തിരുവനന്തപുരം: പരിമിതികള്‍ അതിജീവിച്ച് ഐഎഎസ് നേടിയ കേരള കേഡറിലെ ആദ്യവനിത പ്രാഞ്ജാല്‍ പാട്ടീല്‍ ഇനി തിരുവനന്തപുരം സബ് കളക്ടര്‍. പ്രാഞ്ജാല്‍ പാട്ടീല്‍ തിരുവനന്തപുരത്തെത്തി ചുമതല ഏറ്റെടുത്തു. മഹാരാഷ്ട്ര സ്വദേശിനി പ്രാഞ്ജാല്‍ പാട്ടീല്‍ വിജയവഴികള്‍ ഓരോന്നായി തെളിച്ച് മുന്നേറുകയാണ്. എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ ചുമതലയില്‍ നിന്നാണ് തലസ്ഥാനത്ത് സബ് കളക്ടറും ആര്‍ഡിഒയുമായി ചുമതല ഏറ്റെടുത്തത്. രാവിലെ കളക്ട്രേറ്റില്‍ എത്തിയ പ്രാഞ്ജാലിനെ അസിസ്റ്റന്റ് കളക്ടര്‍ അനിതകുമാരി, ആര്‍ഡിഒ ഓഫീസിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ചേംബറിലെത്തി കളക്ടര്‍ കെ ഗോപാലകൃഷ്ണനെ കണ്ട് ചുമതല ഏറ്റെടുത്തു.
വലിയ പ്രതീക്ഷയോടെയാണ് ചുമതല ഏറ്റെടുക്കുന്നതെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും പ്രാഞ്ജാല്‍ പറഞ്ഞു. സാമൂഹികനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ് പ്രാഞ്ജാല്‍ പാട്ടീലിനെ നേരിട്ടെത്തി അഭിനന്ദിച്ചു. മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിയായ പ്രഞ്ജാല്‍ രണ്ടാം ശ്രമത്തിലാണ് ഐഎഎസ് നേടിയത്. ആറാം വയസില്‍ കാഴ്ച്ചശക്തി നഷ്ടപ്പെട്ട പ്രാഞ്ജാല്‍ കഠിനാദ്ധ്വാനം കൊണ്ടാണ് ഉയരങ്ങള്‍ കീഴടക്കിയത്.
ജെഎന്‍യുവില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തീകരിച്ച ശേഷമായിരുന്നു ഐഎഎസ് തയ്യാറെടുപ്പ് തുടങ്ങിയത്. 2106ല്‍ ആദ്യശ്രമം. 773 ആം റാങ്കാണ് ആദ്യശ്രമത്തില്‍ കിട്ടിയത്. ആദ്യശ്രമത്തില്‍ തപാല്‍ ടെലികമ്യൂണിക്കേഷന്‍ സര്‍വീസില്‍ നിയമനം ലഭിച്ചു. ഐഎഎസ് സ്വപ്നമായതിനാല്‍ ലീവ് എടുത്ത് വീണ്ടും സിവില്‍ സര്‍വ്വീസിന് ശ്രദ്ധ നല്കി. തോറ്റ് കൊടുക്കാന്‍ തയ്യാറാകാതെ പരിശ്രമം തുടര്‍ന്നു. 2017ലെ രണ്ടാം ശ്രമത്തില്‍ 124 ആം റാങ്ക് നേടിയാണ് ഐഎഎസ് തെരഞ്ഞെടുത്തത്.
വട്ടപ്പാറ വളവിലെ ലോറി മറിക്കും ഭൂതം എന്ത് ?
ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് സര്‍വീസ് (ഐ.ആര്.എ.എസ്.) വിഭാഗത്തില്‍ ആദ്യം അവസരം ലഭിച്ചു. എന്നാല്‍, പൂര്‍ണമായി അന്ധതയുള്ളവര്‍ക്ക് നിയമനം നല്കാന് സാധിക്കില്ലെന്ന് പറഞ്ഞ് റെയില്‍വെ ജോലി നിഷേധിക്കുകയായിരുന്നു. ആറാം വയസില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രാഞ്ജാലിന്റെ കാഴ്ചശക്തി നഷ്ടമാകുന്നത്. കനത്ത സൂര്യപ്രകാശം നേരിട്ടേറ്റ് രണ്ട് കണ്ണിലെയും റെറ്റിന തകരുകയായിരുന്നു.
അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ചശക്തി തിരികെ ലഭിച്ചില്ല. തുടർന്ന് വീട്ടുകാരുടെ പൂര്‍ണ പിന്തുണയോടെ ആയിരുന്നു കാഴ്ച ഇല്ലാത്തതിന്റെ ബുദ്ധിമുട്ടികള്‍ മറികടന്നത്. മുംബൈ സെയിന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം ഡല്‍ഹി ജെ.എന്‍.യു.വിൽ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷനില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും പിഎച്ച്ഡിയും പ്രാഞ്ജാല്‍ നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ias officer, Thiruvananthapuram