കൊച്ചി: 50 വര്‍ഷങ്ങളിലേറെയായി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളില്‍ അര്‍പ്പിച്ചു വരുന്ന ജനാഭിമുഖ കുര്‍ബാന തുടരണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പയ്ക്കും പൗരസ്ത്യ തിരുസംഘത്തിനും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും സീറോ-മലബാര്‍ സിനഡ് പിതാക്കന്മാര്ക്കും 466 വൈദികര്‍ ഒപ്പിട്ട നിവേദനം അയച്ചു. 2021 ജൂലൈ 3-ാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ സീറോ-മലബാര്‍ സഭയിലെ വിശ്വാസികള്‍ക്ക് എഴുതിയ കത്തില്‍ മെത്രാന്മാരോട് ദൈവജനത്തിനോടൊപ്പം നടക്കാനും ഐക്യ രൂപ്യത്തിനേക്കാള് ഐക്യത്തിനു പ്രധാന്യം കൊടുക്കാനും പറഞ്ഞിരിക്കുന്ന സത്യങ്ങള്‍ ഉള്‍ക്കൊണ്ട് സിനഡ് പിതാക്കന്മാര് സഭയില്‍ ഐകരൂപ്യം അടിച്ചേല്പിക്കരുതെന്നാണ് നിവേദനത്തിലെ പ്രധാന ഉള്ളടക്കം.
അതിരൂപതാ വൈദിക സമ്മേളനവും പാസ്റ്ററല്‍ കൗൺസിലും ആലോചനാ സമിതിയും ലിറ്റര്‍ജി കമ്മിററിയും അംഗീകരിച്ച നിവേദനമാണ് റോമിലേക്ക് അയച്ചത്. പൗരസ്ത്യ കാനോന്‍ നിയമം 1506 ഉം 1507 ഉം പ്രകാരം സഭയില്‍ ഏതെങ്കിലും പ്രദേശത്ത് നിയമാനുസൃതമായും അധികാരികളുടെ അനുമതിയോടും കൂടി ആവര്‍ത്തിച്ചു വരുന്ന ക്രമം ആ സഭയുടെ പാരമ്പര്യമാകുമെന്നും ആ പാരമ്പര്യത്തിനു നിയമസാധുതയുണ്ടെന്നും വൈദികര്‍ സിനഡിനെ ഓര്‍മപ്പെടുത്തി. ദൈവജനത്തോടൊപ്പം നടക്കുക എന്നു വച്ചാല്‍ ജനങ്ങളുടെ ഹൃദയത്തോട് അടുത്തു നില്ക്കുന്ന ആരാധനക്രമം പോലുള്ള കാര്യങ്ങളില്‍ തീരുമാനമെടു ക്കുമ്പോള് ജനങ്ങളുടെയും വൈദികരുടെയും സന്യസ്ത്യരുടെയും കൂടി അഭിപ്രായങ്ങള്‍ മാനിക്കണമെന്നാണ്.
സീറോമലബാര്‍ സഭയിലെ 1999-ല്‍ അംഗീകരിച്ച കുര്‍ബാനക്രമത്തിന്റെ ടെക്സ്റ്റില്‍ ചില നവീകരണങ്ങള്‍ വരുത്തുതിനെക്കുറിച്ചാണ് രൂപതാതലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി ആഗസ്റ്റ് 2020-ലെ സിനഡിന്റെ തീരുമാന പ്രകാരം മാര്‍പാപ്പയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. അപ്പോഴൊന്നും കുര്‍ബാന അര്‍പ്പിക്കുന്ന രീതിയെക്കുറിച്ച് ഒരിടത്തും ചര്‍ച്ച ചെയ്തിട്ടില്ല. കഴിഞ്ഞ 50 വര്‍ഷങ്ങളായി രണ്ടാം വത്തിക്കാന്‍ കൗൺസിലിന്റെ ചൈതന്യത്തില്‍ സജീവവും ഫലപ്രദവുമായ രീതിയില്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചു വരുന്ന രൂപതകളില്‍ അതിനു പകരം മറ്റ് രീതികള്‍ അടിച്ചേല്പിക്കുന്നത് മാര്‍പാപ്പയുടെ കത്തിന്റെ ചൈതന്യത്തിന് വിരുദ്ധമായിരിക്കുമെന്നും നിവേദനത്തില്‍ പറയുന്നു.
1999-ലെ സിനഡില്‍ പങ്കെടുത്ത 6 മെത്രാന്മാര് മാത്രമാണ് ഇന്ന് രൂപതകളില്‍ സജീവമായി രംഗത്തുള്ളുവെന്നതും ഇപ്പോഴത്തെ സിനഡിലെ 39 മെത്രാന്മാര് 1999 ശേഷം സിനഡില്‍ അംഗങ്ങളായവരാണെുന്നുമുള്ള കാര്യം ഗൗരവമായി എടുക്കേണ്ടതാണ്. ഇപ്പോഴത്തെ സിനഡില്‍ വിപുലമായ ചര്‍ച്ചയ്ക്ക് വയ്ക്കാത്ത കുര്‍ബാനയര്‍പ്പണ രീതിയെക്കുറിച്ചുള്ള പഴയ തീരുമാനം ഏതാനും പേരുടെ താല്പര്യാനുസരണം അടിച്ചേല്പിക്കുത് അധാര്‍മികവും അവിവേകവുമായിരിക്കും. എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാനയല്ലാതെ മറ്റു രീതികള്‍ കാണാത്ത യുവതലമുറയ്ക്ക് അത്തരം തീരുമാനം ഉള്‍ക്കൊള്ളാന്‍ തന്നെ സാധിക്കുകയില്ല.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ കുര്‍ബാന പോലും ശരിയായി അര്‍പ്പിക്കാനാവാത്ത സാഹചര്യത്തില്‍ ജനങ്ങളുടെ ജീവിതത്തോടു അടുത്തു നില്ക്കുന്ന കുര്‍ബാന അര്‍പ്പണരീതിയില്‍ മാറ്റം വരുത്തിയാല്‍ അപകടകരമായ പ്രതിസന്ധി സീറോമലബാര്‍ സഭയിലുണ്ടാകുമെന്നും വൈദികര്‍ നിവേദനത്തില്‍ സൂചിപ്പിക്കുന്നു . ഇപ്പോള്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചു വരുന്ന മറ്റു രൂപതകളില്‍ നിന്നും സമാനമായ നിവേദനങ്ങള്‍ വൈദികരും അല്മായരും സിനഡിന് അയച്ചിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.