• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ്: ഡിജിപിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി വിശദീകരണം നൽകണം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ്: ഡിജിപിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി വിശദീകരണം നൽകണം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

സംസ്ഥാനത്തിന്റെ പോലിസ് മേധാവിയെന്ന ഉന്നതമായ പദവിയില്‍ നിന്നും സ്ഥാനമൊഴിയുമ്പോള്‍ എങ്ങുംതൊടാതെയുള്ള കേവലമൊരു പ്രസ്താവനയല്ല ഡിജിപി നടത്തേണ്ടിയിരുന്നതെന്ന് പോപ്പുലർ ഫ്രണ്ട്

popular front of india

popular front of india

 • Share this:
  കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്ന വിവാദ പ്രസ്താവനയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തത വരുത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നുവെന്ന് പറയുന്ന ഡിജിപി ജനങ്ങളെ സംശയത്തിന്റെ നിഴലിലാക്കുകയാണ്. വിദ്യാസമ്പന്നര്‍ ഭീകരവാദികളുടെ വലയിലാണെന്നാണ് ഡിജിപി പറയുന്നത്. അങ്ങനെയൊരു സാഹചര്യമുണ്ടെങ്കില്‍ അന്വേഷിച്ച് കണ്ടെത്തി വിശദാംശങ്ങള്‍ വ്യക്തമാക്കേണ്ട ഉത്തരവാദിത്വവും ഡിജിപിക്കുണ്ട്.

  അത്തരക്കാരെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടേണ്ടതും പോലിസ് മേധാവി തന്നെയാണ്. ഇതൊന്നും പറയാതെ ഒരു സംസ്ഥാനത്തെയാകെ ഭീതിയിലാഴ്ത്തുന്ന പരാമര്‍ശം നടത്തിയല്ല സംസ്ഥാനത്തിന്റെ പോലിസ് മേധാവി പടിയിറങ്ങേണ്ടത്. സമാനമായ പ്രസ്താവനകള്‍ നടത്തിയ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ അധികാരക്കസേരയില്‍ നിന്നിറങ്ങി ആര്‍എസ്എസിനൊപ്പം ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ പേക്കൂത്തുകള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. അത്തരത്തിലേക്ക് നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും അധ:പതിക്കരുത്.

  സംസ്ഥാനത്തിന്റെ പോലിസ് മേധാവിയെന്ന ഉന്നതമായ പദവിയില്‍ നിന്നും സ്ഥാനമൊഴിയുമ്പോള്‍ എങ്ങുംതൊടാതെയുള്ള കേവലമൊരു പ്രസ്താവനയല്ല ഡിജിപി നടത്തേണ്ടിയിരുന്നത്. കാലങ്ങള്‍ക്ക് മുമ്പുതന്നെ സംഘപരിവാര്‍ ബന്ധം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനായതിനാല്‍ തന്നെ ലോക്‌നാഥ് ബെഹ്‌റയുടെ പരാമര്‍ശം ദുരൂഹമാണ്. ഗുജറാത്തില്‍ 2004ലെ മലയാളിയായ പ്രണേഷ്കുമാർ- ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷായെയും വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കി രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് ബെഹ്‌റ. മാത്രമല്ല കേരളാ പോലിസില്‍ സംഘപരിവാരത്തിന് സ്വാധീനമേറിയതും ബെഹ്‌റയുടെ കാലത്താണ്. അദ്ദേഹത്തിന്റെ വായില്‍നിന്നും ഇത്തരമൊരു പരാമര്‍ശം ഉണ്ടായത് സംശയത്തോടെ മാത്രമേ നോക്കിക്കാണാനാവൂ.

  Also Read- 'സംസ്ഥാന പൊലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്'; കെ സുരേന്ദ്രന്‍

  അതല്ലെങ്കില്‍, രാജ്യത്തിന്റെ കെട്ടുറപ്പിനേയും സമാധാനത്തേയും തകര്‍ക്കുന്ന വിധത്തില്‍ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പ്രചാരകരായ സംഘപരിവാരം നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ചാണോ ഡിജിപി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും വിശദമാക്കണം. കള്ളപ്പണവും ആയുധക്കടത്തും ബോംബ് സ്‌ഫോടനങ്ങളും കലാപങ്ങളും വ്യാജഭീകരാക്രമണങ്ങളും കൈമുതലാക്കിയ സംഘപരിവാരത്തിനു മാത്രമേ രാജ്യത്തെ ഒറ്റുകൊടുക്കാന്‍ കഴിയുകയുള്ളുവെന്ന വസ്തുത മനസിലാക്കിയാണോ ഡിജിപി ഇത്തരമൊരു പ്രസ്താവന നടത്തിയത്. ആര്‍എസ്എസിനൊപ്പം നാടിന്റെ കെട്ടുറപ്പിനെ തകര്‍ക്കുന്ന ദുഷ്ടശക്തികള്‍ ഇനിയുമുണ്ടെങ്കില്‍ അവരെ തുറന്നുകാട്ടാനുള്ള ആര്‍ജവം ഡിജിപി കാട്ടണം.

  സംഘപരിവാരത്തോട് ചേര്‍ന്നുനില്‍ക്കുകയും ഇത്രയും കാലം കേരളാ പോലിസിനെ നയിക്കുകയും ചെയ്ത ഡിജിപിയുടെ വിവാദ പരാമര്‍ശം പലരും ഏറ്റുപിടിച്ചതിലൂടെ ഇസ്‌ലാം വിരുദ്ധതയ്ക്കും ഇസ്ലാമോഫോബിയക്കും കാരണമായിട്ടുണ്ട്. എവിടെനിന്നും എത്രപേരെ ഭീകരസംഘങ്ങള്‍ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുള്ളതെന്ന് ഡിജിപി വ്യക്തമാക്കണം. വിദ്യാസമ്പന്നരായ എത്രപേരാണ് ഇവരുടെ വലയിലായതെന്നും സമൂഹത്തോട് പറയണം. അത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റേയും ആഭ്യന്തരവകുപ്പിന്റേയും വീഴ്ചയാണ്. അതിനെ ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളെ മറച്ചുവയ്ക്കുന്നതിനാണ്.

  താൻ ഇത്രയും കാലം സംരക്ഷിച്ച ഡിജിപിയുടെ വെളിപ്പെടുത്തലുകൾക്ക് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയനും ഉത്തരവാദിത്വമുണ്ട്. ഡിജിപി ഉന്നയിച്ച കാര്യങ്ങൾക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും അബ്ദുൽ സത്താർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
  Published by:Anuraj GR
  First published: