• HOME
 • »
 • NEWS
 • »
 • kerala
 • »
 • എല്ലാത്തിലും വലുത് മാനവികതയും സഹജീവി സ്നേഹവും; മാതൃകയായി പോത്തുകല്ല് ജമിയത്തുല്‍ മുജാഹിദീൻ പള്ളി

എല്ലാത്തിലും വലുത് മാനവികതയും സഹജീവി സ്നേഹവും; മാതൃകയായി പോത്തുകല്ല് ജമിയത്തുല്‍ മുജാഹിദീൻ പള്ളി

കവളപ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരില്‍ 45 പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടം ചെയ്തത് ഈ പള്ളിയിലാണ്... അതെ മാനവികതയും സഹജീവിസ്നേഹവും എല്ലാത്തിനും മുകളിലാണെന്ന് ലോകത്തെ മുഴുവൻ ഈ പ്രവൃത്തിയിലൂടെ അറിയിക്കുകയാണ് ഇവർ ചെയ്തത്..

പോത്തുകല്ല് ജുമാമസ്ജിദ്

പോത്തുകല്ല് ജുമാമസ്ജിദ്

 • Share this:
  ഒരു ഇടം പരിശുദ്ധമാകുന്നത് എപ്പോഴാണ് ? അവിടെ വച്ച് നിത്യം ദൈവത്തെ പ്രാർത്ഥിക്കുമ്പോഴാണോ അതോ ദൈവത്തിന് പ്രിയങ്കരമാകുന്ന, സഹജീവി സ്നേഹത്തോടെ ജാതി മത ചിന്തകള്‍ക്ക് അപ്പുറം നില്‍ക്കുന്ന കാര്യങ്ങള്‍ അവിടെ വച്ച് ചെയ്യുമ്പോഴാണോ? പോത്തുകല്ല് ജമിയത്തുല്‍ മുജാഹിദീൻ പള്ളിയുടെ അധികാരികള്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത് വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെയാണ്...
  കവളപ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരില്‍ 45 പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടം ചെയ്തത് ഈ പള്ളിയിലാണ്... അതെ മാനവികതയും സഹജീവിസ്നേഹവും എല്ലാത്തിനും മുകളിലാണെന്ന് ലോകത്തെ മുഴുവൻ ഈ പ്രവൃത്തിയിലൂടെ അറിയിക്കുകയാണ് ഇവർ ചെയ്തത്..

  ഓഗസ്റ്റ് ഒമ്പതിന് ആണ് അധികൃതര്‍ പോത്തുകല്ല് ജമിയത്തുല്‍ മുജാഹിദീൻ പള്ളി അധികൃതർക്ക് മുൻപില്‍ ഒരു അപേക്ഷയുമായി വന്നത്... കവളപ്പാറയില്‍ കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടം ചെയ്യാൻ സൗകര്യം നല്കണം... മൃതദേഹങ്ങള് പോസ്റ്റുമോർട്ടം ചെയ്യാൻ മഞ്ചേരിയിലേക്കോ, നിലമ്പൂരിലേക്കോ കൊണ്ടുപോവുക എന്നത് കവളപ്പാറയിലെ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രായോഗികം ആയിരുന്നില്ല.. കാരണം പ്രിയപ്പെട്ടവരുടെ ഭൗതികശരീരങ്ങള്‍, അത് എത്രയും വേഗം അർഹിക്കുന്ന രീതിയില്‍ സംസ്കരിക്കണം... മണ്ണിലാണ്ടവരുടെ കുടുംബാംഗങ്ങളുടെ ഈ ആവശ്യം പരിഗണിച്ചാണ് പോസ്റ്റ്മോർട്ടം കവളപ്പാറക്ക് തൊട്ടടുത്ത് നടത്താൻ അധികൃതര് തീരുമാനിച്ചത്... വെളിച്ചമുള്ള, വെള്ളം ലഭിക്കുന്ന, വിസ്താരമുള്ള, അടച്ചുറപ്പുള്ള ഒരു ഇടം, അതിനായുള്ള അന്വേഷണമാണ് പോത്തുകല്ല് പള്ളിയിലവസാനിച്ചത്.

  ഇത്തരം ഒരു അപേക്ഷ മറ്റാരാണെങ്കിലും അനുവദിച്ചേക്കില്ല... കാരണങ്ങള്‍ പലതാണ്. പക്ഷെ പോത്തുകല്ല് ജമിയത്തുല്‍ മുജാഹിദ്ദീൻ പള്ളി ഭാരവാഹികള്‍ക്ക് ഏറെ ആലോചിക്കേണ്ടി വന്നില്ല... പള്ളിയില്‍ നമസ്കാരത്തിന് ഉപയോഗിക്കുന്ന ഒരു ഭാഗം വിട്ടു നല്‍കി... ഒപ്പം മറ്റ് സൗകര്യങ്ങളും..

  സർവശക്തനായ ദൈവത്തെ മുട്ടുകുത്തിയിരുന്ന് പ്രാർത്ഥിക്കുന്ന ഇടത്ത് ദൗർഭാഗ്യം ജീവനെടുത്ത ഒരു പറ്റം മനുഷ്യരുടെ ഈ ലോകത്തെ അന്തിമ പരിശോധന നടത്തുക.. അതും മറ്റ് മതവിശ്വാസങ്ങള്‍ വച്ച് പുലർത്തിയിരുന്നവരുടെ, വിശ്വാസികളെ സംബന്ധിച്ച് അതും ദൈവ നിശ്ചയം തന്നെയാകാം...

  ഇത്തരമൊരു കാര്യത്തിന് സഹായം ചെയ്തു നല്‍കാൻ കഴിഞ്ഞില്ലെങ്കില്‍ പിന്നെയെങ്ങനെ നമ്മളൊക്കെ മനുഷ്യരാകുമെന്ന് പള്ളിയുടെ ഭാരവാഹിയായ അബ്ദുല് കരീം പറയുന്നു. ഓഗസ്റ്റ് ഒമ്പത് മുതല്‍ രണ്ടാഴ്ചത്തോളം പള്ളിയില്‍ 45 പേരുടെ മൃതദേഹങ്ങളാണ് പോസ്റ്റുമോർട്ടം ചെയ്തത്.. പള്ളിയിലെ മറ്റ് കാര്യങ്ങളെല്ലാം ഇതിനായി മാറ്റിവച്ചു.. വെള്ളിയാഴ്ചകളിലെ ജുമു ആ നമസ്കാരം മറ്റൊരിടത്തേക്കാക്കി.. വലിയ പെരുന്നാളിലെ നമസ്കാരം പോത്തുകല്ല് ബസ് സ്റ്റാൻഡിലാണ് നടത്തിയത്... കവളപ്പാറയിലെ ദുരന്തവും അതിന് ഇരയായ ആളുകളുടെ അവസ്ഥയും നോക്കുമ്പോള്‍ ഇതൊന്നും വലിയ കാര്യമല്ല.. ദൈവത്തിന് പ്രിയങ്കരമായത് ഈ പ്രവൃത്തി തന്നെയാകും...

  എല്ലാ അതിർവരമ്പുകളും സഹജീവി സ്നേഹമെന്ന വലിയ സത്യത്തിന് മുൻപില്‍ അലിഞ്ഞില്ലാതാകുന്നതാണ് ഇവിടെ കണ്ടത്... ദുരന്തമുണ്ടാക്കിയ വലിയ ആഘാതത്തില്‍ നിന്നും ഈ നാടിനെ കൈ പിടിച്ചുകയറ്റുന്നതും ഇന്നാട്ടിലെ ഈ മനുഷ്യരാണ്... ജാതിമതങ്ങളുടെ അതിർവരമ്പുകളെ സ്നേഹം കൊണ്ട് ഇല്ലാതാക്കിയവരാണ് ഇന്നാട്ടിലെ മനുഷ്യർ...

  നവംബർ 24ന് ന്യൂസ് 18 കേരളം കോഴിക്കോട് സംഘടിപ്പിക്കുന്ന കരളുറപ്പുള്ള മലബാർ എന്ന പരിപാടിയിൽ പോത്തുകല്ല് ജമിയത്തുൽ മുജാഹിദ്ദീൻ പള്ളി അധികൃതരും പങ്കെടുക്കുന്നതായിരിക്കും. മേപ്പാടിയിലും, ഭൂദാനത്തും നടന്ന ദുരന്തങ്ങളെ അതിജീവിച്ചവരെ ആദരിക്കാനുള്ള ഒരു വേദിയാണ് ന്യൂസ് 18 ഒരുക്കുന്നത്. പരിപാടിയിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രി ടി.പി. രാമകൃഷ്ണൻ, പി വി അൻവർ എം എൽ എ, സി കെ ശശീന്ദ്രൻ എം എൽ എ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
  First published: