തിരുവനന്തപുരം: എൻഡിഎയുടെ പ്രസിഡന്റ് സ്ഥാനാർഥി ദ്രൗപദി മുര്‍മുവിന് ജനതാദൾ (എസ്) പിന്തുണ പ്രഖ്യാപിച്ചതോടെ കേരളത്തിലെ ജനതാദള്‍ വിഭാഗം വെട്ടിലായി. കേരളത്തിൽ എല്‍ഡിഎഫിന്റെ ഭാഗമായ പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിന് ഒപ്പം നിന്നാൽ അത് പുതിയ വിവാദങ്ങൾക്ക് വഴിവെക്കും. ഈ സാഹചര്യത്തിൽ നാളെ സംസ്ഥാന ഘടകത്തിന്റെ നിലപാട് പ്രഖ്യാപിക്കുമെന്ന് മാത്യു ടി തോമസ് അറിയിച്ചു. അദ്ദേഹം ബെംഗളൂരുവിലെത്തി എച്ച് ഡി ദേവഗൗഡയെ കാണും. അതിനുശേഷം നിലപാട് പ്രഖ്യാപിക്കും.
കഴിഞ്ഞ ദിവസം എച്ച് ഡി കുമാര സ്വാമിയാണ് ദ്രൗപദി മുർമുവിനെ പിന്തുണക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ''ജൂണ്‍ 18ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആവശ്യമായ വോട്ട് മുര്‍മുവിന് ഇപ്പോഴേ ഉറപ്പാണ്. ഞങ്ങളുടെ പിന്തുണ ആവശ്യമില്ല. എങ്കിലും ഞങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടിരുന്നു''-കുമാരസ്വാമി പറഞ്ഞു. 'പിന്തുണ ആവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയെ അവര്‍ രണ്ടുതവണ വിളിച്ചിരുന്നു. ബംഗളൂരുവില്‍ അദ്ദേഹത്തെ കാണാന്‍ അപ്പോയിന്റ്‌മെന്റ് പോലും തേടിയിരുന്നു. പക്ഷേ, ഇവിടെ വന്ന് പിന്തുണ തേടേണ്ട ആവശ്യമില്ലെന്നായിരുന്നു എന്റെ അഭിപ്രായം'- കുമാരസ്വാമി പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയോ കോണ്‍ഗ്രസോ എന്ന ചോദ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 'ബി ടീമിന്റെ പ്രശ്‌നവും ഉദിക്കുന്നില്ല. രണ്ട് സ്ഥാനാര്‍ത്ഥികളുടെയും പശ്ചാത്തലം പരിശോധിച്ച് ഞങ്ങള്‍ തീരുമാനിക്കും'- അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഭരണ- പ്രതിപക്ഷ മുന്നണികൾ നേർക്കുനേർ പോരാടുന്നതിനിടെയാണ് എൽഡിഎഫും യുഡിഎഫും പിന്തുണക്കുന്ന രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ കേരളത്തിൽ പ്രചാരണത്തിനെത്തിയത്. കേരളത്തിൽ നിന്നുള്ള മുഴുവൻ വോട്ടുകളും തനിക്ക് ലഭിക്കുമെന്ന് യശ്വന്ത് സിൻഹ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന് വിമാനത്താവളത്തിൽ സ്വീകരണം നൽകിയതിനെ ചൊല്ലിപ്പോലും ഇവിടെ ഇടത്-വലത് തർക്കം തുടരുകയാണ്. എന്നാൽ ഈ തർക്കം കാരണം യശ്വന്ത് സിൻഹയ്ക്ക് വോട്ട് ചെയ്യാതിരിക്കാൻ ഇരുമുന്നണികള്‍ക്കുമാകില്ല. ഇതിനിടെയാണ് എൽഡിഎഫ് ഘടകകക്ഷിയായ ജനതാദൾ എസിന്റെ പിന്തുണ ആർക്കെന്ന കാര്യത്തിൽ ആശങ്ക ഉയർന്നിരിക്കുന്നത്.
ഇന്ത്യയിലെ പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായാണ് യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനാർഥിയായി 17 പ്രതിപക്ഷ കക്ഷികൾ ചേർന്ന് അവതരിപ്പിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യത്തിൽനിന്നു മാറി നിൽക്കുകയാണു ദളിന്റെ ദേശീയ അധ്യക്ഷൻ ദേവഗൗഡ. എൻഡിഎയുടെ ദ്രൗപദി മുർമു മികച്ച സ്ഥാനാർഥിയാണെന്നു ഗൗഡ പ്രതികരിച്ചിരുന്നു.
ജനതാ പാർട്ടിയും ജനതാദളും ഉൾപ്പെടെ നാലോ അഞ്ചോ പാർട്ടികൾ മാറിയ സിൻഹയെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസം കേരളത്തിലെ ദൾ നേതൃത്വം ദേശീയ നേതൃത്വത്തെ നേരത്തെ ധരിപ്പിച്ചിരുന്നു. താൻ രാഷ്ട്രപതി സ്ഥാനാർഥിയാകുമെന്ന് ദേവഗൗഡ പ്രതീക്ഷിച്ചിരുന്നതായും പറയപ്പെടുന്നു. ഒടുവിൽ സിൻഹ പ്രതിപക്ഷത്തിന്റെയും ദ്രൗപദി ഭരണപക്ഷത്തിന്റെയും സ്ഥാനാർഥികളായതോടെ ഗൗഡ വിയോജിപ്പു തുറന്നുപറഞ്ഞു. എങ്കിലും, ഇടതുമുന്നണിയുടെ പൊതുധാരണ പാലിച്ചു സിൻഹയ്ക്കു വോട്ടു ചെയ്യണമെന്ന അഭിപ്രായമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. പക്ഷേ, ഗൗഡ മറിച്ചൊരു തീരുമാനമെടുത്താൽ കേരളത്തിലെ എംഎൽഎമാർ പ്രതിസന്ധിയിലാകും.
കേരളത്തിൽ മാത്യു ടി തോമസിനും കെ കൃഷ്ണൻകുട്ടിക്കും എൽഡിഎഫിന്റെ വിപ്പ് ലംഘിക്കേണ്ടി വരുമോ എന്ന ചോദ്യമാണ് ഉയരുന്നത്. അവരുമായി ലയിക്കാൻ തീരുമാനിച്ച എൽജെഡി പ്രതിനിധി കെ പി മോഹനൻ എന്തു നിലപാടെടുക്കുമെന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ രണ്ടോ മൂന്നോ എംഎൽഎമാരുടെ വോട്ടു ലഭിക്കാതെ വരുന്നത് മത്സരഫലത്തെ ബാധിക്കില്ലെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ അതു ചെറുതല്ലാത്ത ചലനങ്ങൾ സൃഷ്ടിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.