കോഴിക്കോട്: ത്രൈമാസ നികുതിയില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമകള്‍ ഗതാഗത മന്ത്രിയുമായി കൂടികാഴ്ച നടത്തി. നികുതി അടയ്ക്കാനുള്ള സമയം ജനുവരി 30ന് അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു കൂടികാഴ്ച. നികുതി ഒഴിവാക്കാതെ ഫെബ്രുവരി ഒന്ന് മുതല്‍ സര്‍വീസ് നടത്താനാവാത്ത സാഹചര്യമാണുള്ളതെന്ന് ബസ്സുടമകള്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ത്രൈമാസ നികുതി അടയ്ക്കാന്‍ ജനുവരി 30 വരെ സമയവും അനുവദിച്ചു. എന്നാല്‍ നികുതി അടയ്ക്കാനുള്ള സാമ്പത്തിക ശേഷി നിലവില്‍ ബസ്സുടമകള്‍ക്കില്ലെന്നും നികുതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നുമാണ് ബസ്സുടമകളുടെ ആവശ്യം. നികുതി ഒഴിവാക്കിയില്ലെങ്കില്‍ ഫെബ്രുവരി മുതല്‍ ബസ്സുകള്‍ നിരത്തിലിറക്കാന്‍ ബുദ്ധിമുട്ടാണെന്ന് ബസ്സുടമകള്‍ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ബസ്സുടമകള്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി കൂടികാഴ്ച നടത്തിയത്. മിനിമം ചാര്‍ജ്ജ് 12 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ്ജ് അഞ്ച് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചെന്ന് ബസ്സുടമകളുടെ പ്രതിനിധിയായ ടി ഗോപിനാഥന് പറഞ്ഞു.
Also Read
NCPയിലെ പിളർപ്പ്: അവസാനവട്ട സമവായ നീക്കവുമായി ശരത് പവാർ; ഫെബ്രുവരി ഒന്നിന് ഡൽഹിയിൽ ചർച്ച
യാത്രക്കാര്‍ കുറഞ്ഞതിനാല്‍ സംസ്ഥാനത്തെ 15,800 സ്വകാര്യബസുകളില്‍ 12,600 ബസുകള്‍ സ്റ്റോപ്പേജ് അപേക്ഷ നല്‍കിയിരുന്നു. ഇത്രയും ബസുകള്‍ 2020 ഓഗസ്റ്റ് മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കോവിഡ് കാരണം സ്വകാര്യബസുകളില്‍ യാത്രക്കാര്‍ കുറവായതിനാല്‍ സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജൂലൈയില്‍ സര്‍വീസ് പുനരാരംഭിച്ചെങ്കിലും യാത്രക്കാര്‍ നന്നേ കുറവായിരുന്നു.
Also Read
ദുബായില്‍ അറേബ്യൻ ലുക്കിൽ പുതിയ ക്ഷേത്രം; അടുത്ത വർഷം തുറക്കുമെന്ന് റിപ്പോർട്ട്
ചാര്‍ജ് കൂട്ടിയിട്ടും നഷ്ടമാണെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. റോഡ് നികുതി ഒഴിവാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. സ്റ്റോപ്പേജ് നല്കിയാല് അത്രയുംകാലം ഓടാത്തതിന് ബസ്സുകാര് നികുതി അടയ്ക്കേണ്ടതില്ല. നികുതിയടച്ച് സര്‍വീസ് നടത്തിയാല്‍ ലാഭകരമല്ലെന്നാണ് ബസ്സുടമകളുടെ വാദം. നികുതി ഒഴിവാക്കി ബസ് ഓടാന്‍ അനുവദിച്ചാല്‍ ദിവസം 15,800 ബസുകള്‍ ഡീസല്‍ ഉപയോഗിക്കുന്ന ഇനത്തില്‍ ഇന്ധന നികുതിയായി ദിവസവും രണ്ടുകോടി രൂപയോളം സര്‍ക്കാരിനു ലഭിക്കുമത്രെ.
സ്വകാര്യബസുകള്‍ക്കൊപ്പം ടൂറിസ്റ്റ് ബസുകളുടെയും റോഡ് നികുതി ഒഴിവാക്കിക്കിയിരുന്നു. ഇക്കാലയളവില്‍ ഓടാത്ത സ്കൂള്‍ബസുകളുടെ നികുതിയിലും ഇളവ് നല്‍കാമെന്ന് ഗതാഗതവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. എന്നാലിപ്പോള്‍ 70 ശതമാനത്തിലധികം സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങിയതോടെയാണ് ത്രൈമാസ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.