• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെ വിമർശിച്ചു; 'പോരാളി ഷാജി' യെ കൂട്ടത്തോടെ കൈവിട്ട് സൈബർ സഖാക്കൾ

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെ വിമർശിച്ചു; 'പോരാളി ഷാജി' യെ കൂട്ടത്തോടെ കൈവിട്ട് സൈബർ സഖാക്കൾ

കെ കെ ശൈലജയെ നീക്കിയത് സംബന്ധിച്ചു ചാനലുകളിൽ ചർച്ച നടന്നപ്പോൾ പോരാളി ഷാജിക്കുപോലും എതിരഭിപ്രായമുണ്ടല്ലോ എന്ന ചോദ്യം വന്നതോടെയാണ് റഹീം പോരാളിയെ തള്ളിപ്പറഞ്ഞത്.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  തിരുവനന്തപുരം: പാർട്ടിക്കെതിരായ വിമർശനങ്ങൾക്ക് പരിച തീർക്കാനും എതിരാളികളെ ആക്രമിച്ച് വീഴ്ത്താനും രാപകലില്ലാതെ പ്രവർത്തിക്കുന്ന ഫേസ്ബുക്ക് പേജാണ് പോരാളി ഷാജി. എന്നാൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെ വിമർശിച്ചതോടെ സൈബർ കൂട്ടത്തോടെ പോരാളി ഷാജിയെ അൺഫോളോ ചെയ്യുകയാണ്.

  പാർട്ടിക്കെതിരെ വരുന്ന വിമർശനങ്ങൾ മുഖമില്ലാത്തവരുടെതാണെന്നും പോരാളി ഷാജി നിഗൂഢമായ അ‍ജ്ഞാത സംഘമാണെന്നും ചാനൽ ചർച്ചയ്ക്കിടെ റഹീം പറഞ്ഞതാണ് പോരാളി ഷാജിയെ പ്രകോപിപ്പിച്ചത്. റഹീമിന്റെ ‘ഗുഡ് സർട്ടിഫിക്കറ്റും’ പാർട്ടിയുടെ ശമ്പളവും തനിക്കു വേണ്ടെന്നു പറഞ്ഞ് പോരാളി ഷാജി തിരിച്ചടിച്ചു. ഇതിന് പിന്നാലെ ‘വി ലവ് സിപിഎം’ ഉൾപ്പെടെയുള്ള പേജുകളും സൈബർ സഖാക്കളും പോരാളി ഷാജി പേജ് ഡിസ്‌ലൈക്ക് ചെയ്യാൻ ആവശ്യപ്പെട്ട് പോസ്റ്റുകളിട്ടത്. എട്ടരലക്ഷത്തോളം ഫോളോവേഴ്സാണ് പേജിനുള്ളത്.

  കെ കെ ശൈലജയെ ആരോഗ്യ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയ തീരുമാനം വന്നയുടൻ ‘കോപ്പ്’ എന്ന് പോരാളി ഷാജി പോസ്റ്റ് ചെയ്തിരുന്നു. ‘മഹാമാരികൊണ്ട് ലോകം വീർപ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തിൽ മുക്കിക്കൊല്ലാതെ പിടിച്ചു നിർത്താൻ ടീച്ചർ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കിൽ മരണസംഖ്യ വർധിക്കുമായിരുന്നു. ഒരു പക്ഷേ, തുടർഭരണം നഷ്ടപ്പെടുമായിരുന്നു...’ ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളിൽ വേദനയുണ്ടാക്കുമെന്നത് തീർച്ചയാണെന്നും പറഞ്ഞുകൊണ്ട് ഷാജി വീണ്ടും പോസ്റ്റിട്ടു. കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ കെ കെ ശൈലജയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് #bringbackkkshailajateacher ക്യാമ്പെയ്നും തുടങ്ങിയതോടെ പാർട്ടി അനുഭാവികള്‍ പലരും പേജിനെ തള്ളി രംഗത്ത് വന്നു.

  പാർട്ടി തീരുമാനം വന്ന ശേഷം പിജെ ആർമിയും കെ കെ ശൈലജയ്ക്കുവേണ്ടി രംഗത്തെത്തിയിരുന്നു. പാർട്ടി വിമതരല്ല പാർട്ടിക്കൊപ്പം തന്നെയെന്ന് കുറിച്ചുകൊണ്ട് അതൃപ്തി രേഖപ്പെടുത്തിയെങ്കിലും വൈകാതെ, പിജെ ആർമി പാർട്ടി ലൈനിലേക്ക് തിരിച്ചെത്തി.

  സൈബർ സഖാക്കൾ കൂട്ടത്തോടെ ഡിസ്‌ലൈക്കടിക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ ദിവസം രാത്രി മൂന്നു മണിക്കൂറിലേറെ സമയം പേജ് അൺപബ്ലിഷാക്കിയിരുന്നു. രാത്രി 12 മണിയോടെ പേജ് വീണ്ടു ലൈവായതോടെ ഡിസ്‌ലൈക്കുകൾ തുരുതുരെ എത്തി. ഇതിനിടെ ഗുഡ്ബൈ പറഞ്ഞുകൊണ്ടുവന്ന ഷാജിയുടെ പോസ്റ്റിനു താഴെ ഷാജിയെ അനുകൂലിച്ചും പ്രതികൂലിച്ചും അനുശോചനമർപ്പിച്ചും കമന്റുകളും നിറഞ്ഞു.  റഹീം പറഞ്ഞത്...

  കെ കെ ശൈലജയെ നീക്കിയത് സംബന്ധിച്ചു ചാനലുകളിൽ ചർച്ച നടന്നപ്പോൾ പോരാളി ഷാജിക്കുപോലും എതിരഭിപ്രായമുണ്ടല്ലോ എന്ന ചോദ്യം വന്നതോടെയാണ് റഹീം പോരാളിയെ തള്ളിപ്പറഞ്ഞത്. പാർട്ടിക്കോ ഡിവൈഎഫ്ഐ എന്ന യുവജന സംഘടനയ്ക്കോ പോരാളി ഷാജിയെന്ന അജ്ഞാത സംഘവുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു റഹീമിന്റെ വാദം. പോരാളി ഷാജിയുടെ പേര് ചർച്ചയിൽ പരാമർശിച്ചതുതന്നെ തെറ്റായിപ്പോയെന്ന രീതിയിൽ റഹീം നിലപാടെടുക്കുകകൂടി ചെയ്തു. ഇതോടെ പോരാളി ഷാജി വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.  പോരാളി ഷാജിയുടെ വിമർശനം...

  ‘വല്ലാതെ അഹങ്കരിക്കരുത് റഹീമേ...പാർട്ടിക്കു വേണ്ടി എന്നും ഓശാന പാടാൻ ലക്ഷങ്ങൾ കൊടുത്ത് സോഷ്യൽ മീഡിയയിൽ നിർത്തിയേക്കുന്നവരിൽ ഞാനില്ല.. ഞാനെന്നല്ല ഇവിടത്തെ ലക്ഷക്കണക്കിന് സാധാരണ അനുഭാവികളുമില്ല. ഇടത് മുന്നണി ഇപ്രാവശ്യം മഹത്തായ വിജയം നേടിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ മുഖമില്ലാത്ത, അറിയപ്പെടാൻ താൽപര്യമില്ലാത്ത, പാർട്ടി ആജ്ഞയ്ക്കായി കാത്തുനിൽക്കാതെ സ്വന്തം സമയവും ജോലിയും മിനക്കെട്ട് ആശയങ്ങളും വികസന വാർത്തകളും പ്രചരിപ്പിക്കുന്ന, പാർട്ടി പറയുന്നതിന് മുൻപേ ശത്രുക്കൾക്ക് മുൻപിൽ പ്രതിരോധം തീർക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ അധ്വാനമുണ്ട്. അവരാണ് ഈ വിജയത്തിന് പിന്നിൽ..

  അല്ലാതെ മാസ ശമ്പളം വാങ്ങി കംപ്യൂട്ടറിൽ മാസത്തിൽ പത്ത് കളർ പോസ്റ്റുമിട്ട് നടക്കുന്ന നിങ്ങടെ സ്വന്തം കോണാണ്ടർമാരല്ല. ഞാൻ വെല്ലുവിളിക്കുകയാണ് റഹീമേ. പാർട്ടി പണം ചെലവാക്കി നിലനിർത്തുന്ന ഒഫിഷ്യൽ പേജുകളെക്കാളും കോടികൾ ചെലവിട്ട് വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നടത്തിയ പ്രചാരങ്ങളേക്കാളും നൂറിരട്ടി ഗുണം ഈ പേജിൽനിന്നു കിട്ടിയിട്ടുണ്ട്. വികസനവും നന്മയും പറഞ്ഞ് ആയിരം ഇരട്ടി പോസ്റ്റുകൾ ഈ പേജിലൂടെ മലയാളികൾ ഉള്ളിടത്തെല്ലാം എത്തിയിട്ടുണ്ട്. കോടാനുകോടി ചെലവിട്ട് നിങ്ങൾ നടത്തിയ ഓൺലൈൻ ഗുസ്തികളെക്കാൾ ആയിരം ഇരട്ടി പേരിലേക്ക് ഇടതുപക്ഷം ചെയ്ത കാര്യങ്ങൾ എയർ ചെയ്യാൻ ഈ പേജിന് കഴിഞ്ഞിട്ടുണ്ട്. അതും നിങ്ങളിൽ നിന്ന് ഒരു പത്തു പൈസ പോലും ഓശാരം വാങ്ങാതെ Ok റഹീമിന് അത് ഏത് അളവുകോൽ വച്ചു വേണമെങ്കിലും പരിശോധിക്കാം...

  പിന്നെ വിമർശനം. തെറ്റ് കണ്ടാൽ വിമർശനം വരും റഹിമേ..എന്റേത് ഉൾപ്പെടെ ഇവിടെയുള്ള ലക്ഷകണക്കിന് പ്രൊഫൈലുകൾ അനുഭാവികളുടേതാണ്. അവരും ഞാനും നിങ്ങളിൽനിന്ന് പത്തു പൈസ പോലും കൈപ്പറ്റിയിട്ടില്ല. ഉണ്ടോ..?? അതുകൊണ്ട് വിയോജിപ്പുകൾ തീർച്ചയായും പറയും. വിയോജിപ്പുകൾ ഇല്ലാതെ എല്ലാ ഏമാന്മാരും ‘സ.. സ.. സ’ മൂളി രണ്ട് സ്റ്റേറ്റിലെ ഇടതു പക്ഷത്തിന്റെ പതിനാറടിയന്തിരം നടത്തിയിട്ടുണ്ടല്ലോ. അത്രയും കിട്ടിയത് പോരെ? നിങ്ങളെ പിന്തുണയ്ക്കുന്നവർ നിങ്ങളെ ഒന്ന് വിമർശിച്ചാൽ അപ്പോഴേക്കും ക്രിമിനൽ സംഘം ആവുമോ? പാർട്ടി ദ്രോഹികൾ ആവുമോ? എനിക്ക് റഹീമിന്റെ ഒരു ഗുഡ് സർട്ടിഫിക്കറ്റും വേണ്ട. പാർട്ടിയുടെ ശമ്പളവും വേണ്ട. പറയാനുള്ളത് പറയും. നന്മകൾ പ്രചരിപ്പിക്കുകയും ചെയ്യും. അപ്പോ ശരി...’  പിന്നീട് വീണ ജോർജിന് അഭിവാദ്യങ്ങൾ അർപ്പിച്ച് പോരാളി ഷാജി വീണ്ടും മടങ്ങിയെത്തി. ഇന്നലെ മുതൽ വീണ്ടും സജീവമാണ് പേജ്.
  Published by:Rajesh V
  First published: