സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാനൊരുങ്ങി സിപിഎമ്മും ഇടത് മുന്നണിയും. ഇതിന്‍റെ ഭാഗമായി ഈ മാസം 21 മുതല്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളും റാലികളും സംഘടിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന് എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ രാഷ്ട്രീയ വിശദീകരണം നല്‍കുക എന്നതാണ് പരിപാടി കൊണ്ട് മുന്നണി ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രിക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് വിമാനത്തില്‍ അരങ്ങേറിയതെന്ന് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആരോപിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അവസാന നിമിഷമാണ് മൂന്ന് പേര്‍ വിമാനത്തില്‍ കയറിയത്. ഇതിലൊരാള്‍ വധശ്രമക്കേസ് ഉള്‍പ്പെടെ 19 കേസുകളില്‍ പ്രതിയാണ്. കൂടെയുള്ളവര്‍ക്കെതിരേയുംനിരവധി കേസുകളുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വം അറിഞ്ഞുകൊണ്ടുള്ള ആക്രമണമാണിത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ ജനങ്ങളെ അണിനിരത്തും.
Also Read- 'മുഖ്യമന്ത്രിയും കുടുംബവുമായി ഞാൻ ഒരുപാട് തവണ ചര്‍ച്ച നടത്തി; ഓര്‍മിപ്പിച്ചു കൊടുക്കാം': സ്വപ്ന
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിയായി ജയിലില്‍ കിടന്ന, 20 തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ച ഒരു സ്ത്രീയെ മുന്‍നിര്‍ത്തിയാണ് യുഡിഎഫും ബിജെപിയും എല്‍ഡിഎഫിനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതിന്‍റെ അഹങ്കാരവും ധാര്‍ഷ്ട്യവും കൊണ്ടാണ് യുഡിഎഫ് ഇപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമി, ആര്‍എസ്എസ്, എസ്ഡിപിഐയുടെ സഹായത്തോടെയാണ് തൃക്കാക്കരയില്‍ യുഡിഎഫ് അധികാരത്തില്‍ വന്നത്. വികസനപദ്ധതികളെ അലങ്കോലപ്പെടുത്താനുള്ള കൂട്ടുകെട്ടാണ് ഇത്. ഈ കാര്യം ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കും. വികസനവിരോധികളുടേയും അക്രമികളുടേയും അഴിഞ്ഞാട്ടമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു; ഇപി ജയരാജനെതിരെ ഡിജിപിക്ക് പരാതി
യൂത്ത് കോൺഗ്രസ് (Youth Congress) പ്രവർത്തകരെ വിമാനത്തില്‍ വച്ച് കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍ (E.P Jayarajan) ശ്രമിച്ചതായി പരാതി. വിമാനത്തിൽ സ്വകാര്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരെ ജയരാജൻ ദേഹോപദ്രവം ഏൽപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് ഡിജിപിക്ക് പരാതി നൽകിയത്. ഇരുവർക്കുമെതിരെ കളവായ വിവരങ്ങൾ ചേർത്ത് റജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read- ‘നിന്നെ ഞങ്ങള്‍ വച്ചേക്കില്ല’ എന്ന് ആക്രോശിച്ചു; മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുത്തു; പൊലീസ് എഫ്ഐആർ
ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും ജയരാജന് യാത്രാനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷൻ അതോറിറ്റിക്കും പരാതി നൽകിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഡിജിപിക്കു നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്തുവന്നത്. ഒരു മുദ്രാവാക്യം വിളിയെ കൊലപാതകശ്രമമായി ചിത്രീകരിച്ച് കേസെടുക്കുന്ന മുഖ്യമന്ത്രിയുടെ ഭീരുത്വത്തെ നിയമപരമായും അസഹിഷ്ണുതയെ രാഷ്ട്രീയമായും നേരിടുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold Smuggling Case, Ldf