• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'പ്രതിഷേധം നടന്നത് മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയശേഷം' ഇപി ജയരാജന്‍ ആദ്യം പറഞ്ഞതിങ്ങനെ

'പ്രതിഷേധം നടന്നത് മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയശേഷം' ഇപി ജയരാജന്‍ ആദ്യം പറഞ്ഞതിങ്ങനെ

അരമണിക്കൂറിനു ശേഷ നടത്തിയ പ്രതികരണത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചുവെന്നാണ് ഇപി ജയരാജന്‍ പറഞ്ഞത്.

 • Share this:
  മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ സംഭവത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴാണ് വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് ഇപി പറഞ്ഞ വാക്കുകള്‍ സര്‍ക്കാര്‍ വാദത്തെ ദുര്‍ബലമാക്കുന്നത്.

  വിമാനത്തിൽനിന്ന് മുഖ്യമന്ത്രി ഇറങ്ങിയ ശേഷമാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എഴുന്നേറ്റതെന്നായിരുന്നു ജയരാജന്റെ പ്രതികരണം. മദ്യപിച്ചു ലക്കുകെട്ട അവർക്കു നേരെ നിൽക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും ജയരാജൻ ഏഷ്യാനെറ്റ് പ്രതിനിധിയോട് പറഞ്ഞു. എന്നാൽ, അരമണിക്കൂറിനു ശേഷ നടത്തിയ പ്രതികരണത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചുവെന്നാണ് ഇപി ജയരാജന്‍ പറഞ്ഞത്.

  ഇപി ജയരാജന്‍റെ വാക്കുകള്‍.. (ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയോട് പറഞ്ഞത് )

  ശരിക്കും എന്താണുണ്ടായത്. ഇപി ഒന്നു പറയാമോ?

  ലാൻഡ് ചെയ്തു. മുഖ്യമന്ത്രിയൊക്കെ ഇറങ്ങി വാഹനത്തിലേക്കു പോയി. ഞങ്ങൾ അതിന്റെ കുറച്ചുകൂടി മുൻപിലാണ് ഉണ്ടായിരുന്നത്. ഞങ്ങൾ എഴുന്നേറ്റ് എന്റെ ബാഗ് എടുക്കുമ്പോഴുണ്ട് മുമ്പ്ന്ന് രണ്ട് മൂന്ന് ആള് കൂടി തമ്മ് പിടിച്ച് കെട്ടി മറിഞ്ഞ് ‘യൂ –ത്ത് – കോ–ൺ –ഗ്ര –സ് ... സി – ന്ദാ –– ബാ’.. പറയാൻപോലും പറ്റുന്നില്ലാന്ന്. 

  ∙ താങ്കൾ നിൽക്കുകയായിരുന്നു. ഇവർ മുഖ്യമന്ത്രിക്ക് അടുത്തേക്ക് പോകുന്നത് തടയാൻ ?

  മുഖ്യമന്ത്രി ഇറങ്ങിപ്പോയിരിക്കുന്നു. (ചിരിച്ചുകൊണ്ട്) മുഖ്യമന്ത്രി ഇറങ്ങിപ്പോയിരുന്നു. മുഖ്യമന്ത്രി അവിടെ ഇല്ല. കള്ളും കുടിച്ച് മറ്റുള്ളവരുടെ മേൽ വീഴാതിരിക്കാൻ ഞാനവിടെ നടുവിൽ നിന്നു. 

   ‘നിന്നെ ഞങ്ങള്‍ വച്ചേക്കില്ല’ എന്ന് ആക്രോശിച്ചു; മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുത്തു; പൊലീസ് എഫ്ഐആർ


  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) വിമാനത്തിൽ മുദ്രാവാക്യം വിളിച്ചവർ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചെന്ന് എഫ്ഐആർ (FIR). മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് വലിയതുറ പൊലീസ് (Valiyathura police) രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്റെ പരാതിയിലാണ് കേസെടുത്തത്.

  യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് നാരായണൻ എന്നിവരാണ് പ്രതികൾ. ഇതിൽ സുനിത് നാരായണൻ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാളാണ് വീഡിയോ പകർത്തിയതെന്നും പൊലീസ് പറയുന്നു.

  മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. വിമാനത്തിൽ 8 എ, 8 സി, 7 ഡി എന്നീ സീറ്റുകളിൽ യാത്ര ചെയ്തിരുന്നവരാണ് അതിക്രമം കാണിച്ചതെന്നാണ് എയർപോർട്ട് മാനേജർ വിജിത്ത് പരാതി നൽകിയിട്ടുള്ളത്. കണ്ണൂരിൽ നിന്നുമെത്തിയ മൂന്ന് യാത്രക്കാർ അതിക്രമം കാണിച്ചുവെന്ന് കാണിച്ച് ഇൻഡിഗോ ഗ്രൗണ്ട് ഹാൻഡിലിംഗ് മാനേജരും പരാതി നൽകിയിട്ടുണ്ട്.

  ഇൻഡിഗോയുടെ 6E 7407 നമ്പർ വിമാനത്തിൽ കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്കുവന്ന മുഖ്യമന്ത്രിക്കു നേരെ പ്രതികള്‍ മുദ്രാവാക്യം ഉയർത്തി പാഞ്ഞടുക്കുകയായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു. വിമാനം ലാൻഡ് ചെയ്യുമ്പോൾ ക്രൂ അംഗത്തിന്റെ നിയമപരമായ നിർദേശങ്ങൾ പാലിക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിച്ച് വിമാനത്തിലെ 20 എ സീറ്റിലിരുന്ന മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്തു. ‘നിന്നെ ഞങ്ങള്‍ വച്ചേക്കില്ല’ എന്ന് ആക്രോശിച്ചു കൊണ്ടാണ് മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുത്തത്. തടയാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരനെ പ്രതികൾ ദേഹോപദ്രവം ഏൽപിച്ചു. സുരക്ഷാ ജീവനക്കാരന്റെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

  ഐപിസി 120 ബി, 332, 307, 34 വകുപ്പുകളും എയർ ക്രാഫ്റ്റ് (ഇൻവെസ്റ്റിഗേഷൻ ഓഫ് ആക്സിഡൻസ് ആൻഡ് ഇൻസിഡെന്‍സ് റൂൾസ്–2012) 22, എയർക്രാഫ്റ്റ് ആക്ട് 11 എ, സിവിൽ ഏവിയേഷന്‍ ആക്ട് 3(1)(എ) അനുസരിച്ചുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
  Published by:Arun krishna
  First published: