്ന വിയറ്റ്നാം മോഡല്‍ ചെറുത്ത് നില്‍പ്പാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ദേശീയ എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫ. പി കോയ. ലോക രാജ്യങ്ങളുടെ പിന്തുണ തേടുന്ന പുതിയ താലിബാനാണ് ഇപ്പോഴുള്ളത്. താലിബാന്‍ മാത്രമല്ല, ഗള്‍ഫ് നാടുകളില്‍ പലതും ശരീഅത്ത് നിയമമാണ് നടപ്പാക്കുന്നത്. താലിബാനുമായി നയതന്ത്ര ബന്ധമുണ്ടാക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും പി. കോയ ന്യൂസ് 18 നോടു പറഞ്ഞു.

'അമേരിക്കന്‍ അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ് താലിബാന്റെ നേതൃത്വത്തില്‍ അഫ്ഗാനില്‍ നടന്നത്. ഒടുവില്‍ അമേരിക്കയ്ക്ക് പിന്‍മാറേണ്ടിവന്നു. വിയറ്റ്നാമിലും ബൊളീവിയയിലും അമേരിക്കന്‍ അധിനിവേശത്തിനെതിരെ നടന്ന ചെറുത്ത് നില്‍പ്പിന് സമാനമാണിത്.- കോയ പറയുന്നു. അമേരിക്കന്‍ അധിനിവേശം അഫ്ഗാന്‍ ജനതക്ക് മേല്‍ വലിയ ക്രൂരതയാണ് ചെയ്തത്. 20 ലക്ഷത്തോളം അഫ്ഗാനികളാണ് കൊല്ലപ്പെട്ടത്. ക്ലസ്റ്റര്‍ ബോംബ് ആക്രമണങ്ങളില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു.

Also Read- താലിബാനെ തള്ളാതെ ജമാഅത്തെ ഇസ്ലാമി; 'കേരളത്തില്‍ ഇസ്ലാംഭീതിയുണ്ടാക്കാന്‍ ശ്രമമെന്ന്' ആരോപണം

ലോക രാജ്യങ്ങളുടെ പിന്തുണ തേടുന്ന പുതിയ താലിബാനെയാണ് ഇപ്പോള്‍ കാണുന്നത്. താലിബാന്‍ ഇസ്ലാമിക ശരീഅത്ത് നടപ്പാക്കുന്നുവെന്നതാണ് മറ്റൊരു കുറ്റം. ലോകത്ത് യു എ ഇ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളിലെല്ലാം ഇസ്ലാമിക ശരീഅത്താണ് നടപ്പാക്കപ്പെടുന്നത്. ശിക്ഷാമുറകള്‍ എല്ലാം ഇസ്ലാമിക നിയമപ്രകാരമാണ് നടപ്പാക്കപ്പെടുന്നത്. അവിടെ എതിര്‍ക്കാത്തവര്‍ക്ക് എങ്ങിനെയാണ് താലിബാനെ മാത്രം എതിര്‍ക്കാനാകുന്നത്. ഇത് ഇരട്ടത്താപ്പാണ്. താലിബാന്‍ ചെയ്യുന്ന എല്ലാറ്റിനെയും പിന്തുണക്കുന്നുവെന്നല്ല. ഒരു ഭരണമാറ്റമൊക്കെയുണ്ടാവുമ്പോള്‍ പലപ്പോഴും കൈവിട്ട പ്രവര്‍ത്തനങ്ങളുണ്ടാകും. അത് ലോകത്ത് പലയിടങ്ങളിലും കണ്ടതാണ്.

Also Read- താലിബാനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: എം കെ മുനീറിനും കുടുംബത്തിനും വധഭീഷണി; 'ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാകും'

താലിബാന്‍ ചൈനയുമായും റഷ്യയുമായും അവര്‍ ഇതിനകം കരാറുണ്ടാക്കിക്കഴിഞ്ഞു. താലിബാനെ മുന്‍വിധിയോടെയല്ല കാണേണ്ടത്. സാഹചര്യം ഉപയോഗിക്കാന്‍ പാകിസ്ഥാന് ഇടം കൊടുക്കാതെ നോക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്. താലിബാനുമായി ഇന്ത്യ നയതന്ത്ര ബന്ധമുണ്ടാക്കുകയാണ് വേണ്ടത്. അതിനുള്ള നീക്കം ഇതിനകം തന്നെ ഇന്ത്യ തുടങ്ങിയെന്നാണ് മനസ്സിലാവുന്നത്.

താലിബാനെക്കുറിച്ച് പാശ്ചാത്യമാധ്യമങ്ങള്‍ പുറത്തുവിടുന്ന പല വാര്‍ത്തകളും വിശ്വാസ്യയോഗ്യമല്ല. റോയിട്ടേഴ്‌സാണ് ഇത്തരം വാര്‍ത്തകളുടെ പ്രധാന ആശ്രയം. റോയിട്ടേഴ്‌സ് പൂർണമായും അമേരിക്കന്‍ പിടിയിലാണ്. അമേരിക്കയുമായി ചര്‍ച്ച നടത്തിയാണ് താലിബാന്‍ അധികാരം പിടിച്ചതെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അമേരിക്ക ഗതികേടുകൊണ്ട് ചര്‍ച്ചക്ക് തയ്യാറാകേണ്ടിവന്നതാണ്. ഇന്ത്യ സ്വതന്ത്രമായതും ബ്രിട്ടനുമായി പലവട്ടം നടത്തിയ ചര്‍ച്ചയിലൂടെയാണ്. ചര്‍ച്ച നടത്തിയെന്നത് കൊണ്ട് അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് അര്‍ത്ഥമില്ല.

കേരളത്തില്‍ താലിബാന്‍ അനുകൂലികള്‍ ഉണ്ടെന്ന വിമര്‍ശനം ഉയരുന്നതിനെ കോയ ചോദ്യം ചെയ്യുന്നു. അമേരിക്കയ്‌ക്കെതിരെ അഫ്ഗാന്‍ ജനത നടത്തിയ ചെറുത്തുനില്‍പ്പിലും അമേരിക്കയെ പരാജയപ്പെടുത്തിയതിലും അവേശഭരിതരായ ചെറുപ്പക്കാരുണ്ടാവുമെന്നും അതിനെ ആ രീതിയില്‍ കാണാനാകണമെന്നും കോയ വ്യക്തമാക്കി.

അമേരിക്കന്‍ അധിനിവേശ കാലത്ത് അഫ്ഗാന്‍ ജനതക്ക് നേരെ അതിക്രൂരമായ പീഡനമാണ് നടന്നത്. അമേരിക്ക നിയമിച്ച അഷ്റഫ് ഗനി ഭരണകൂടം അഴിമതി മാത്രമാണ് നടത്തിയത്. മയക്കുമരുന്ന് വില്‍പ്പനയുടെയും അഴിമതിയുടെയും കൂത്തരങ്ങായി അഫ്ഗാനിസ്ഥാന്‍ മാറി. പൊലീസുകാര്‍ക്കും പട്ടാളക്കാര്‍ക്കും വര്‍ഷങ്ങളായി ശമ്പളം ലഭിച്ചിരുന്നില്ല. അവരൊരു മാറ്റത്തിന് ആഗ്രഹിച്ചിരുന്നു. താലിബാന് കാര്യങ്ങള്‍ എളുപ്പമാക്കിയത് ഇതാണെന്നും പ്രൊഫ. പി കോയ വ്യക്തമാക്കുന്നു.

മുന്‍വിധിയില്ല, കാത്തിരിക്കാമെന്നാണ് താലിബാനോടുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ നിലപാട്. താലിബാന്‍ മതതീവ്രവാദ സംഘടനയാണെന്നും അത് അഫ്ഗാനിസ്ഥാനെ തകര്‍ക്കുമെന്നും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനങ്ങള്‍ നിലപാപെടുക്കുമ്പോഴാണ് പി. കോയയുടെ മറിച്ചുള്ള നിലപാട്.
Published by:Rajesh V
First published:
)}