കണ്ണൂരിൽ കഴിഞ്ഞ ദിവസം പഴവർഗ്ഗങ്ങൾ വിൽക്കുന്ന വഴിയോര കച്ചവടക്കാരന്റെ വണ്ടിയിൽ പോലീസ് ചവിട്ടിയ സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു.
മാർക്കറ്റിൽ തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ് അതിക്രമം നടന്നത്. ഹൃദ്രോഗി കൂടിയായ തെരുവ് വ്യാപാരി വിൽക്കാൻ വച്ചിരുന്ന പഴവർഗ്ഗങ്ങളാണ് പോലീസ് ചവിട്ടി തെറിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാതിരുന്നു സംഭവം.
വെയിലത്തും മഴയത്തും തെരുവിൽ മല്ലിടുന്ന തെരുവ് കച്ചവടക്കാരോട് കോവിഡിന്റെ മറവിൽ പോലീസ് നടത്തുന്ന ക്രൂരതകൾ അവസാനിപ്പിക്കണമെന്ന് വഴിയോര കച്ചവട ക്ഷേമസമിതി ആവശ്യപ്പെട്ടു.
"ഹൃദ്രോഗിയായ കച്ചവടക്കാരന്റെ വിൽപ്പന വസ്തുക്കളെല്ലാം നീതിയും നിയമവും പരിപാലിക്കേണ്ടവർ തന്നെ നശിപ്പിക്കുന്ന കാഴ്ച മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ലോക്ക്ഡൗൺ മൂലം ദീർഘകാലം വീട്ടിലിരിക്കേണ്ട കച്ചവടക്കാരൻ ഗതിമുട്ടിയപ്പോഴാണ് കടം വാങ്ങിയ പഴങ്ങളുമായി കച്ചവടത്തിന് തെരുവിലെത്തിയത്. പോലീസ് പുറംകാല് കൊണ്ട് ചവിട്ടി തെറിപ്പിച്ചത് കേവലം ഫലവർഗ്ഗങ്ങൾ മാത്രമല്ല, കയ്യിൽ ചെറിയ പൊതിയുമായി വീട്ടിലേക്ക് മടങ്ങി വരുന്ന പിതാവിനെ കാത്ത് കഴിയുന്ന മക്കളുടെയും കുടുംബത്തിന്റെ ജീവിതം തന്നെയാണന്ന് അധികാരികൾ മനസ്സിലാക്കണം," വഴിയോര കച്ചവട ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി സുബൈർ ഇരിട്ടി, ജില്ലാ പ്രസിഡണ്ട് എൻ. എം. ശഫീഖ് എന്നിവർ വ്യക്തമാക്കി.
കുറ്റക്കാരായ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടികൾ എടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് വഴിയോര കച്ചവട ക്ഷേമ സമിതി നേതൃത്വം കൊടുക്കുമെന്നും നേതാക്കൾ പ്രസ്താവിച്ചു.
അതേസമയം മാർക്കറ്റിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വഴിയോര കച്ചവടം നടത്തിയവരെ ഒഴിപ്പിക്കുകയാണ് ചെയ്തതെന്നാണ് സംഭവത്തെ കുറിച്ച് പോലീസ് വിശദീകരണം. ഇതിനോടകം തന്നെ മാർക്കറ്റിലെ നിരവധി കച്ചവടക്കാർക്ക് സമ്പർക്കത്തിലുടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടന്നും, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാർക്കറ്റിൽ വഴിയോര കച്ചവടം അനുവദിക്കില്ലെന്നും ടൗൺ പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.