• HOME
  • »
  • NEWS
  • »
  • kerala
  • »
  • നരബലയിൽ കേരളം നാണം കെടുന്നു; അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയൽ നിയമം 'കോൾഡ് സ്റ്റോറേജിൽ'

നരബലയിൽ കേരളം നാണം കെടുന്നു; അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയൽ നിയമം 'കോൾഡ് സ്റ്റോറേജിൽ'

നരബലി കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണെങ്കിലും ദുർമന്ത്രവാദത്തിന്റേയും സാത്താൻ സേവയുടെയും പേരിലുള്ള നരഹത്യകൾ സമീപകാലത്ത് കേരളത്തെ ഞെട്ടിച്ചിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: നരബലിയിൽ കേരളം നാണം കെടുമ്പോൾ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ വേണ്ടിയുള്ള നിർദ്ദിഷ്ട നിയമം കോൾഡ് സ്‌റ്റോറേജിലാണ്. 'ദ കേരള പ്രിവൻഷൻ ആന്‍ഡ് എറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ’ 2021 എന്ന പേരിലാണ് നിയമ പരിഷ്കരണ കമ്മിഷൻ ഇത് സംബന്ധിച്ച ബില്ലിന്റെ കരട് തയാറാക്കിയെങ്കിലും ഒരു വർഷമായിട്ടും തുടർ നടപടിയുണ്ടായിട്ടില്ല.

    നരബലി കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണെങ്കിലും ദുർമന്ത്രവാദത്തിന്റേയും സാത്താൻ സേവയുടെയും പേരിലുള്ള നരഹത്യകൾ സമീപകാലത്ത് കേരളത്തെ ഞെട്ടിച്ചിരുന്നു. ഇടുക്കി വണ്ണപുറത്ത് നാലു പേരെ കൊന്നു കുഴിച്ചുമൂടിയത്.
    പൂവാറിലെ ഇരട്ടക്കൊലപാതകം, നെയ്യാറ്റിൻകരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യ, നന്ദൻകോട് നാലു പേരെ കൊന്ന കേദൽ ജിൻസൺ രാജ.

    ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നിയമ പരിഷ്കരണ കമ്മിഷന്റെ ശുപാർശ. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്നവർക്ക് ഒരു വർഷം മുതൽ ഏഴുവർഷംവരെ ശിക്ഷയും 5000 മുതൽ 50,000രൂപവരെ പിഴയുമാണ് കരട് ബില്ലിൽ വ്യവസ്ഥ ചെയ്തത്. ഒരാളുടെ അനുമതിയോടെ അനാചാരങ്ങൾ നടന്നാലും അതിനെ അനുമതിയായി കണക്കാക്കില്ല. അനാചാരത്തിനിടെ മരണം സംഭവിച്ചാൽ കൊലപാതക കുറ്റം ചുമത്തണം. തട്ടിപ്പിന് സഹായിക്കുന്നവർക്കും ഇതേ ശിക്ഷ നൽകണം എന്നിവയായിരുന്നു ശുപാർശകൾ. ‌‌

    Also Read- 'കൊലയ്ക്കുശേഷം മനുഷ്യമാംസം തിന്നു'; ഇലന്തൂരിലെ നരബലിക്കേസിൽ പ്രതിയുടെ വെളിപ്പെടുത്തൽ

    എന്നാൽ ബിൽ കൊണ്ടുവരാൻ ഇതുവരെ സർക്കാർ തയാറായിട്ടില്ല. ആഭ്യന്തര വകുപ്പിന്റെ പരിശോധനയിൽ ആണെന്നാണ് വിശദീകരണം. 2017ൽ പി.ടി.തോമസും 2021 ൽ ആലത്തൂർ എംഎൽഎ കെ.ഡി.പ്രസേനനും അവതരിപ്പിച്ച സ്വകാര്യ ബില്ലും സർക്കാർ അവഗണിച്ചു.

    ഇപ്പോൾ ഈ ആവശ്യം വീണ്ടും ശക്തമാകുകയാണ്. അന്ധവിശ്വാസങ്ങൾ തടയാൻ നിയമനിർമാണം വേഗത്തിലാക്കണമെന്ന് സി പി ഐ യും യുവജന സംഘടനകളും ആവശ്യപ്പെട്ടു.
    Published by:Naseeba TC
    First published: