കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (Popular Front) സംസ്ഥാന സമിതിയംഗം എം കെ അഷ്റഫിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്യായമായി അറസ്റ്റ് ചെയ്തത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തികഞ്ഞ നിയമലംഘനവും ദുരുദ്ദേശപരവുമായ സമീപനമാണ് ഇഡിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ആര്‍എസ്എസ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ഇഡി പ്രവര്‍ത്തിക്കുകയായിരുന്നു.
ചോദ്യം ചെയ്യാനെന്ന വ്യാജേന ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് വഞ്ചനാപരമായ രീതിയിലൂടെ അഷ്റഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സമാനരീതിയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ബി പി അബ്ദുല്‍ റസാഖിനെ അടുത്തിടെ ഇഡി അറസ്റ്റ് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
''ജനുവരിയില്‍ എം കെ അഷ്റഫിന്റെ വീട്ടിലും സ്ഥാപനത്തിലും ഇഡിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ തികച്ചും രാഷ്ട്രീയപ്രേരിതവും സംഘടനയ്ക്കെതിരെ ബിജെപി സര്‍ക്കാര്‍ നടത്തുന്ന ഗൂഢനീക്കങ്ങളുടെ ഭാഗവുമായി നടത്തിയ ഈ പരിശോധനയില്‍ ഒന്നുംതന്നെ കണ്ടെത്താന്‍ ഇഡിക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇഡി ചില രേഖകള്‍ ഡല്‍ഹിയില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. നേതാക്കളുടേയും പ്രവര്‍ത്തകരുടെയും മേല്‍ ചുമത്തിയ പിഎംഎല്‍എ കേസുകളും ഉന്നയിക്കുന്ന ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിട്ടും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെന്ന നിലയില്‍ പോപുലര്‍ ഫ്രണ്ട് അന്വേഷണങ്ങളോട് പൂര്‍ണമായും സഹകരിക്കുകയാണ് ചെയ്തത്. ഇഡി ആവശ്യപ്പെട്ട രേഖകള്‍ നിയമാനുസൃതമായി സമര്‍പ്പിക്കുന്നതിന് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയപ്പോഴാണ് അഷ്റഫിനെ അറസ്റ്റ് ചെയ്തത്.''
''ഇഡിയുടെ വഞ്ചനാപരമായ ഈ പ്രവൃത്തി അങ്ങേയറ്റം അപലപനീയവും അവരുടെ രാഷ്ട്രീയപ്രേരിതമായ പ്രവര്‍ത്തനരീതി വെളിവാക്കുന്നതുമാണ്. നിയമപരമായും ജനാധിപത്യപരമായും പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ടിനെതിരെ പൂര്‍ണമായും കെട്ടിച്ചമച്ച ഒരു കേസിലെ ഏറ്റവും പുതിയ സംഭവവികാസമാണ് ഇത്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ഏജന്‍സി എല്ലാ അതിരുകളും ഭേദിച്ച് എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ഒരു രാഷ്ട്രീയ ഉപകരണമായി മാറിയിരിക്കുന്നു.''
''പോപുലര്‍ ഫ്രണ്ടിനെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയെന്ന തീരുമാനത്തിന്റെ ഭാഗമായി കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തിയുള്ള വേട്ടയാടലുകള്‍ കഴിഞ്ഞ കുറെകാലങ്ങളായി ബിജെപി തുടരുകയാണ്. ഇതിനായി ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നും നടത്തുന്ന ചരടുനീക്കങ്ങള്‍ക്ക് അനുസരിച്ച് ചലിക്കുന്ന പാവകളായി കേന്ദ്ര ഏജന്‍സികള്‍ മാറിക്കഴിഞ്ഞു. തികച്ചും കെട്ടിച്ചമച്ച ചില കഥകള്‍ പുറത്തുവിട്ടതല്ലാതെ പോപുലര്‍ ഫ്രണ്ടിനെതിരായി ആധികാരികമായി ഒരു നിയമലംഘനങ്ങളും കണ്ടെത്താന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും നിരന്തരം വേട്ടയാടി ജയിലടച്ച് സംഘടനയെ തളര്‍ത്താമെന്ന തന്ത്രമാണ് മോഡിയുടെ ഫാഷിസ്റ്റ് ഭരണകൂടം പയറ്റുന്നത്.''- മുഹമ്മദ് ബഷീര്‍ പറഞ്ഞു.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ആര്‍എസ്എസ് നേതൃത്വം നല്കുന്ന ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ നടത്തുന്ന ഇത്തരത്തിലുള്ള അടിച്ചമര്‍ത്തല്‍ നീക്കങ്ങളില്‍ സംഘടന ഭയപ്പെടില്ല. ഇതിനെതിരെ നിയമപരമായ പോരാട്ടങ്ങള്‍ തുടരും. ഇഡിയുടെ വേട്ടയാടലിനെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി സംഘടന പ്രതിഷേധം സംഘടിപ്പിക്കും. ഈമാസം 18ന് തിങ്കളാഴ്ച എറണാകുളത്തെ ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാന സെക്രട്ടറി സി എ റഊഫും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.