• HOME
  • »
  • NEWS
  • »
  • kerala
  • »
  • ചിത്തരഞ്ജൻ എംഎല്‍എയുടെ പരാതി ഏറ്റു; ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പുമിട്ട മുട്ട റോസ്റ്റിനും അപ്പത്തിനും വിലകുറച്ചു

ചിത്തരഞ്ജൻ എംഎല്‍എയുടെ പരാതി ഏറ്റു; ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പുമിട്ട മുട്ട റോസ്റ്റിനും അപ്പത്തിനും വിലകുറച്ചു

അമിതവില ഈടാക്കിയെന്ന് ചൂണ്ടിക്കാണിച്ച് ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണു രാജിനാണ് ചിത്തരഞ്ജൻ എംഎൽഎ പരാതി നൽകിയത്.

  • Share this:
    ആലപ്പുഴ: ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്ന പിപി ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാതിയെ തുടർന്ന് വിവാദത്തിലായ ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടലിലെ അപ്പത്തിന്റെയും മുട്ട റോസ്റ്റിന്റെയും വിലകുറച്ചു. സിംഗിൾ മുട്ട റോസ്റ്റ് 50 രൂപയിൽ നിന്നും 10 രൂപ കുറച്ച് 40 രൂപയാക്കിയപ്പോൾ അപ്പത്തിന്റെ വിലയിൽ 15 ൽ നിന്നും 5 രൂപ കുറച്ച് 10 ആക്കിയതായി ഹോട്ടൽ ഉടമ അറിയിച്ചു.

    അമിതവില ഈടാക്കിയെന്ന് ചൂണ്ടിക്കാണിച്ച് ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണു രാജിനാണ് ചിത്തരഞ്ജൻ എംഎൽഎ പരാതി നൽകിയത്. എന്നാൽ, എംഎൽഎ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് പ്രത്യേക നിയമമില്ലാത്തതിനാൽ വിഷയത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും നടപടിയെടുക്കാൻ കഴിയില്ലെന്നും കലക്ടർ എംഎൽഎയെ അറിയിച്ചിരുന്നു. പരാതിയിന്മേൽ അന്വേഷണം നടത്തിയ കളക്ടർ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

    അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്ന് ആരോപിച്ചായിരുന്നു കണിച്ചുകുളങ്ങരയിലെ ഹോട്ടലിനെതിരെ പരാതി നല്‍കിയത്. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.

    Also Read-PP Chitharanjan | അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ല്; ഹോട്ടലിനെതിരെ പരാതി നല്‍കി ചിത്തരഞ്ജന്‍ MLA

    കണിച്ചുകുളങ്ങരയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന്റെ അനുഭവം വിവരിച്ചുകൊണ്ടുള്ള എംഎൽഎയുടെ കുറിപ്പ്:

    'ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. അതൊരു സ്റ്റാര്‍ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല' എംഎല്‍എ പറയുന്നു.

    'ചില ഹോട്ടലുകളില്‍ രണ്ടു കറികളുള്ള വെജിറ്റേറിയന്‍ ഊണ് കഴിക്കണമെങ്കില്‍ 100 രൂപ നല്‍കണം.ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നല്‍കുന്ന സാധാരണ ഹോട്ടലുകള്‍ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലര്‍ കൊള്ളലാഭമുണ്ടാക്കാന്‍ കൃത്രിമ വിലക്കയറ്റം നടത്തുന്നത്.'

    Also Read-Hotel Food| 'അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുമടക്കം ചേര്‍ന്ന മുട്ടറോസ്റ്റാണ്'; എംഎല്‍എയുടെ പരാതിയില്‍ ഹോട്ടലിന്റെ വിശദീകരണം

    എംഎൽഎയുടെ പരാതിക്ക് വിശദീകരണവുമായി ഹോട്ടൽ ഉടമ രംഗത്തെത്തിയിരുന്നു. തങ്ങളുടെ മുട്ടറോസ്റ്റിന് (Egg Roast) വ്യത്യാസമുണ്ടെന്നും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുമടക്കം ചേര്‍ത്തുണ്ടാക്കിയതാണെന്നാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണം.

    ഭക്ഷണത്തിന്റെ വിലയടക്കം ഓരോ മേശയിലും മെനു കാര്‍ഡുണ്ടെന്നും ഗുണനിലവാരത്തിന് ആനുപാതികമായ വിലയാണ് ഈടാക്കുന്നതെന്നും ഹോട്ടല്‍ വ്യക്തമാക്കി. അഞ്ചു അപ്പത്തിനും രണ്ടു മുട്ടക്കറിയ്ക്കും അമിതി വില ഈടാക്കിയെന്ന എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
    Published by:Naveen
    First published: