• HOME
  • »
  • NEWS
  • »
  • kerala
  • »
  • റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ച് പിഎസ്‌സി ഉദ്യോഗാർഥികൾ

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ച് പിഎസ്‌സി ഉദ്യോഗാർഥികൾ

വനിതാ സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സ് കൂടുതൽ ഉദ്യോഗാർത്ഥികളെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ച് നടത്തി

PSC

PSC

  • Share this:
    എൽജിഎസ്, എൽഡിസി, വനിതാ സിവിൽ പോലീസ് ഓഫീസർ അടക്കം 493 തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി അടുത്ത മാസം നാലിനാണ് അവസാനിക്കുന്നത്. എന്നാൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ. ഇതിനെതിരെയാണ് പിഎസ്സി ഉദ്യോഗാർത്ഥികൾ സമരം കടുപ്പിച്ചത്. എട്ടു ദിവസമായി സമരരംഗത്തുള്ള വനിതാ സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സ് കൂടുതൽ ഉദ്യോഗാർത്ഥികളെ പങ്കെടുപ്പിച്ച് മാർച്ച് നടത്തി.

    അൻപതോളം വരുന്ന ഉദ്യോഗാർത്ഥികൾ ആണ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. കഴിഞ്ഞ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് എൽജിഎസ് ഉദ്യോഗാർത്ഥികൾ സമരം ആരംഭിച്ചത്. ഉറപ്പുകൾ പാലിക്കപ്പെടണമെങ്കിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം. ഇക്കാര്യത്തിൽ സർക്കാരിന്റെ  അനുകൂല സമീപനം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് എൽജിഎസ് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.

    റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് അധ്യാപക റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനും സമരരംഗത്തുണ്ട്. അതേസമയം പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിന്  പ്രതിപക്ഷവും  പിന്തുണ പ്രഖ്യാപിച്ചു. പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ വ്യക്തമാക്കി. വിഷയം രണ്ടുതവണ നേരിട്ട് സഭയിലുന്നയിച്ചു.



    പല വകുപ്പുകളും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന നടപ്പാക്കണമെങ്കിൽ ആറു മാസമെങ്കിലും കാലാവധി നീട്ടി നൽകണം. സർക്കാർ ഉദ്യോഗാർത്ഥികളെ പരിഹസിക്കുന്നു.
    തെരഞ്ഞെടുപ്പിന് മുൻപ് സമരം ചെയ്തതിൻ്റെ പ്രതികാരം വീട്ടുകയാണ്. മറ്റൊരു റാങ്ക് ലിസ്റ്റില്ല.

    ഉദ്യോഗാർത്ഥികൾ എ.കെ. ബാലനുമായി ഒപ്പ് വച്ച ഉടമ്പടിയിലെ ഒരു കാര്യവും സർക്കാർ ചെയ്തിട്ടില്ല. സർക്കാരിന്റേത്  നിഷേധാത്മകമായ നിലപാടാണ്. ഉദ്യോഗാർത്ഥികളോട് മുഖ്യമന്ത്രിക്ക് പ്രതികാര മനോഭാവമാണെന്നും കോവിഡ് പരിമിതിക്കുള്ളിൽ നിന്ന് പ്രതിപക്ഷം പ്രതിഷേധിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

    അതേസമയം, വകുപ്പുകളിലെ പ്രമോഷൻ നടപടികൾക്കായുള്ള അപേക്ഷകൾ നൽകാൻ ഈ മാസം 15 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇതിനുശേഷം ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാൻ നിരവധി കടമ്പകൾ ഉള്ളതിനാൽ ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ ഉദ്യോഗാർത്ഥികൾക്ക് നിയമനശുപാർശ ലഭിക്കില്ല.

    ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ഒഴിവുകൾ കർശനമായും റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ എൽഡിസി റാങ്ക് ലിസ്റ്റിൽ നിന്നും 11,413 പേർക്ക് നിയമന ശുപാർശ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ 9423 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്.

    ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. 46,285 ഉദ്യോഗാർത്ഥികൾ ആണ്  ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിലുള്ളത്. കഴിഞ്ഞ തവണ 11,455 പേർക്ക് നിയമനം ലഭിച്ച സ്ഥാനത്ത് നിലവിൽ 6613 നിയമനങ്ങളാണ് നടന്നത്. പുതിയപരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ മാസങ്ങളെടുക്കും.

    അതിനാൽ നിലവിലെ റാങ്കുലിസ്റ്റുകളുടെ  കാലാവധി നീട്ടിയില്ലെങ്കിൽ റാങ്ക് ലിസ്റ്റ് ഇല്ലാത്ത സാഹചര്യമാകും ഉടലെടുക്കുക. അതിനാൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
    Published by:user_57
    First published: