കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ എത്തും. വൈകിട്ട് കോഴിക്കോട്ട് നടക്കുന്ന റാലിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.
വൈകീട്ട് അഞ്ച് മണിയോടെ കരിപ്പൂരില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് കോഴിക്കോട്ടെത്തുന്നത്. കോഴിക്കോട് ബീച്ചില്‍ വിജയ് സങ്കല്‍പ്പ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ കൂടുതല്‍ ദേശീയ നേതാക്കളെ കേരളത്തിൽ പ്രചാരണത്തിന് ഇറക്കാനുള്ള ബി.ജെ.പി തീരുമാനത്തിന്റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം. ശബരിമല കേസില്‍ ജാമ്യം ലഭിച്ച കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി കെ പി പ്രകാശ്ബാബു ഉള്‍പ്പെടെ വടക്കൻ കേരളത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ എല്ലാം വേദിയിലുണ്ടാകും. ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ കടപ്പുറത്തെ റാലിയില്‍ പങ്കെടുക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ വടക്കന്‍ കേരളത്തില്‍ എന്‍ഡിഎ പ്രചാരണ രംഗത്ത് പുറകിലാണെന്ന പരാതിയുണ്ട്. മോദിയുടെ സന്ദര്‍ശനം പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കോഴിക്കോട് നഗരം കനത്ത സുരക്ഷയിലാണ്. 2000ത്തോളം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ മാസം 18ന് മോദി തിരുവനന്തപുരത്ത് എത്തും.
രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് കണ്ടാൽ പാകിസ്ഥാനാണോ എന്ന് തോന്നുമെന്നതടക്കം ബിജെപി നേതാക്കൾ നടത്തി കൊണ്ടിരിക്കുന്ന തുടർച്ചായ വിവാദ പരമാർശങ്ങൾക്കിടെയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തിൽ നിന്നും രാഹുൽ ഒളിച്ചോടിയെന്ന തന്റെ നേരത്തെയുള്ള വിമർശനം കോഴിക്കോടും പ്രധാനമന്ത്രി ആവർത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.