നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സഭാ വ്യാജരേഖ കേസിൽ വൈദികർക്കെതിരെ കൊച്ചി നഗരത്തിൽ പോസ്റ്ററുകൾ

  സഭാ വ്യാജരേഖ കേസിൽ വൈദികർക്കെതിരെ കൊച്ചി നഗരത്തിൽ പോസ്റ്ററുകൾ

  കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയ്ക്ക് എതിരായ വ്യാജ രേഖ കേസിൽ കുറ്റപത്രത്തിൽ പേരുള്ള വൈദികരെ സഭയിൽ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം

  കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരി

  കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരി

  • Share this:
  കൊച്ചി: സഭാ വ്യാജരേഖ കേസിൽ വൈദികർക്കെതിരെ പോസ്റ്ററുകൾ. കുറ്റപത്രത്തിൽ പേരുള്ള വൈദികരെ സഭയിൽ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

  കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയ്ക്ക് എതിരായ വ്യാജ രേഖ കേസിലെ  ഒന്നാം പ്രതി ഫാദർ  ടോണി കല്ലൂക്കാരൻ, രണ്ടാം  പ്രതി ഫാദർ പോൾ തേലക്കാട്ട്, മൂന്നാം പ്രതി ഫാദർ ബെന്നി മാരാംപറമ്പിൽ എന്നിവരെ സഭയിൽ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം.

  സഭ അധ്യക്ഷന്  എതിരെ തന്നെ ഗൂഢാലോചന നടത്തിയ വൈദികർ പുരോഹിത സ്ഥാനങ്ങളിൽ തുടരാൻ അർഹതയില്ലെന്ന് പോസ്റ്റുകളിൽ പറയുന്നു. ഇവരെ എത്രയും പെട്ടെന്ന് സഭയിൽ നിന്നും പുരോഹിത സ്ഥാനങ്ങളിൽ നിന്നും പുറത്താക്കണമെന്നാണ്  ആവശ്യം. ആരുടെയും പേരിലല്ല പോസ്റ്റുകൾ പതിപ്പിച്ചിരിക്കുന്നത്.

  വ്യാജരേഖ കേസ് ചമച്ച ഉന്നതനെ പുറത്തു കൊണ്ടുവരണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ആസൂത്രിത ഗൂഢാലോചനയ്ക്ക് പിന്നിൽ ഇനിയും പ്രതികളുണ്ടെന്ന സൂചന ബലപ്പെടുകയാണ്.  എറണാകുളം  അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് ഹൗസിന് മുന്നിലും  മൂന്നാം പ്രതി ഫാദർ ബെന്നി മാരാംപറമ്പിൽ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്ന കടവന്ത്ര സെൻറ് ജോസഫ് പള്ളിക്ക് മുന്നിലുമാണ് കൂടുതലായും പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.

  കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പ്രതികളായ വൈദികർക്കെതിരെ ശക്തമായ പ്രതിഷേധം സീറോ മലബാർ സഭയുടെ വിശ്വാസ സമൂഹത്തിൽ നിന്ന് ഉയർന്നിരുന്നു. മൂന്നു പേരെയും പുറത്താക്കണമെന്ന് ഇന്ത്യൻ കാത്തലിക്ക് ഫോറം ഗ്ലോബൽ പ്രസിഡൻറ് മെൽബിൻ മാത്യു  പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

  വൈദികരെ പുറത്താക്കാൻ ശക്തമായ പ്രതിഷേധം വരും ദിവസങ്ങളിൽ ആരംഭിക്കുമെന്നും സംഘടന അറിയിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ്  ഇപ്പോൾ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സീറോ മലബാർ സഭയിലെ ഭൂമി വിവാദത്തിൽ പ്രതിരോധത്തിലായ  കർദിനാളിനും  സഭാ നേതൃത്വത്തിനും കൂടുതൽ തിരിച്ചടി നൽകാൻ വേണ്ടിയാണ് വ്യാജരേഖ ചമച്ചതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തലും വിലയിരുത്തലും.

  ആരോപണം ഉയർത്തിയ വൈദികർ തന്നെ കേസിൽ പ്രതികളായതോടെ നേരത്തെ ഇവർ ഉന്നയിച്ച ഭൂമി വിവാദം സംബന്ധിച്ച ആക്ഷേപങ്ങളെ കുറിച്ചും സംശയങ്ങൾ ഉയരുന്നുണ്ട്.
  Published by:user_57
  First published:
  )}