ന്യൂഡല്‍ഹി: നേപ്പാളില്‍ കഴിഞ്ഞ ദിവസം മരിച്ച എട്ടു മലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ സര്‍വകലാശാല ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത്. വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ള വിമാനത്തില്‍ എട്ടു പേരുടെയും മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍നിന്ന് നാട്ടിലേക്ക് അയക്കും. എംബാം ചെയ്ത് സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ ഒരു വിമാനത്തിലായിരിക്കും ഡല്‍ഹി വഴി നാട്ടിലേക്ക് എത്തിക്കുക.
കഴിഞ്ഞദിവസമാണ് നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ടു മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്, ഭാര്യ ഇന്ദുലക്ഷ്മി, മകന് വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. മുറിയിലെ ഗ്യാസ് ഹീറ്ററില്‍നിന്നുയര്‍ന്ന കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതായിരുന്നു മരണകാരണം. മറ്റൊരു മുറിയിലായതിനാല്‍ രഞ്ജിത്തിന്റെ മൂത്ത മകന് മാധവ് രക്ഷപ്പെട്ടിരുന്നു. മാധവിനെ ഇന്ന് രാത്രിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും.
അതേസമയം, ദമനിലെ റിസോര്‍ട്ടില്‍ എട്ടു പേര് മരിച്ച സംഭവത്തില്‍ നേപ്പാള്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നേപ്പാള്‍ ടൂറിസം വകുപ്പാണ് സംഭവത്തില്‍ അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.