• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നിക്ഷേപകനെ വിമാനത്തിലും ആഡംബര വാഹനത്തിലുമെത്തിച്ചാല്‍ കേരളത്തിൽ ഉയരുക വന്‍ പ്രതിഷേധം': മന്ത്രി പി രാജീവ്

'നിക്ഷേപകനെ വിമാനത്തിലും ആഡംബര വാഹനത്തിലുമെത്തിച്ചാല്‍ കേരളത്തിൽ ഉയരുക വന്‍ പ്രതിഷേധം': മന്ത്രി പി രാജീവ്

'ഉത്തര്‍ പ്രദേശിനെയും തെലങ്കാനയെയും പോലെ ആയിരം ഏക്കര്‍ ഭൂമിയൊന്നും ഏറ്റെടുത്തു നല്‍കാന്‍ കേരളത്തില്‍ ബുദ്ധമുട്ടാണ്. ആയിരം പേരുമായി ചര്‍ച്ച നടത്തിയാലാവും 100 ഏക്കര്‍ സ്ഥലമേറ്റെടുക്കാന്‍'

P Rajeev

P Rajeev

  • Last Updated :
  • Share this:
കൊച്ചി: സംസ്ഥാന സര്‍ക്കാരുമായുള്ള രൂക്ഷമായ വാക്‌പോരിനൊടുവില്‍ തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുന്ന കിറ്റക്‌സ് എം.ഡി. സാബു എം ജേക്കബിന് ഒളിയമ്പെയ്ത് വ്യവസായ മന്ത്രി പി. രാജീവ്. സംസ്ഥാനത്തേക്ക് നിക്ഷേപകരെ വിമാനത്തിലും ആഡംബര വാഹനത്തിലും സര്‍ക്കാര്‍ ചെലവിലെത്തിച്ചാല്‍ വന്‍ വിമര്‍ശനങ്ങളാവും ഉയരുകയെന്ന് പി.രാജീവ് പറഞ്ഞു. ഉത്തര്‍ പ്രദേശിനെയും തെലങ്കാനയെയും പോലെ ആയിരം ഏക്കര്‍ ഭൂമിയൊന്നും ഏറ്റെടുത്തു നല്‍കാന്‍ കേരളത്തില്‍ ബുദ്ധമുട്ടാണ്. ആയിരം പേരുമായി ചര്‍ച്ച നടത്തിയാലാവും 100 ഏക്കര്‍ സ്ഥലമേറ്റെടുക്കാന്‍. ഒരു നിയമവും ബാധകമല്ല. നിങ്ങള്‍ ഇങ്ങോട്ട് വരൂ എന്ന് പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് സംഘടിപ്പിച്ച മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയുടെ ഭാഗമായി വ്യവസായ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മന്ത്രി.

ഉത്തരവാദിത്ത നിക്ഷേപമാണ് വ്യവസായ വകുപ്പിന്റെ മുദ്രാവാക്യമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പിനപ്പുറം വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് വ്യവസായികള്‍ക്കുള്ള പരാതി പരിഹരിയ്ക്കാന്‍ ഐ. എ. എസ് ഓഫീസര്‍മാര്‍ക്ക് ഓരോ ജില്ലയുടെയും ചുമതല നല്‍കും. മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ലഭ്യമാക്കും. സര്‍ക്കാര്‍ സ്ഥലങ്ങള്‍ വ്യവസായത്തിനായി പാട്ടത്തിന് നല്‍കുന്ന കാര്യത്തിലും പുതിയ പരിഷ്‌കാരങ്ങളുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വ്യവസായികളുടെയും നിക്ഷേപകരുടെയും പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തുന്നതിനുള്ള മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയക്ക് ആദ്യം ദിനം മികച്ച പ്രതികരണമാണ് ലഭിച്ചത്. അദാലത്തില്‍ ലഭിച്ച 130 പരാതികളില്‍ 18 പരാതികള്‍ക്ക് തത്സമയം പരിഹാരം കണ്ടു. മറ്റ് പരാതികളില്‍ സമയബന്ധിതമായ പരിഹാര നടപടികള്‍ കൈക്കൊള്ളുമെന്ന് വ്യവസായ വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനം നിക്ഷേപ സൗഹ്യദമല്ലെന്ന കിറ്റക്‌സ് കമ്പനിയുടെ വിമര്‍ശനങ്ങള്‍ക്കിടെ വ്യവസായ ലോകത്ത് വകുപ്പിന് നഷ്ടമായ പ്രതിച്ഛായ തിരിച്ചുപിടിയ്ക്കാനാണ് വ്യവസായമന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ  മീറ്റ് ദ മിനിസ്റ്റർ പരിപാടി. എറണാകുളത്തിന് പിന്നാലെ
16ന് തിരുവനന്തപുരത്തും 19ന് കോട്ടയത്തുമാണ് മിറ്റ് ദ മിനിസ്റ്റര്‍ നിശ്ചയിച്ചിരിക്കുന്നത്. മറ്റ് ജില്ലകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. പരിപാടിയുടെ ഭാഗമായി വ്യവസായ സംഘടനാ പ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തും.

പുതിയ സർക്കാർ ചുമതലയേറ്റ് 11-ാം ദിവസം വ്യവസായികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പരാതിപരിഹാര അദാലത്തുകൾ നടത്താൻ തീരുമാനിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പി. രാജീവ് അറിയിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള വ്യവസായികളുടെ പരാതികളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നതിനായി സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തുമെന്ന് അറിയിച്ച മന്ത്രി കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയുന്ന വിധമായിരിക്കും നിയമത്തിന് രൂപം നൽകുന്നതെന്നും കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നയത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഏകജാലക സംവിധാനത്തിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ എഴുപതിനായിരത്തിലധികം എം എസ് എം ഇ യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. വ്യവസായ സമൂഹവും സർക്കാരും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്ന് പറഞ്ഞ മന്ത്രി, നാടിനെതിരായ നീക്കങ്ങളെ ഒന്നിച്ച് പ്രതിരോധിക്കുമെന്നും കൂട്ടിച്ചേർത്തു.

വിവിധ സര്‍ക്കാര്‍ വകുപ്പുകൾ നിരന്തരമായി പരിശോധനകള്‍ നടത്തുന്നുവെന്നാരോപിച്ച് അസെന്‍ഡ് നിക്ഷേപ സംഗമത്തില്‍ പ്രഖ്യാപിച്ച 3500 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് കിറ്റക്‌സ് ഗ്രൂപ്പ് പിന്‍മാറിയിരുന്നു. സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ വ്യവസായം ആരംഭിയ്ക്കുന്നതുമായി ബന്ധപ്പെട്ട ക്ഷണം കിറ്റക്‌സിന് ലഭിച്ചിരുന്നു. ജെറ്റ് വിമാനം അയച്ച് സംസ്ഥാനത്തേക്ക് ക്ഷണിച്ച തെലങ്കാനയിലെത്തി ചര്‍ച്ചകള്‍ നടത്തി 1000 കോടിയുടെ പദ്ധതികള്‍ക്ക് തെലങ്കാന സര്‍ക്കാരുമായി കിറ്റക്‌സ് ധാരണാപത്രം ഒപ്പിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഛായ തിരിച്ചുപിടിയ്ക്കുന്നതിനുള്ള തിരക്കിട്ട നീക്കങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
Published by:Anuraj GR
First published: