ശബരിമല: സന്നിധാനത്ത് കൂട്ടായ പ്രതിഷേധങ്ങൾ തടയാൻ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, നേതാക്കളുടെ സാന്നിധ്യമൊന്നുമില്ലാതെ തന്നെ ഇത്രയധികം പേർ പ്രതിഷേധത്തിൽ അണിചേർന്നത് പൊലീസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
വിവിധ ഹൈന്ദവ സംഘടനകളുടെ പ്രവർത്തകർ സന്നിധാനത്തേക്ക് എത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നുവെങ്കിൽ ഇത്തരത്തിൽ സംഘടിതമായൊരു നീക്കം പൊലീസ് പ്രതീക്ഷിച്ചിരുന്നില്ല. ഇത്തരമൊരു നീക്കമുണ്ടാകുന്നത് തടയാനാണ് ബിജെപിയുടെയും ശബരിമല കർമ സമിതിയുടെയും നേതാക്കളെ തുടക്കം മുതൽ തന്നെ അറസ്റ്റ് ചെയ്യാനും അവരുടെ സന്നിധാനത്തെ സാന്നിധ്യം ഒഴിവാക്കാനും പൊലീസ് ശ്രമിച്ചത്.
ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നപ്പോൾ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി നേതൃത്വം കൊടുത്തതു പോലെ സംഘടിതമായൊരു നീക്കം സന്നിധാനത്ത് ഉണ്ടാകരുതെന്ന കർശന നിർദേശമാണ് പൊലീസിന് ലഭിച്ചിരുന്നത്. ഇതിന്റെ ഭാഗമായിരുന്നു മുൻകരുതൽ അറസ്റ്റുകൾ. പക്ഷേ മറ്റുതരത്തിൽ പ്രതിഷേധനീക്കവുമായി സംഘടനകൾ മുന്നോട്ടുവരുന്നുവെന്ന സൂചനയാണ് ഇന്നലത്തെ പ്രതിഷേധ കൂട്ടായ്മയിൽ നിന്ന് വ്യക്തമാകുന്നത്.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് വലിയ നടപ്പന്തലിൽ നൂറുകണക്കിന് ഭക്തർ നാമജപ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹരിവരാസനത്തോടെ നട അടച്ചതോടെ ഭക്തരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. ഇതേത്തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. നെയ്യഭിഷേകം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ അറസ്റ്റിന് വഴങ്ങാൻ തയാറായില്ല. ഇതേത്തുടർന്നാണ് പൊലീസ് ബലംപ്രയോഗിച്ച് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ മണിമലയാർ ക്യാമ്പിലെത്തിച്ചിരിക്കുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.