• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'പള്ളികളൊന്നും കാണില്ല': യുവമോർച്ച റാലിയിൽ പ്രകോപന മുദ്രാവാക്യം; പരാതിയിൽ കേസെടുത്ത് പൊലീസ്

'പള്ളികളൊന്നും കാണില്ല': യുവമോർച്ച റാലിയിൽ പ്രകോപന മുദ്രാവാക്യം; പരാതിയിൽ കേസെടുത്ത് പൊലീസ്

യുവമോർച്ച നേതാവ്​ കെ ടി ജയകൃഷ്ണന്‍ കൊല്ല​പ്പെട്ടതിന്‍റെ 22ാം വാർഷികത്തോടനുബന്ധിച്ച്​ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശ്ശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷമുദ്രാവാക്യങ്ങള്‍ മുഴക്കിയത്.

യുവമോർച്ച റാലി

യുവമോർച്ച റാലി

 • Last Updated :
 • Share this:
  കണ്ണൂർ: കെ ടി ജയകൃഷ്ണന്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച (Yuvamorcha) തലശ്ശേരിയില്‍ (Thalassery) നടത്തിയ മഹാറാലിക്ക് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും എസ്ഡിപിഐയും പൊലീസിൽ പരാതി നൽകിയിരുന്നു.

  'നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല’ എന്നിങ്ങനെ റാലിയില്‍ ഭീഷണിയും വെല്ലുവിളിയും, ഉയര്‍ത്തിയാണ് ജാഥ നഗരത്തില്‍ നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി സി എൻ ജിഥുൻ, എസ്​ഡി​പിഐ തലശ്ശേരി മണ്ഡലം സെക്രട്ടറി വി ബി നൗഷാദ്​ എന്നിവരാണ്​ പരാതിപ്പെട്ടത്​. തലശേരി എ എസ് പി വിഷ്ണു പ്രദീപിന് നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

  യുവമോർച്ച നേതാവ്​ കെ ടി ജയകൃഷ്ണന്‍ കൊല്ല​പ്പെട്ടതിന്‍റെ 22ാം വാർഷികത്തോടനുബന്ധിച്ച്​ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശ്ശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷമുദ്രാവാക്യങ്ങള്‍ മുഴക്കിയത്. 'അഞ്ചുനേരം നിസ്​കരിക്കാൻ പള്ളികളൊന്നും കാണില്ല, ബാങ്കുവിളിയും കേൾക്കില്ല' തുടങ്ങിയ വർഗീയ മുദ്രാവാക്യങ്ങളാണ്​ പ്രകടനത്തിൽ ഉടനീളം ഉയർത്തിയത്​.

  Also Read- Omicron| അമേരിക്കയിലും ഒമിക്രോൺ സ്ഥിരീകരിച്ചു; ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയയാൾക്ക്

  തലശ്ശേരി സംഗമം കവലയിൽ നിന്ന്​ തുടങ്ങിയ പ്രകടനം പുതിയ ബസ്​സ്റ്റാൻഡിൽ സമാപിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രഞ്ജിത്ത്, കെ പി സദാനന്ദന്‍, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ബിജെപി ജില്ല പ്രസിഡന്‍റ്​ എൻ ഹരിദാസ്, ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം ആർ സുരേഷ്, യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ്​ പ്രഫുൽ കൃഷ്ണ തുടങ്ങിയ നേതാക്കൾ വിദ്വേഷമുദ്രാവാക്യം വിളിക്കുമ്പോൾ റാലിയുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയാണ്​ ജയകൃഷ്​ണൻ അനുസ്​മരണം ഉദ്ഘാടനം ചെയ്തത്​. തലശേരി ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നും തുടങ്ങി മേല്‍പാലം, സംഗമം കവല, ഒ.വി.റോഡ്, പഴയ ബസ് സ്റ്റാന്റ്, ലോഗന്‍സ് റോഡ് വഴി പുതിയ ബസ് സ്റ്റാന്റിലെ പൊതുസമ്മേളന സ്ഥലത്താണ് റാലി സമാപിച്ചത്.

  കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലി ദാന ദിനത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ നടന്ന പ്രകടനത്തില്‍ ഉയര്‍ന്ന പച്ചയായ മുദ്രാവാക്യങ്ങള്‍ നേതൃത്വത്തിന്റെ അറിവോടെ ആണൊയെന്ന് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.കെ എ ലത്തീഫ് ആവശ്യപ്പെട്ടു. സി പി എമ്മുകാരാല്‍ കൊല്ലപ്പെട്ട നേതാവിന്റെ ബലിദിനത്തില്‍ ഇതര സമുദായത്തെ അസഭ്യം വിളിച്ചും ഭീഷണിപ്പെടുത്തിയും പ്രകടനം നടത്താന്‍ യുവമോര്‍ച്ചയെ പ്രേരിപ്പിച്ച വികാരം എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലയ്ക്ക് വര്‍ഗീയതയുടെ മത്ത് പിടിച്ച അണികളെ നിയന്ത്രിക്കാന്‍ ബിജെപി നേതൃത്വം തയാറാവണം. ഇത്തരം തെമ്മാടി കൂട്ടങ്ങള്‍ക്ക് എതിരെ പോലീസ് സ്വമേധയാ കേസ് എടുക്കണം. അല്ലങ്കില്‍ മുസ്ലിം ലീഗ് നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അഡ്വ. കെ എ ലത്തീഫ് പറഞ്ഞു.

  Also Read- Malayali Nun| മലയാളി കന്യാസ്ത്രീ ജലന്ധറിലെ കോണ്‍വെന്റില്‍ ആത്മഹത്യചെയ്ത നിലയില്‍

  തലശ്ശേരിയില്‍ സംഘടിപ്പിച്ച ജാഥയില്‍ ഇതര സമുദായക്കാരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണി സ്വരത്തില്‍ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ പരാതിയുമായി വെല്‍ഫെയര്‍ പാര്‍ട്ടിയും രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തുടനീളം സംഘ് പരിവാര്‍ ആസൂത്രിതമായി നടപ്പിലാക്കുന്ന വംശീയ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ എന്നും നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വര്‍ഗ്ഗീയ ശക്തികളെ മാതൃകാപരമായി ശിക്ഷിക്കാന്‍വേണ്ട നടപടികള്‍ എടുക്കാന്‍ പോലീസും അഭ്യന്തര വകുപ്പും ജാഗ്രത പുലര്‍ണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

  തലശ്ശേരിയിലെ സമാധാനം തകർക്കാനുള്ള ​ആസൂത്രിത ശ്രമമാണ്​ പ്രകോപനപരമായ മുദ്രാവാക്യങ്ങൾക്ക്​ പിന്നിലെന്ന്​ എസ്​ഡിപിഐ ആരോപിച്ചു.
  Published by:Rajesh V
  First published: