തിരുവനന്തപുരം: പി എസ് സി ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഒരു മാസത്തിലധികമായി നടത്തിവന്ന സമരം അവസാനിച്ചു. നൈറ്റ് വാച്ചര്‍ തസ്തികയിലെ ഒഴിവുകള്‍ എൽ ജി എസ് ഉദ്യോഗാര്‍ഥികള്‍ക്ക് നല്കാന് ശ്രമിക്കുമെന്ന നിയമമന്ത്രി എകെ ബാലന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
പ്രധാനമായും ആറ് ഉറപ്പുകളാണ് സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയത്. എൽ ജി എസ് ഒഴിവുകള്‍ മുന്‍കൂട്ടി പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യും, സ്ഥാനക്കയറ്റം നല്കി പുതിയ തസ്തിക സൃഷ്ടിക്കും, നിയമ തടസമുള്ളവയില്‍ താല്‍ക്കാലിക സ്ഥാനക്കയറ്റം നല്‍കും, പരിശോധനയ്ക്കായി ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കും, നൈറ്റ് വാച്ച്മാന് ഡ്യൂട്ടി എട്ടു മണിക്കൂറായി കുറച്ച് കൂടുതല്‍ തസ്തിക സൃഷ്ടിക്കും, സി പി ഒ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ വീഴ്ച പരിശോധിക്കും എന്നിവയാണ് ഉറപ്പുകള്‍.
നൈറ്റ് വാച്ചര്‍ തസ്തികയിലെ ഒഴിവുകള്‍ എൽ ജി എസ് റാങ്കുലിസ്റ്റുകാര്ക്ക് നല്കാന് തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി ലഭിച്ചാല്‍ ശുപാര്‍ശ ചെയ്യുമെന്നാണ് നിയമമന്ത്രിയുടെ ഉറപ്പ്. ഇത് അംഗീകരിച്ചാണ് 34 ദിവസത്തെ സമരം അവസാനിപ്പിച്ചത്. മധുരം നല്‍കിയും, മുദ്രാവാക്യം മുഴക്കിയും ഉദ്യോഗാര്‍ഥികള്‍ സന്തോഷം പങ്കുവച്ചു.
സി പി ഒ റാങ്ക്ലിസ്റ്റുകാര് സമരം തുടരും. ചര്‍ച്ചയില്‍ തൃപ്തിയുണ്ടെങ്കിലും രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാത്തതിനാല്‍ സമരം തുടരുമെന്ന് സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് ആയതിനാല്‍ രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരം പിന്‍വലിക്കേണ്ടെന്നാണ് തീരുമാനം. കെ എസ് ആര് ടി സി മെക്കാനിക്ക്, ഡ്രൈവര്‍, ഫോറസ്റ്റ് വാച്ചര്‍ തുടങ്ങിയ റാങ്ക്ലിസ്റ്റുകാര് സമരം തുടരുകയാണ്.
Also Read-
'ഉദ്യോഗാര്‍ത്ഥികളുമായുള്ള ചർച്ച സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള അടവ് മാത്രം': രമേശ് ചെന്നിത്തലഒരു മാസത്തോളമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയ പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സമരം നേരത്തെ അവസാനിപ്പിച്ചിരുന്നു. മന്ത്രി എ.കെ ബാലനുമായി ഇന്ന് നടത്തിയ ചർച്ചയിൽ ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ അറിയിച്ചത്. നിയമമന്ത്രി എകെ ബാലൻ, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗാര്‍ഥികളുമായി ഞായറാഴ്ച ചേംബറിൽ ചർച്ച നടത്തിയത്. ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ വിശദമായ ചര്‍ച്ചയാണ് നടന്നത്. ചർച്ചയ്ക്കു പിന്നാലെ സമരം അവസാനിപ്പിക്കാനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.
വാച്ച്മാന്മാരുടെ ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്താനും നൈറ്റ് വാച്ച്മാന് ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നതിനുള്ള ശുപാര്‍ശ നിയമപ്രകാരം നടത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി ഉദ്യോഗാർത്ഥികൾ അറിയിച്ചു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നല്കി. അതേസമയം സി.പി.ഒ റാങ്കിലിസ്റ്റുലുള്ളവര്‍ സമരം ശക്തമായി തുടരുമെന്ന് അറിയിച്ചു. സര്‍ക്കാരിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. രേഖാമൂലം ഉറപ്പ് കിട്ടിയാല്‍ സമരം നിര്‍ത്തുമെന്ന് സി.പിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. കഴിഞ്ഞതവണ നടന്ന ചർച്ചയിൽ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയിരുന്നു. കാലാവധി അവസാനിച്ച ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ചർച്ചയിൽ ഉന്നയിക്കുമെന്നും സി പി ഒ ഉദ്യോഗാർത്ഥികൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.