കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടര്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെതിരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ വൻ പ്രതിഷേധം. പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽനിന്ന് തിരുവനന്തപുരം മെഡിക്കൽകോളേജിലേക്ക് പൊലീസ് വാഹനത്തിൽ മാറ്റാൻ ശ്രമിക്കുമ്പോഴാണ് സന്ദീപിനെതിരെ ആരോഗ്യപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പൊലീസിന് ഏറെ പണിപ്പെട്ടാണ് സന്ദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് ആളുകളാണ് പ്രതിഷേധിച്ചത്. പ്രതിയെ ചികിത്സിക്കാൻ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തയ്യാറായിരുന്നില്ല. പിന്നീട് പൊലീസ് ഇടപെട്ടാണ് ചികിത്സ നല്‍കിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കർശനമായ സുരക്ഷയാണ് ഏർപ്പെടുത്തിയത്. പൊലീസ് സുരക്ഷയിലാണ് പ്രതിയെ ആശുപത്രിയ്ക്ക് ഉള്ളിലേക്ക് കയറ്റിയത്. ഇയാളെ ഡോക്ടർമാർ പരിശോധിച്ചശേഷമാണ് ആശുപത്രി സെല്ലിലേക്ക് മാറ്റിയത്. ഡെങ്കിപ്പനി ബാധിച്ച അമ്മയ്ക്കൊപ്പം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നത് സന്ദീപാണ്. ഇയാൾക്കും ഡെങ്കി സ്ഥിരീകരിച്ചതോടെയാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ ദിവസം മാനസികവിഭ്രാന്തിയോടെ പെരുമാറിയ സന്ദീപിനെ പുലർച്ചെ മൂന്ന് മണിയോടെ കാലിന് പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഇയാളെ പൊലീസ് ഇടപെട്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതും, ചികിത്സയ്ക്കിടെ ഡോക്ടറെയും പൊലീസുകാരെയും ഒപ്പമുണ്ടായിരുന്നവരെയും ആക്രമിക്കുന്നത്.
ആക്രമണത്തിനിരയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായ വന്ദന ദാസ് (23) മരിച്ചത്. സര്‍ജിക്കല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വന്ദനയെ പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറ് തവണയാണ് കുത്തേറ്റത്. മുതുകിലേറ്റ കുത്ത് ശ്വാസകോശത്തിലേയ്ക്കും കയറി. നട്ടെല്ലിനും കുത്തേറ്റു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Doctor murder, Kollam