തിരുവനന്തപുരം: രാഹുലിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്റെ ഗതികേടിന്റെ ഫലമെന്ന് ബിജെപി. കേന്ദ്രത്തില്‍ പിടിച്ചു നില്ക്കാന് കഴിയാത്തതിനാലാണ് രാഹുല്‍ കേരളത്തിലേക്ക് വരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള പറഞ്ഞു.
'രാഹുല്‍ വയനാട്ടിലെത്തുന്നത് ഗതികേട് കൊണ്ടാണ്. രാഹുലിനെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ ലീഗിന്റെ കാലുപിടിക്കുകയാണ്. ബിജെപിയെ പേടിച്ചാണ് രാഹുല്‍ കേരളത്തില്‍ എത്തിയരിക്കുന്നത്. രാഹുലിനെ എന്‍ഡിഎ ശക്തമായി നേരിടും' ശ്രീധരന്‍പിള്ള പറഞ്ഞു. അതിനിടെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ മാറ്റാനുള്ള ആലോചനകള്‍ തുടങ്ങി.
Also Read: 'രാഹുൽ ഗാന്ധിയുടെ വരവിലൂടെ കോൺഗ്രസ് വൻ തരംഗമുണ്ടാക്കും': എ.കെ ആന്റണി
ബിഡിജെഎസിന്റെ പൈലി വാത്യാട്ടിനെ മാറ്റി ശക്തനായ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തിലാണ് ബിജെപിയും ബിഡിജെഎസും ആലോചന തുടങ്ങിയത്. വയനാട്ടില്‍ ശക്തമായ മത്സരം ഉണ്ടാകണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചു കഴിഞ്ഞു. രാഹുല്‍ വന്നാല്‍ സ്ഥാനാര്‍ത്ഥിയെ മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു.
നേരത്തെ എകെ ആന്റണിയായിരുന്നു രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. സംസ്ഥാന ഘടകം ഐക്യകണ്ഠേനെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം വയനാട്ടിലെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുകയായിരുന്നുവെന്ന് എ.കെ. ആന്റണി പറഞ്ഞു. അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയില്‍ നിന്ന് ഒരുസീറ്റില്‍ മാത്രമാണ് മത്സരിക്കുന്നത്. അത് വയനാട് സീറ്റാണെന്ന് എ.കെ ആന്റണി പ്രഖ്യാപനത്തില്‍ പറയുന്നു. മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് വയനാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.