news18-malayalam
Updated: September 2, 2019, 11:01 AM IST
നസീം, ശിവരഞ്ജിത്ത്
തിരുവനന്തപുരം: പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്കുള്ള ഉത്തരങ്ങൾ അയച്ചത് തിരുവനന്തപുരം നഗരത്തിനുള്ളിൽനിന്നെന്ന് കണ്ടെത്തൽ. പരീക്ഷയിൽ മുന്തിയ റാങ്കുകൾ നേടിയ ശിവരഞ്ജിത്ത്, നസീം എന്നിവർക്കാണ് സ്മാർട്ട് വാച്ച്, മൊബൈൽഫോൺ തുടങ്ങിയ ഡിജിറ്റൽ സാങ്കേതികവിദ്യ വഴി ഉത്തരം കൈമാറിയത്. ഇവർക്ക് ഉത്തരം അയച്ചെന്ന് കണ്ടെത്തിയ സഫീർ, ഗോകുൽ എന്നിവരുടെ ഫോണുകൾ പരീക്ഷസമയത്ത് നഗരപരിധിയിൽ ഉണ്ടായിരുന്നവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. പരീക്ഷ നടന്ന സമയമത്രയും സഫീറിന്റെയും ഗോകുലിന്റെയും ഫോണുകൾ തിരുവനന്തപുരം വഴുതക്കാട്, ബേക്കറി ജംങ്ഷൻ പരിധിയിലാണ് ഉണ്ടായിരുന്നത്.
നന്ദാവനം പൊലീസ് ക്യാംപിലെ അംഗമായ ഗോകുൽ ഇപ്പോൾ ഒളിവിലാണ്. ഇയാൾ മുൻകൂർ ജാമ്യത്തിനായി കഴിഞ്ഞ ദിവസം വഞ്ചിയൂർ കോടതിയിൽ അപേക്ഷ നൽകി. അതിനിടെ ശിവരഞ്ജിത്ത്, നസീം എന്നിവരെ സെപ്റ്റംബർ ഏഴ് വരെ റിമാൻഡ് ചെയ്തിട്ടുണ്ട്.
പി.എസ്.സി പരീക്ഷ തട്ടിപ്പ് ആസൂത്രമണം ചെയ്തത് കോപ്പിയടി ആരോപണം നേരിടുന്ന പ്രണവാണ് ശിവരഞ്ജിത്തും നസീമും അന്വേഷണസംഘത്തിന് മൊഴി നൽകി. തങ്ങൾ മൂന്നുപേരല്ലാതെ മറ്റാരും പരീക്ഷയിൽ തിരിമറി നടത്തിയിട്ടില്ലെന്നും ഇവർ പറഞ്ഞു. അതേസമയം ചോദ്യപേപ്പർ എങ്ങനെ പുറത്തേക്കുപോയിയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പ്രതികൾ നൽകിയിട്ടില്ല. നസീമിന്റെ ഫോൺ കണ്ടെടുക്കാനാകാത്തതും അന്വേഷണസംഘത്തെ കുഴയ്ക്കുന്നുണ്ട്. ഫോൺ പി.എം.ജിയിലെ സ്റ്റുഡന്റ് സെന്ററിൽവെച്ച് മറന്നുപോയെന്നാണ് നസീം നൽകിയിരിക്കുന്ന മൊഴി.
First published:
September 2, 2019, 11:01 AM IST