തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് ട്രെയിൻ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്കുള്ള കന്നിയാത്രയിൽ ക്ഷണിക്കപ്പെട്ട പ്രമുഖരും സ്കൂൾ വിദ്യാർത്ഥികളും മാധ്യമപ്രവർത്തകരുമായിരുന്നു ഉണ്ടായിരുന്നത്. ഓരോ സ്റ്റേഷനിലും വൻ സ്വീകരണമാണ് വന്ദേഭാരതിന് ലഭിച്ചത്. കണ്ണൂരിൽ എം വി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ട്രെയിനിനെ സ്വീകരിക്കാനെത്തി.
ഇപ്പോൾ തൃശൂരിൽ വന്ദേ ഭാരത് എക്സ്പ്രസിന് ലഭിച്ച സ്വീകരണത്തിന്റെ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പങ്കുവെച്ചിരിക്കുകയാണ്. ‘ഗംഭീര തൃശൂർ’ എന്ന് മലയാളത്തിലുള്ള ക്യാപ്ഷനോടെയാണ് ചെണ്ടമേളയടക്കുള്ള സ്വീകരണത്തിന്റെ വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ റെയിൽവേസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ച വീഡിയോ പ്രധാനമന്ത്രി റീട്വീറ്റ് ചെയ്യുകയായിരുന്നു.
ഗംഭീര തൃശൂർ! https://t.co/mZRulj6BLe
— Narendra Modi (@narendramodi) April 26, 2023
ഉച്ചയ്ക്ക് 3.50ന് തൃശൂരിലെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ട്രെയിൻ എത്തിയപ്പോൾ നാലര കഴിഞ്ഞു. നൂറോളം പൗരപ്രമുഖരും മാദ്ധ്യമപ്രവർത്തകരും തൃശൂരിൽ നിന്ന് ഷൊർണൂർ വരെ യാത്ര ചെയ്തു. ബിജെപി പ്രവർത്തകർ തൃശൂർ സ്റ്റേഷനിൽ ആവേശപൂർവ്വം സ്വീകരണം നൽകി. സംഗീതസംവിധായകരായ ഔസേപ്പച്ചനും വിദ്യാധരൻ മാസ്റ്ററും ഗായകൻ പി ജയചന്ദ്രനും യാത്രയിൽ പങ്കുചേർന്നു.
വന്ദേ ഭാരത് അഭിമാനമെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ പ്രതികരിച്ചു. വിദേശരാജ്യങ്ങളിൽ പോകുമ്പോൾ ഇത്തരം നിലവാരമുള്ള ട്രെയിനുകളുണ്ട്. നമ്മുടെ നാട്ടിനും ഇത് അഭിമാനമാകും. വന്ദേ ഭാരത് ട്രെയിനിൽ തൃശൂരിൽ നിന്ന് ഷൊർണൂർ വരെ യാത്ര ചെയ്ത ശേഷം മാദ്ധ്യമപ്രവർത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറയുന്നത് ചെയ്യുമെന്ന് ഒരിക്കൽ കൂടി നരേന്ദ്രമോദി തെളിയിച്ചുവെന്ന് സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ പറഞ്ഞു. വന്ദേഭാരത് യാത്രാനുഭവം വളരെ മികച്ചതെന്ന് പ്രശസ്ത ഗായകൻ പി ജയചന്ദ്രൻ. ഇത്രയും നല്ലൊരു യാത്രാനുഭവം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ഇത്തരം ട്രെയിനുകളാണ് നമുക്ക് വേണ്ടതെന്നും ജയചന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: PM Modi in Kerala, Thrissur, Vande Bharat, Vande Bharat Express