കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില്‍ കെറെയില്‍ കല്ലിടാനെത്തിയ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. അനുനയത്തിന് തയാറാകാതെ വന്നതോടെ പോലീസ് ബലംപ്രയോഗിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. കല്ലിടാനെത്തിയ സംഘം തിരിച്ചുപോയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഒരു കൂട്ടം സ്ത്രീകള്‍ മണ്ണെണ്ണ കുപ്പികള്‍ ഉയര്‍ത്തി ഭീഷണി മുഴക്കിയതോടെ സ്ഥിതി ഗുരുതരമായി. തുടര്‍ന്ന് സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ ജനകീയ സമര സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയും യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 6 മണി മുതല്‍ 6 മണി വരെയാണ് ഹര്‍ത്താല്‍.
നാല് സ്ത്രീകളടക്കം 23 പേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളെ പോലീസ് വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ട നാട്ടുകാരും പോലീസിന് നേരെ തിരിഞ്ഞു. മാടപ്പള്ളി മുണ്ടുകുഴിയിലാണ് കെറെയില്‍ പദ്ധതിക്കായി സര്‍വേ കല്ലിടാന്‍ സംഘം എത്തിയത്. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ മനുഷ്യശൃംഖല തീര്‍ത്ത് സ്ഥലത്ത് പ്രതിഷേധം ആരംഭിച്ചു.
കല്ലുമായെത്തിയെ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തല്ലി തകര്‍ത്തു. കുട്ടികളക്കം സമരത്തില്‍ ഉണ്ടായിരുന്നു, ഇവരുടെ മുന്നില്‍ വെച്ച് മാതാപിതാക്കളെ അടക്കം പോലീസ് കയ്യേറ്റം ചെയ്യുന്നത് കണ്ട കുട്ടികള്‍ പൊട്ടിക്കരഞ്ഞു. മണ്ണെണ്ണ കുപ്പികള്‍ ഉയര്‍ത്തി സ്ത്രീകള്‍ ആത്മഹത്യ ഭീഷണി മുഴക്കിയതോടെ പോലീസ് ഇവരെ ബലംപ്രയോഗിച്ച് നീക്കി. പോലീസിന് നേരെ ഗോബാക്ക് വിളികളുമായി ജനക്കൂട്ടം പിന്നോട്ട് പോകാതെ നിന്നതോടെ കല്ലുമായെത്തിയ വാഹനം തിരിച്ചുപോയി.
കുറച്ച് സമയത്തിന് ശേഷം കെ റെയിൽ അടയാള കല്ലുമായി വാഹനം തിരിച്ചെത്തി. കനത്ത പോലീസ് സന്നാഹവുമായാണ് ഇത്തവണ സംഘം എത്തിയത്. കെ റെയിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പോലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങി. പ്രതിഷേധക്കാർക്ക് മുന്നറിപ്പ് നൽകിയെങ്കിലും പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ നാട്ടുകാർ ഉദ്യോഗസ്ഥർക്ക് നേരെ ഗോ ബാക്ക് വിളികളുയർത്തി. തുടർന്നാണ് സമരക്കാരും പോലീസും നേർക്കുനേർ വരുന്ന സ്ഥിതിയുണ്ടായത്.
ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ നാട്ടുകാര്‍ക്കൊപ്പം നിന്നു. കേരള കോണ്‍ഗ്രസ് നേതാക്കളായ വി.ജെ ലാലി, ജോസഫ് എം പുതുശേരി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ വി.ജെ ലാലി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടയം ജില്ലയിൽ 16 പഞ്ചായത്തുകളിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുക. 14 വില്ലേജുകളെ പദ്ധതി ബാധിക്കും. ഈ മാസം 24ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുക്കുന്ന സംരക്ഷണ ജാഥ ബിജെപി കോട്ടയം ജില്ലയിൽ സംഘടിപ്പിക്കുന്നുണ്ട്.
എറണാകുളം മാമലയിലും കെ റെയിലിനെതിരെ പ്രതിഷേധം ഉണ്ടായി. അതിരടയാള കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഉദ്യോഗസഥരെ വീടുകളിലേക്ക് പ്രവേശിപ്പിക്കാതെ നാട്ടുകാർ തടഞ്ഞു. പുരയിടങ്ങളിലാണ് ഇവിടെ കല്ലുകൾ സ്ഥാപിക്കേണ്ടത്. നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായി. കെ റെയിൽ ഉദ്യോഗസ്ഥരും പോലീസുകാരും മാത്രമാണ് എത്തിയത്. സർവ്വേ ഉദ്യോഗസ്ഥരെത്താതെ സർവ്വേ നടത്താനാവില്ലെന്ന നിലപാടിലാാണ് നാട്ടുകാർ. തുടർന്ന് പോലീസിന്റെ സുരക്ഷയോടെ മതിലുകളും ഗേറ്റുകളും ചാടിക്കടന്നാണ് കല്ലുകൾ സ്ഥാപിക്കുന്നത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.