വട്ടവട: നീലക്കുറിഞ്ഞി മേഖലയില്‍ മരം മുറിക്കാനുള്ള റവന്യൂവകുപ്പ് ഉത്തരവ് തടഞ്ഞ ദേവികുളം സബ്കളക്ടര്‍ രേണുരാജിനെതിരെ പ്രതിഷേധം. സര്‍ക്കാര്‍ ഭൂമിയിലെ മരംമുറിക്കല്‍ തടയാന്‍ സബ്കളക്ടര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതില്‍ പ്രതിഷേധിച്ച് വട്ടവടയില്‍ സബ്കളക്ടറുടെയും വനിതാ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയും കോലം നാട്ടുകാര്‍ കത്തിച്ചു.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു കൊട്ടക്കാമ്പൂര്‍ അടക്കമുള്ള വില്ലേജുകളില്‍ മരംമുറിയ്ക്ക് റവന്യൂ വകുപ്പ് അനുമതി നല്‍കിയത്. എന്നാല്‍ തൊട്ടുപിന്നാലെ രംഗത്തെത്തിയ വനംവകുപ്പ് ഈ നീക്കം തടയുകയായിരുന്നു. മരം മുറിക്കുന്നതിനെതിരെ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലകളിലെ സര്‍ക്കാര്‍ ഭൂമിയിലെമരംമുറി തടയണമെന്ന് ദേവികുളം സബ്കളക്ടര്‍ രേണുരാജ് പൊലീസിന് നിര്‍ദ്ദേശവും നല്കി.
Also Read: 500 കോടിയിൽ കുറയാതെ വിലമതിക്കുന്ന മരം മുറിക്കാന്‍ റവന്യു വകുപ്പ് ഉത്തരവ്; എതിര്‍പ്പുമായി വനംവകുപ്പ്ഇതോടെയായാണ് വട്ടവടയില്‍ നാട്ടുകാര്‍ സബ്കളക്ടര്‍ക്കെതിരെ രംഗത്തെത്തിയത്. മരംമുറിയ്ക്കാന്‍ നല്കിയ സര്‍ക്കാര്‍ ഉത്തരവ് സബ്കളക്ടര്‍ അട്ടിമറിയ്ക്കുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ രേണുരാജിന്റെ കോലം കത്തിക്കുകയായിരുന്നു.
വട്ടവട, കൊട്ടക്കാമ്പൂര്‍ അടക്കമുള്ള വില്ലേജുകളില്‍ പട്ടയസ്ഥലങ്ങള്ക്ക് പുറത്താണ് ഗ്രാന്‍ഡിസ് മരങ്ങളില്‍ ഏറിയപങ്കുമുള്ളത്. കൈവശരേഖകള്‍ ഉള്ളവരും ഇല്ലാത്തവരും ഇവിടെ കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി കയ്യേറിയവരും ഇക്കൂട്ടത്തിലുണ്ട്.
സബ്കളക്ടറുടെ ഉത്തരവനുസരിച്ച് മരംവെട്ടുന്ന സ്ഥലം സര്‍ക്കാരിന്റേതല്ലെന്ന് വ്യക്തമാക്കാന്‍ ഭൂമി സംബന്ധമായ രേഖകള്‍ ഹാജരാക്കേണ്ടി വരും. ഇതിനെതിരെയാണ് കളക്ടര്‍ക്കും വൈല്‍ഡ് ലൈഫ് വാര്‍ഡനുമെതിരെ നാട്ടുകാര്‍ രംഗത്തെത്തിയത്. മറ്റന്നാളാണ് മരംവെട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരിയ്ക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.