• HOME
 • »
 • NEWS
 • »
 • kerala
 • »
 • ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ വിയോഗം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചിച്ചു

ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ വിയോഗം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചിച്ചു

സ്വാമി പ്രകാശാനന്ദ അറിവിന്റെയും ആത്മീയതയുടെയും ഒരു ദീപസ്‌തംഭമായിരുന്നുവെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സ്വാമി പ്രകാശാനന്ദ

സ്വാമി പ്രകാശാനന്ദ

 • Last Updated :
 • Share this:
  ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ ദേഹവിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചിച്ചു. പ്രകാശാനന്ദയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. "സ്വാമി പ്രകാശാനന്ദ ജി അറിവിന്റെയും ആത്മീയതയുടെയും ഒരു ദീപസ്‌തംഭമായിരുന്നു. അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവന പ്രവർത്തനങ്ങൾ ദരിദ്രരിൽ ദരിദ്രരെ ശാക്തീകരിച്ചു. ശ്രീ നാരായണ ഗുരുവിന്റെ ശ്രേഷ്ഠമായ ചിന്തകളെ ജനപ്രിയമാക്കുന്നതിൽ അദ്ദേഹം മുൻകൈയെടുത്തു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. ഓം ശാന്തി."- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

  അഭ്യന്തരമന്ത്രി അമിത് ഷാ കുറിച്ചത് ഇങ്ങനെ- ''ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ സമാധി ഏറെ ദുഖകരമാണ്. മാനവികതയുടെ നന്മക്കായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. സ്വാമിജിയുടെ ചിന്തകളും ആദർശങ്ങളും നമ്മുടെ മാതൃരാജ്യത്തെയും മാനവികതയെയും സേവിക്കാൻ നമുക്ക് പ്രേരണയാകട്ടെ. ഓം ശാന്തി.''

  ശ്രീനാരായണ പൈതൃകത്തിന്‍റെ വര്‍ത്തമാനകാല ചൈതന്യ ദീപ്തിയായിരുന്നു സന്യാസിശ്രേഷ്ഠനായ സ്വാമി പ്രകാശാനന്ദ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ജാതിഭേദവും മതദ്വേഷവും ഇല്ലാതെ മനുഷ്യരാകെ സോദരരെപോലെ കഴിയുന്ന മഹനീയ കാലമുണ്ടാകണമെന്ന ശ്രീനാരായണ ഗുരുവിന്‍റെ സങ്കല്പത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു സ്വാമി പ്രകാശാനന്ദയുടേത്.മനുഷ്യത്വത്തിന്‍റെ മഹനീയതയെ വിളംബരം ചെയ്യുന്ന സവിശേഷ ആത്മീയതയുടെ വക്താവായിരുന്നു സ്വാമി. പുരോഗമന കേരളത്തിനു നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ശ്രീനാരായണ പ്രസ്ഥാനത്തിന്‍റെ നഷ്ടം മാനവികതയുടെ പൊതുവായ നഷ്ടമാണ്.

  Also Read- ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

  ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്‍റെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. സന്യാസ രംഗത്തെ മാതൃകാവ്യക്തിത്വമെന്നും നിസ്സംശയം വിശേഷിപ്പിക്കാനാവും. ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രചാരത്തിനും ശ്രീനാരായണ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്കും വേണ്ടി സമര്‍പ്പിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. നിസ്വാര്‍ത്ഥവും സമര്‍പ്പിതവുമായ പ്രവര്‍ത്തനത്തിലൂടെ ശ്രീനാരായണ സംസ്കാരത്തെ പുതിയമാനങ്ങളിലേക്കുയര്‍ത്താന്‍ സ്വാമി പ്രകാശാനന്ദയ്ക്ക് സാധിച്ചുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

  വർക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിൽ വെച്ചായിരുന്നു ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായത്. 99 വയസ്സായിരുന്നു. രണ്ടു വർഷത്തോളമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നു വൈകിട്ട് അഞ്ചിന് അദ്ദേഹത്തെ സമാധിയിരുത്തുമെന്ന് മഠം അധികൃതർ അറിയിച്ചു. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി 22ാം വയസിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. അന്ന് മഠാധിപതിയായിരുന്ന ശങ്കരാനന്ദയുടെ കീഴിലാണ് മഠത്തിൽ വൈദിക പഠനം നടത്തിയത്. ഗുരുദേവനിൽ നിന്നും നേരിട്ട് സന്യാസദീക്ഷ സ്വീകരിച്ചയാളാണ് ശങ്കരാനന്ദ. 35ാം വയസിൽ പ്രകാശാനന്ദ സന്യാസദീഷ സ്വീകരിച്ചു.

  സ്വാമി പ്രകാശാനന്ദ കൊല്ലം പുറവന്തൂർ സ്വദേശിയാണ്. കുമാരൻ എന്നാണ് പൂർവാശ്രമത്തിലെ പേര്. 1922 ഡിസംബറിലാണ് ജനനം. 1977ൽ ജനറൽ സെക്രട്ടറിയായും 2006 മുതൽ പത്തുവർഷം ട്രസ്റ്റ് അധ്യക്ഷ ചുമതലയും വഹിച്ചു. പ്രകാശാനന്ദ പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി ബ്രഹ്മ വിദ്യാലയം സ്ഥാപിച്ചത്. അദ്ദേഹം പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി തീർഥാടനം പ്ലാറ്റിനം ആഘോഷവും ദൈവദശകം ശതാബ്ദി ആഘോഷവും നടന്നത്.
  Published by:Rajesh V
  First published: