നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സിറോ മലബാർ സഭയിലെ കുർബാന എകീകരണം എളുപ്പമാകില്ല ;സഭ ആസ്ഥാനത്തിന് മുന്നിലേക്ക് പ്രതിഷേധവുമായി വൈദികർ

  സിറോ മലബാർ സഭയിലെ കുർബാന എകീകരണം എളുപ്പമാകില്ല ;സഭ ആസ്ഥാനത്തിന് മുന്നിലേക്ക് പ്രതിഷേധവുമായി വൈദികർ

  എറണാകുളം അങ്കമാലി അതിരൂപത ഉള്‍പ്പെടെ വിവിധ രൂപതകളിലെ വൈദികരാണ് സഭ ആസ്ഥാനത്തിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയത്. ഇവരെ തടയാന്‍ ഒരു വിഭാഗം രംഗത്ത് വന്നത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി

  • Share this:
  കൊച്ചി:സിറോ മലബാര്‍ സഭയിലെ(Syro Malabar Church) കുര്‍ബാന ഏകീകരണത്തിന് എതിരെ നിലപാട് കടുപ്പിച്ച് ഒരു വിഭാഗം വൈദികര്‍. തങ്ങള്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ഉടന്‍ നടപടി ഉണ്ടായില്ലെങ്കില്‍ സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.സഭയുടെ ആസ്ഥാനത്തേക്കും വൈദികരുടെ പ്രതിഷേധം ഉണ്ടായി.

  എറണാകുളം അങ്കമാലി അതിരൂപത ഉള്‍പ്പെടെ വിവിധ രൂപതകളിലെ വൈദികരാണ് സഭ ആസ്ഥാനത്തിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയത്. ഇവരെ തടയാന്‍ ഒരു വിഭാഗം രംഗത്ത് വന്നത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.

  വത്തിക്കാന്‍ അംഗീകരിച്ച കുര്‍ബാന ക്രമത്തിനെതിരെ വൈദികര്‍ പരസ്യ പ്രതിഷേധം നടത്തുന്നത് ഇതാദ്യമാണ്. സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിന് മുന്നിലേക്ക് വായ് മൂടിക്കെട്ടിയാണ് വൈദികര്‍ മാര്‍ച്ച് നടത്തിയത്.എന്നാല്‍ സഭ ആസ്ഥാനത്ത് മുന്നില്‍ അണിനിരന്ന ഒരു വിഭാഗം വിശ്വാസികള്‍ വൈദികര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയതോടെ പരസ്പരം വാക്കേറ്റമായി.

  വൈദികരുടെ നിലപാട് സഭയ്ക്കും വിശ്വാസികള്‍ക്കും എതിരെയുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധക്കാര്‍രായ ചര്‍ച് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു.

  എന്നാല്‍ ഏകപക്ഷീയമായ നിലപാടാണ് സഭ നേതൃത്വം സ്വീകരിച്ചതെന്നും ഇത് അവസാനിപ്പിച്ച് കുര്‍ബാന ഏകീകരണത്തിന് ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും അതില്ലാതെ പ്രതിഷേധങ്ങളില്‍ നിന്ന് വൈദികര്‍ പിന്മാറില്ലെന്നും വൈദികര്‍ വ്യക്തമാക്കി.

  പൊലീസ് ഇടപെട്ടാണ് സംഘര്‍ഷം തണുപ്പിച്ചത്. വൈദികരുടെ പ്രതിനിധിസംഘം സഭ ചാന്‍സലര്‍ വിന്‍സന്റ് ചെറുവത്തൂരിന് നിവേദനം നല്‍കി. ഇതിനുശേഷമാണ് ഇരുവിഭാഗവും പിരിഞ്ഞുപോയത്. കുര്‍ബാന ഏകീകരണം സീറോ മലബാര്‍ സഭയില്‍ തുടങ്ങിവച്ച വിവാദങ്ങളും പ്രതിഷേധങ്ങളും ഓരോ ദിവസം ചെല്ലുന്തോറും ശക്തമാകുകയാണ്.

  Also Read-വഖഫ് ബോര്‍ഡ്: വര്‍ഗ്ഗീയ വിഷം ചീറ്റാന്‍ ചില തീവ്രചിന്തകര്‍ ശ്രമിക്കുന്നു: കെ.ടി ജലീല്‍

  നിവേദനത്തിന്റെ പൂര്‍ണ്ണ രൂപം.

  1. ജനാഭിമുഖ കുര്‍ബാനയാണ് ഞങ്ങള്‍ കഴിഞ്ഞ 50 വര്‍ഷമായി ചൊല്ലിക്കൊണ്ടിരിക്കുന്നത്. അതിനെ അട്ടിമറിക്കുന്ന ഒരു തീരുമാനവും ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. എത്രയും വേഗം സിനഡ് കൂടി ഇപ്പോള്‍ ഞങ്ങള്‍ ചൊല്ലുന്ന ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്താനുതകും വിധം ഇപ്പോഴത്തെ തീരുമാനം പുനഃപരിശോധിക്കണം.

  2. പൗരസ്ത്യ കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ലെയോനാര്‍ദോ സാന്ദ്രി ഓരോ രൂപതാദ്ധ്യക്ഷനും അയച്ച കത്തില്‍ കുര്‍ബാനയര്‍പ്പണ രീതിയില്‍ ഓരോ രൂപതയിലെയും ദൈവജനത്തിന്റെ അഭിപ്രായം എഴുതി നവംബര്‍ 15 നകം നല്കാന്‍ പറഞ്ഞിട്ടുണ്ട്. ആ കത്തിലുള്ള ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ അഭിപ്രായ രൂപീകരണം നടത്തി മറുപടി നല്കാന്‍ പിതാക്കന്മാര്‍ എന്തെങ്കിലും നടപടിയെടുത്തതിന് ഇതുവരെ ഞങ്ങള്‍ക്കു തെളിവുകളില്ല. ദൈവജനത്തിന്റെ അഭിപ്രായം ആരായാതെ ഓരോ മെത്രാനും സ്വന്തം താല്പര്യാനുസരണം വത്തിക്കാന് മറുപടി കൊടുക്കാനുള്ള സാധ്യതയാണ് ഞങ്ങള്‍ കാണുന്നത്. ഈ കാര്യത്തില്‍ പൗരസ്ത്യ കാര്യാലയത്തിന് സത്യസന്ധതയുണ്ടെങ്കില്‍ ദൈവജനത്തിന്റെ അഭിപ്രായമാണ് തേടേണ്ടത്. അതുവരെ സിനഡിന്റെ ഇപ്പോഴത്തെ തീരുമാനത്തെ മരവിപ്പിക്കാനുള്ള കല്പന കൊടുക്കണം.

  3. വളരെ ശാന്തമായി പോയികൊണ്ടിരുന്ന ഞങ്ങളുടെ ഇടവകകളില്‍ സിനഡിന്റെ പുതിയ തീരുമാനം ആകുലതകളും അസ്വസ്ഥതകളും സംഘര്‍ഷങ്ങളുമാണ് കൊണ്ടുവന്നിരിക്കുന്നത്. നവംബര്‍ 28 നു ശേഷം പല രൂപതകളിലും അനൈക്യത്തിന്റെ അപസ്വരങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അതിനാല്‍ സിനഡ് പിതാക്കന്മാര്‍ വാശിയും വൈരാഗ്യവും ഉപേക്ഷിച്ച് ജനാഭിമുഖ കുര്‍ബാന ചൊല്ലുന്ന രൂപതകളിലെ ഇപ്പോഴത്തെ അവസ്ഥ നിലനിര്‍ത്താനുള്ള തീരുമാനം കൈകൊള്ളണം.

  4. വ്യക്തിസഭയായ സീറോമലബാര്‍ സഭയില്‍ ലിറ്റര്‍ജിയെക്കുറിച്ച് തീരുമാനം എടുക്കേണ്ടത് ഇവിടുത്തെ സഭാ സിനഡാണ്. പക്ഷേ സിനഡിലോ മറ്റൊരിടത്തൊ ചര്‍ച്ച ചെയ്യാത്ത കുര്‍ബാനയര്‍പ്പണ രീതി അടിച്ചേല്പിക്കാന്‍ മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ച് കത്ത് സംഘടിപ്പിക്കാന്‍ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ പോലും കല്‍ദായവാദികളായ മെത്രാന്മാര്‍ക്ക് ഒത്താശ ചെയ്തില്ലേ എന്ന് ഞങ്ങള്‍ ബലമായി സംശയിക്കുന്നു. സിനഡ് പിതാക്കന്മാര്‍ മാര്‍പാപ്പയുടെ കത്തിനെ കല്പനയായും തിരുവെഴുത്തായും ചിത്രീകരിച്ച് ദൈവജനത്തെ തെറ്റിദ്ധരിപ്പിച്ച കാര്യം പരസ്യമായി ഏറ്റുപറയണം.

  5. സീറോമലബാര്‍ സഭയില്‍ പതിനായിരക്കണക്കിന് സന്ന്യസ്തരുണ്ട്. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ സീറോമലബാര്‍ സിനഡ് തീരുമാനത്തിനപ്പുറത്തേക്ക് ചിന്തിക്കരുതെന്ന് അവരുടെ രൂപതാ മെത്രാന്മാര്‍ അവരെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. അവര്‍ക്ക് അഭിപ്രായ സ്വാതന്ത്യം പോലും നല്കാതെയാണ് കുര്‍ബാനയര്‍പ്പണ തീരുമാനമെന്നത് അനീതിയാണ്. അവരെക്കൂടി കേള്‍ക്കുന്നതുവരെ ഇപ്പോഴത്തെ തീരുമാനം റദ്ദാക്കണം.

  6. പുതിയ കുര്‍ബാനയര്‍പ്പണ രീതി സിനഡിന്റെ നിര്‍ദ്ദേശപ്രകാരം സാധ്യമായ ഇടവകകളില്‍ നവംബര്‍ 28 ന് ആരംഭിക്കണമെന്നത് ദുരുദ്ദേശ്യപരമാണ്. ഇത് ജനാഭിമുഖ കുര്‍ബാന ചൊല്ലിവരുന്ന രൂപതകളിലെ ചില ഇടവകകളില്‍ സംഘര്‍ഷങ്ങള്‍ക്കു വഴിവയ്ക്കും. അതിനാല്‍ സീറോ മലബാര്‍ സഭാ സിനഡ് അധികാരികളില്‍ നിന്നും നവംബര്‍ 20 നകം ജനാഭിമുഖ കുര്‍ബാനയ്ക്കനുകൂലമായ നടപടി ഉണ്ടാകണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ഞങ്ങളുടെ ആവശ്യം സാധിച്ചുകിട്ടും വരെ പരസ്യമായ പുതിയ കര്‍മ്മപരിപാടികളുമായി ഞങ്ങള്‍ മുമ്പോട്ടു പോകും.

  രണ്ടാം പിണറായി സര്‍ക്കാര്‍ മുസ്ലിം വിരുദ്ധം, സച്ചാറിലെ ചതി വഖഫ് ബോര്‍ഡിലും: സമസ്ത
  Published by:Jayashankar AV
  First published:
  )}