തൃശൂർ: ചില്ലി ചിക്കൻ കഴിച്ചശേഷം ഛർദിയും വയറിളക്കവും ബാധിച്ച് അവശനിലയിലായ 52-കാരൻ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക കണ്ടെത്തൽ. മരിച്ച പ്രകാശന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. അതിസാരം മൂലം നിർജലീകരണമുണ്ടായിരുന്നു. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ സാംപിൾ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.
കടപ്പുറം കറുകമാട് കെട്ടുങ്ങൽ പള്ളിക്ക് വടക്ക് പുതുവീട്ടിൽ പരേതനായ വേലായിയുടെയും മാരിയുടെയും മകൻ പ്രകാശനാണ് മരിച്ചത്. പ്രകാശൻ ചൊവ്വാഴ്ച രാത്രി അഞ്ചങ്ങാടിയിലെ ഹോട്ടലിൽനിന്ന് ചില്ലി ചിക്കൻ വാങ്ങിയിരുന്നു. പ്രകാശനും മക്കളും ഇത് കഴിച്ചു. മാംസം കഴിക്കുന്ന ശീലമില്ലാത്തതിനാൽ കഴിച്ചിരുന്നില്ല.
പ്രകാശനും മക്കളും ബുധനാഴ്ച താലൂക്ക് ആശുപത്രിയിലെത്തി മരുന്ന് വാങ്ങി തിരിച്ച് പോയിരുന്നു. വ്യാഴാഴ്ച രാവിലെ അവശനിലയിലായ പ്രകാശൻ താലൂക്ക് ആശുപത്രിയിലെത്തിക്കും മുൻപേ മരിക്കുകയായിരുന്നു. അബുദാബിയിൽ ജോലി ചെയ്യുകയായിരുന്ന പ്രകാശൻ രണ്ടു മാസംമുൻപാണ് വീടിന്റെ അറ്റകുറ്റപ്പണി നടത്താൻ അവധിക്ക് നാട്ടിലെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.