കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കെവി തോമസിനെതിരെ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. വോട്ടെണ്ണല്‍ കേന്ദ്രത്തിലും കെ വി തോമസിന്റെ വീടിന് മുന്നിലും ഡിസിസി ഓഫീസിലുമാണ് പ്രതിഷേധം നടത്തിയത്. വീടിന് മുന്നില്‍ തിരുത മീന്‍ വിറ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
കെ വി തോമസിന്റ വീട്ടിലേക്ക് കോണ്‍ഗ്രസുകാര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞപ്പോള്‍ ഉന്തും തള്ളുമുണ്ടായി. അതേസമയം വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുട്ട എറിയുകയും ചെയ്തു. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ തോമസിന്റെ വീടിന് സുരക്ഷ ശക്തിപ്പെടുത്തി.
വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിലെ തോമസിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ കത്തിയ്ക്കുകയും ഡിസിസി ഓഫീസിലെ ശിലാഫകത്തിലെ പേര് കറുത്ത ടേപ്പ് വെച്ച് മറയ്ക്കുകയും ചെയ്തു. കെവി തോമസിന്റെ വീടിന് മുന്നില്‍ പടക്കംപൊട്ടിച്ചും പ്രവര്‍ത്തകര്‍ ഉമ തോമസിന്റെ വിജയം ആഘോഷിച്ചു.
തിരുത മീനുമായി കെ വി തോമസിനെ പരിഹസിച്ചു കൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ആഹ്ളാദം. ആദായ വില ആദായ വില എന്ന് ആര്‍ത്തുവിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ കെ വി തോമസിനോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചു.
അതേസമയം, തൃക്കാക്കരയില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്ന് കെവി തോമസ് പ്രതികരിച്ചു. കെ റെയില്‍ തിരിച്ചടിയായോ എന്ന് പരിശോധിക്കണം. തെരഞ്ഞെടുപ്പില്‍ വികസനം വേണ്ടവിധത്തില്‍ ചര്‍ച്ചയായില്ലെന്നും കെവി തോമസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.