പീരുമേട്: കാലാവധി കഴിഞ്ഞ ലൈസന്‍സുമായി ബസ് ഓടിച്ചു വന്ന സ്വകാര്യ ബസ് ഡ്രൈവറെ ഒഴിവാക്കിയ ശേഷം ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്. വാഗമണ്‍- ഏലപ്പാറ റൂട്ടില്‍ കോലാഹലമേട്ടില്‍ മോട്ടര്‍ വാഹന വകുപ്പ് (Motor Vehicle Department) പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
കുമളിയില്‍ നിന്ന് വാഗമണ്ണിലേക്ക് പോയ ബസിലെ ഡ്രൈവറാണ് കാലാവധി തീര്‍ന്ന ലൈസന്‍സുമായി ബസ് ഓടിച്ചിരുന്നത്. 2021 നവംബറില്‍ ഇയാളുടെ ലൈസന്‍സിന്റെ കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്ന് ബസിന്റെ ട്രിപ്പ് മുടങ്ങാതിരിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത ഡ്രൈവറെ ഒഴിവാക്കി എംവിഐ വി (MVI) അനില്‍ കുമാര്‍ ബസ് ഓടിച്ച് യാത്രക്കാരെ വാഗമണ്ണില്‍ എത്തിച്ചു. പിന്നീട് മറ്റൊരു ഡ്രൈവര്‍ എത്തി ബസ് സര്‍വീസ് പുനരാരംഭിക്കുകയും ചെയ്തു.
കുട്ടിക്കാനം ഏലപ്പാറ വാഗമണ്‍ ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ 35 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും ഒന്നര ലക്ഷത്തോളം പിഴ ഈടാക്കുകയും ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു.
Accident | ഓടിച്ചയാള്‍ ഉറങ്ങിപ്പോയി; നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്കു ദാരുണാന്ത്യം
കോട്ടയം: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കയറി സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. എംസി റോഡില്‍ തുരുത്തി പുന്നമൂട് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. കുറിച്ചി സചിവോത്തമപുരം വഞ്ഞിപ്പുഴ സൈജു (43), ഭാര്യ വിബി (39) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.
ചങ്ങനാശേരി ഭാഗത്തു നിന്ന് എത്തിയ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചുവീണു. സ്കൂട്ടറുമായി നിരങ്ങി നീങ്ങിയ കാര്‍ 10 മീറ്റര്‍ മാറി സമീപത്തെ കടയുടെ ഭിത്തിയില്‍ ഇടിച്ചാണു നിന്നത്.
സൈജുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും വിബിയെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കനായില്ല. വേഴപ്ര വഞ്ഞിപ്പുഴ പരേതനായ കുഞ്ഞച്ചന് - മറിയാമ്മ ദമ്പതികളുടെ മകനായ സൈജു കുറിച്ചി മന്ദിരം കവലയില്‍ വ്യാപാരസ്ഥാപനം നടത്തുകയായിരുന്നു. ചിങ്ങവനം തോട്ടാത്ര പരേതനായ ആന്‍ഡ്രൂസ് - വത്സമ്മ ദമ്പതികളുടെ മകളായ വിബി കുറിച്ചി സെന്റ് മേരി മഗ്ദലീന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ ക്ലര്‍ക്കാണ്.
പറവൂര്‍ ഏഴിക്കര സ്വദേശി ജോമോനും കുടുംബവുമാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ പ്രാഥമിക ചികിത്സ തേടി. കാര്‍ ഓടിച്ചിരുന്ന ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. സൈജുവിന്റെയും വിബിയുടെയും 3 മക്കളില്‍ രണ്ടുപേര്‍ വളരെ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.