• HOME
 • »
 • NEWS
 • »
 • kerala
 • »
 • AA Rahim | 'തലപൊക്കിയാൽ ആ തല പിന്നെ കാണില്ല'; എ എ റഹീമിന്‍റെ അന്നത്തെ ഭീഷണി ഓർത്തെടുത്ത് പ്രൊഫ. വിജയലക്ഷ്മി

AA Rahim | 'തലപൊക്കിയാൽ ആ തല പിന്നെ കാണില്ല'; എ എ റഹീമിന്‍റെ അന്നത്തെ ഭീഷണി ഓർത്തെടുത്ത് പ്രൊഫ. വിജയലക്ഷ്മി

ജീവൻ വേണേൽ ബില്ല് ഒപ്പിട്ടു തന്നേക്കണം. അല്ലെങ്കിൽ ശവമായിട്ടേ പുറത്തുപോകൂ. ഇനി ഈ പരിസരത്ത് കണ്ടാൽ കൊന്നുകളയും. ഇതായിരുന്നു സിൻഡിക്കേറ്റ് അഗമായിരുന്ന റഹീമിന്‍റെ വാക്കുകളെന്നും വിജയലക്ഷ്മി

AA-Rahim

AA-Rahim

 • Share this:
  തിരുവനന്തപുരം: കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായിരിക്കെ ഡിവൈഎഫ്ഐ നേതാവ് എ എ റഹീം ഉയർത്തിയ ഭീഷണി ഓർത്തെടുത്ത് സ്റ്റുഡന്‍റ്സ് സർവീസ് മേധാവി പ്രൊഫസർ വിജയ ലക്ഷ്മി. തല പൊക്കിയാൽ ആ തല പിന്നെ കാണില്ലെന്നായിരുന്നു റഹീമിന്‍റെ ഭീഷണിയെന്ന് വിജയലക്ഷ്മി പറയുന്നു. ഡയറക്ടർ എന്നാൽ വെറും ശിപായി മാത്രമാണ്. കൊല്ലാൻ ഞങ്ങൾ മടിക്കില്ല. ജീവൻ വേണേൽ ബില്ല് ഒപ്പിട്ടു തന്നേക്കണം. അല്ലെങ്കിൽ ശവമായിട്ടേ പുറത്തുപോകൂ. ഇനി ഈ പരിസരത്ത് കണ്ടാൽ കൊന്നുകളയും. ഇതായിരുന്നു സിൻഡിക്കേറ്റ് അഗമായിരുന്ന റഹീമിന്‍റെ വാക്കുകളെന്നും വിജയലക്ഷ്മി പറഞ്ഞു. മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. സമരത്തിനിടയില്‍ തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്ന കേരള സർവകലാശാല സ്റ്റുഡന്റ് സർവീസ് മേധാവി പ്രൊഫസർ വിജയലക്ഷ്മിയുടെ പരാതിയിൽ എ എ റഹീം ഉൾപ്പടെയുള്ളവർക്കെതിരെ ഇന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

  2017 മാർച്ച് മുപ്പതിനായിരുന്നു ഡോ. വിജയലക്ഷ്മിയെ എ എ റഹീമിന്‍റെ നേതൃത്വത്തിൽ തടഞ്ഞുവെച്ചത്. സർവകലാശാല സ്റ്റുഡന്‍റ്സ് ആക്ടിവിറ്റീസിനുള്ള തുക അനുവദിക്കാത്തതിനായിരുന്നു ഡോ. വിജയലക്ഷ്മിക്കെതിരെ പ്രതിഷേധം ഉയർത്തിയത്. യൂണിവേഴ്സിറ്റി കലോത്സവ സമയത്ത് യൂണിയൻ വിദ്യാർഥികൾ തുക ആവശ്യപ്പെട്ട് വിജയ ലക്ഷ്മിയെ സമീപിച്ചു. എന്നാൽ യൂണിവേഴ്സിറ്റി ഉത്തരവ് പ്രകാരം മുമ്പ് കൊടുത്ത പണത്തിന്‍റെ ബില്ല് നൽകിയാൽ മാത്രമെ ബാക്കി തുക നൽകുകയുള്ളു. ഇക്കാര്യം വ്യക്തമാക്കിയതോടെയാണ് ഇരുന്നൂറോളം വിദ്യാർഥികൾ ചേർന്ന് വിജയലക്ഷ്മിയെ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്. വിദ്യാർഥികൾ അസഭ്യം പറയുകയും മുടിയിൽ പിടിച്ചുവലിക്കുകയും മണിക്കൂറുകളോളം വെള്ളം പോലും നൽകാതെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ബോധംകെട്ട് വീഴുമെന്ന അവസ്ഥയിൽ വിജയലക്ഷ്മിയെ പ്രതിഷേധക്കാർ ശാരീരികമായി കൈകാര്യം ചെയ്യാനും ശ്രമിച്ചു. ഇതിനിടെ പെൺകുട്ടികൾ തലമുടി പിടിച്ചുവലിക്കുകയും പേനകൊണ്ട് മുതുകിൽ കുത്തി വേദനിപ്പിക്കുകയും ചെയ്തു. പൊലീസിനും മുഖ്യമന്ത്രിയ്ക്കും വനിതാ കമ്മീഷനും പരാതി നൽകി. ഒടുവിൽ ഗവർണറെ കണ്ടതോടെയാണ് കേസെടുക്കാൻ തയ്യാറായത്.

  ഇപ്പോൾ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വാർത്ത കേട്ടതിൽ സന്തോഷമുണ്ടെന്നും ഡോ. വിജയലക്ഷ്മി പറഞ്ഞു. ഈ സംഭവത്തിനുശേഷവും തന്നെ ഒറ്റപ്പെടുത്താൻ ശ്രമമുണ്ടായി. സെമിനാറുകളിൽ നിന്ന് ഒഴിവാക്കി. പ്രോജക്ടുകൾ അംഗീകരിക്കാതെയായി. നെറികേടിനെതിരെ പോരാടിയത് കോടതി അംഗീകരിച്ചതിൽ സന്തോഷമുണ്ട്. ആരും നിയമത്തിന് മുകളിലല്ലെന്ന് തെളിഞ്ഞതായും വിജയ ലക്ഷ്മി പറഞ്ഞു.

  സമരത്തിനിടെ അന്യായ തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതി; എ.എ.റഹിമിന് അറസ്റ്റ് വാറന്റ്

  എസ്എഫ്ഐ (SFI) നടത്തിയ സമരത്തിനിടെ അന്യായ തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന പരാതിയിന്മേൽ ഡിവൈഎഫ്ഐ (DYFI) അഖിലേന്ത്യാ പ്രസിഡന്‍റും രാജ്യസഭാ എംപിയുമായ എ.എ.റഹിമിന് ( A A Rahim) അറസ്റ്റ് വാറന്റ്. കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മി നൽകിയ ഹർജിയിൽ, തിരുവനന്തപുരം (Thiruvananthapuram) ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

  Also Read- കെ.വി. തോമസിനെ പുറത്താക്കില്ല; പദവികളിൽ നിന്നൊഴിവാക്കും; താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശുപാർശ

  കോടതിയില്‍ ഹാജരാകാമെന്ന റഹിമിന്റെ ഉറപ്പിന്മേൽ സ്റ്റേഷനില്‍ നിന്ന് ജാമ്യം അനുവദിക്കാമെന്ന വ്യവസ്ഥയോടെയാണ് അറസ്റ്റ് വാറന്റ്. നേരിട്ട് ഹാജരാകണമെന്ന നിര്‍ദേശമുണ്ടായിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. റഹിമുള്‍പ്പെടെ 12 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. നേരത്തേ, കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി വിജയലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി തള്ളിയിരുന്നു.
  Published by:Anuraj GR
  First published: