നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യൂത്ത് കോൺഗ്രസ്: പ്രായപരിധി മറികടന്ന് ഷാഫി പറമ്പിലും ശബരീനാഥും ഭാരവാഹിയാകുന്നതിനെതിരെ പ്രതിഷേധം ശക്തം

  യൂത്ത് കോൺഗ്രസ്: പ്രായപരിധി മറികടന്ന് ഷാഫി പറമ്പിലും ശബരീനാഥും ഭാരവാഹിയാകുന്നതിനെതിരെ പ്രതിഷേധം ശക്തം

  അർഹരായ യുവാക്കൾ നേതൃത്വത്തിൽ എത്തുന്നതിനുവേണ്ടി രാഹുൽ ഗാന്ധി കൊണ്ട് വന്ന യൂത്ത് തെരഞ്ഞെടുപ്പ് കേരളത്തിലെ പാർട്ടി നേതൃത്വം അട്ടിമറിക്കുന്നുവെന്നാണ് ആരോപണം.

  News18 Malayalam

  News18 Malayalam

  • Share this:
   പ്രായപരിധി മറികടന്നും ഒരാൾക്ക് ഒരു പദവി എന്ന വ്യവസ്ഥ ലംഘിച്ചും എംഎൽഎമാരായ ഷാഫി പറമ്പിലിനെയും കെ എസ് ശബരീനാഥനെയും യൂത്ത് കോൺഗ്രസ് ഭാരവാഹിയായി നിയമിക്കാനുള്ള നീക്കത്തിനെതിരെ സംഘടനക്കുള്ളിൽ പ്രതിഷേധം ശക്തം. രണ്ടുപേരും പ്രായപരിധി കഴിഞ്ഞവരാണെന്നതാണ് പ്രവർത്തകർ ഉയർത്തുന്ന പ്രധാന ആരോപണം. യൂത്ത് കോൺഗ്രസ് ഭാരവാഹിയാകാൻ പ്രായപരിധി 35 ആണ്. ഇവര്‍ രണ്ടുപേർക്കും ഇപ്പോൾ 36 കഴിഞ്ഞു. ഷാഫി പറമ്പലിന് ഇന്ന് 37 വയസായി. മുൻപ് പലതവണ പ്രായപരിധിയുടെ പേരിൽ നിരവധിപേരെ ഭാരവാഹി പട്ടികയില്‍ നിന്നൊഴിവാക്കിയ കാര്യം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പുറമെ ഒരാൾക്ക് ഒരു പദവി എന്ന വ്യവസ്ഥ ഗ്രൂപ്പ് താത്പര്യങ്ങളുടെ പേരിൽ ലംഘിക്കുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

   അർഹരായ യുവാക്കൾ നേതൃത്വത്തിൽ എത്തുന്നതിനുവേണ്ടി രാഹുൽ ഗാന്ധി കൊണ്ട് വന്ന യൂത്ത് തെരഞ്ഞെടുപ്പ് കേരളത്തിലെ പാർട്ടി നേതൃത്വം അട്ടിമറിക്കുന്നുവെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് ഒഴിവാക്കി അഭിപ്രായ ഐക്യത്തിലൂടെ കണ്ടെത്താനുള്ള നീക്കം ഗ്രൂപ്പില്ലാത്തവരെ ഒതുക്കുന്നതിനാണെന്ന് ഇവർ പറയുന്നു. മുൻപ് പുനഃസംഘടന നടന്നപ്പോൾ കെ എസ് യു പ്രായപരിധി 27 എന്നതും‌ യൂത്ത് കോൺഗ്രസിൽ 35 എന്നതും കർശനമായി നടപ്പാക്കി ഒട്ടനവധിപേരെ ഒഴിവാക്കിയ നേതൃത്വം ഇപ്പോൾ ഇവർക്ക് വേണ്ടി കണ്ണടയ്ക്കുകയാണ്. 2010 ൽ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയപ്പോഴും പ്രായപരിധിയായ 35 കർശനമായി പാലിച്ചു. മെമ്പർഷിപ് സമയത്തു ഇവർക്ക് പ്രായപരിധി കഴിഞ്ഞില്ല എന്ന ന്യായം വിചിത്രമാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

   യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പദവിയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത് 8 പേരാണ്. ഇതിൽ ഷാഫി പറമ്പിൽ എംഎൽഎയെ പ്രസിഡന്റാക്കി ബാക്കിയുള്ളവരെ വൈസ് പ്രസിഡന്റുമാരാക്കുന്നതാണ് നേതൃത്വത്തിന്റെ പരിഗണനയിലെന്നാണ് സൂചന. വൈസ് പ്രസിഡന്റുമാരായി കൂടുതൽപേരെ നിയമിക്കാനുള്ള നീക്കവും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഷാഫിക്കു പുറമേ പത്രിക സമർപ്പിച്ചിരിക്കുന്ന കെ എസ് ശബരീനാഥൻ, റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി, എൻ എസ് നുസൂർ, എസ് ജെ പ്രേംരാജ്, എസ്എം ബാലു, വിദ്യ ബാലകൃഷ്ണൻ എന്നിവരെ അനുനയിപ്പിച്ച് തെരഞ്ഞെടുപ്പില്ലാതെ ഷാഫിയെ പ്രസിഡന്റാക്കുന്നതിനാണ് നീക്കം നടക്കുന്നത്. ഈ മാസം 16 ന് അകം ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്.

   Also Read- 'ഡൽഹിയിൽ തിരിച്ചടി തുടങ്ങിയത് ഷീല ദീക്ഷിത്തിന്‍റെ ഭരണകാലത്ത്'; വിമർശനവുമായി പി.സി

   തെരഞ്ഞെടുപ്പ് ആവശ്യമായി വന്നാൽ ചിഹ്നവും അനുവദിച്ചു. ഷാഫിക്കു ഷട്ടിൽ കോർക്കും ശബരിക്ക് മലയുമാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. ജനറൽ സെക്രട്ടറി, സെക്രട്ടറി പദവികളിലേക്കു 113 പത്രികകളാണ് ലഭിച്ചത്. ആകെ 62 അംഗ സമിതിയാണു കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ജില്ലാ പ്രസിഡന്റ് പദവികൾ എ, ഐ ഗ്രൂപ്പുകൾ വീതംവച്ചേക്കും. എ ഗ്രൂപ്പിന് എട്ടും ഐ ഗ്രൂപ്പിന് ആറും ജില്ലകളുടെ നേതൃത്വം ലഭിക്കുമെന്നാണു സൂചന. ഓരോരുത്തർ മാത്രം പത്രിക സമർപ്പിച്ചിരിക്കുന്ന 6 ജില്ലകളിൽ ഇക്കാര്യത്തിൽ തീരുമാനമായി. മറ്റിടങ്ങളിലേക്ക് ഒന്നിലധികം പേർ പത്രിക നൽകിയിട്ടുണ്ടെങ്കിലും ധാരണയ്ക്ക് ഏതാനും ദിവസങ്ങൾ കൂടി അനുവദിച്ചിട്ടുണ്ട്.

   ഷാഫി പറമ്പലിന് പിറന്നാൾ ആശംസകൾ നേർന്ന് യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ചിതറ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ഈ വിഷയത്തിൽ രൂക്ഷമായ വിമർശനമാണ് ഉന്നയിക്കുന്നത്. ജീവിതത്തിന്റെ നല്ല സമയങ്ങൾ പാർട്ടിക്കായി ചെലവഴിച്ചിട്ടും സാങ്കേതികത്വം പറഞ്ഞു ഒഴിവാക്കപ്പെട്ട 27 വയസ്സ് പ്രായപരിധി കഴിഞ്ഞു പോയ കെ എസ് യുക്കാരും 35 വയസ്സ് പറഞ്ഞു പുറത്തുപോയ അർഹരായ ഒരുപാട് യൂത്ത് കോൺഗ്രെസ്സുകാരും കണ്ണീരു കുടിച്ചിട്ടുണ്ട്‌. അവരുടെ ശാപം ഈ പാർട്ടിയിലുണ്ടെന്നത് ഓർമിപ്പിക്കുന്നുവെന്നും നിയാസ് പറയുന്നു.


   First published:
   )}