• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മരംമുറി കേസ് പ്രതികളുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തി'; ചിത്രം പുറത്തുവിട്ട് പി.ടി തോമസ്

'മരംമുറി കേസ് പ്രതികളുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തി'; ചിത്രം പുറത്തുവിട്ട് പി.ടി തോമസ്

മരം മുറി കേസിലെ പ്രതി റോജി അഗസ്റ്റിനുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തുന്ന ചിത്രമാണ് പി ടി തോമസ് നിയമസഭയിൽ ഉയർത്തിക്കാട്ടിയത്. 2017 ജനുവരി 22 ന് എറണാകുളം ഗസ്റ്റ് ഹൗസിൽ എം മുകേഷ് എം.എൽ.എക്കൊപ്പമായിരുന്നു കൂടിക്കാഴ്ചയെന്നും പി.ടി.തോമസ് പറഞ്ഞു.

News18

News18

  • Last Updated :
  • Share this:
തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരം മുറി കേസ് പ്രതിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഹസ്തദാനം നടത്തുന്ന ചിത്രം പുറത്തുവിട്ട് പി.ടി.തോമസ് എംഎൽഎ. മരം മുറി കേസിലെ പ്രതി റോജി അഗസ്റ്റിനുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തുന്ന ചിത്രമാണ് പി ടി തോമസ് നിയമസഭയിൽ  ഉയർത്തിക്കാട്ടിയത്.  2017 ജനുവരി 22 ന് എറണാകുളം ഗസ്റ്റ് ഹൗസിൽ  എം മുകേഷ് എം.എൽ.എക്കൊപ്പമായിരുന്നു കൂടിക്കാഴ്ചയെന്നും പി.ടി.തോമസ് പറഞ്ഞു.

"പ്രതികൾ കുപ്രസിദ്ധരാണ്. നിരവധി കേസുകളിൽ പ്രതികളും പലതവണ അറസ്റ്റിലായവരുമാണ്. പതിനൊന്നോളം ഗുരുതര സാമ്പത്തിക ക്രമക്കേട് കേസിലെ പ്രതികളാണിവർ. ദുബായ് ,
കർണാടക പൊലീസ് ഈ പ്രതികൾക്കു വേണ്ടി നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിടുണ്ട്. ഒരു നിയമസഭാംഗത്തിൻ്റെ സഹോദരനുമായി ബന്ധപ്പെട്ട് 16 കോടിയുടെ തട്ടിപ്പ് കേസിലും ഇവർ പ്രതികളാണ്."- പി.ടി തോമസ് പറഞ്ഞു.

Also Read 'ഈട്ടിത്തടി എങ്ങനെ വയനാട്ടില്‍ നിന്ന് എറണാകുളത്തെത്തി, വനംകൊള്ളക്കാര്‍ മന്ത്രിയെ കണ്ടിരുന്നോ?': പി.ടി. തോമസ് എംഎൽഎ

2017 ജനവരി 22 ന് മാംഗോ മൊബൈൽ വെബ് സൈറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാൻ  നിശ്ചയിച്ചിരുന്നു. എം. മുകേഷ് എംഎൽഎയും ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിക്ക്  ഒപ്പമുണ്ടായിരുന്നു.  ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് മുഖ്യമന്ത്രി ഉദ്ഘാടനത്തിൽ നിന്നും  പിന്മാറിയത്. തുടർന്ന് മുകേഷിനെ മുഖ്യമന്ത്രി  ശാസിച്ചെന്നും പി.ടി.തോമസ് പറഞ്ഞു.

മാംഗോ മൊബൈലാണ് എം.ടി.വാസുദേവൻ നായരെ  ആദരിക്കുന്ന ചടങ്ങ് ദേശാഭിമാനിക്കു വേണ്ടി സ്പോൺസർ ചെയ്തത്. ആ പരിപാടിയിലാണ് റോജി അഗസ്റ്റിനുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തിയത്. മുഖ്യമന്ത്രിക്ക് വനം കൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് താൻ പറയില്ലെന്നും എന്നാൽ ഈ വസ്തുതകൾ മറച്ചു വച്ചാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും പി.ടി.തോമസ് ചൂണ്ടിക്കാട്ടി.

വനം കൊള്ളയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിൻ്റെ ചർച്ചയിലാണ് മാംഗോ മൊബൈലിൻ്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കാൻ തീരുമാനിച്ചിരുന്നെന്ന് പി.ടി തോമസ് പറഞ്ഞത്. എന്നാൽ അത് 2016 ഫെബ്രുവരിയിൽ ആയിരുന്നെന്നും അന്ന് താനായിരുന്നില്ല മുഖ്യമന്ത്രിയെന്നും പിണറായി കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു.

News18


ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിതങ്ങനെ

"അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുന്നയിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കാനായി സഭയെ ദുരുപയോഗിക്കുന്നതിനെതിരെ ഞാന്‍ മുമ്പും ഈ സഭയില്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. സഭാവേദി നല്‍കുന്ന പരിരക്ഷ രാഷ്ട്രീയമായി ആവര്‍ത്തിച്ചു ദുരുപയോഗിക്കുന്നതു വീണ്ടും സഭാധ്യക്ഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടി വന്നിരിക്കുകയാണ്.
മാംഗോ ഫോണ്‍ - മൊബൈല്‍ ഫോണ്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും മുമ്പ് അതിന്‍റെ പിന്നിലുള്ള പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു എന്ന് പി.ടി. തോമസ് കഴിഞ്ഞ ദിവസം ഒരു പരാമര്‍ശം ഈ സഭയില്‍ നടത്തി. എന്‍റെ മേല്‍വന്നു തറയ്ക്കുന്നതായി ആരെങ്കിലും കരുതുന്നെങ്കില്‍ കരുതിക്കോട്ടെ എന്നതാവും ഈ ആരോപണമുന്നയിച്ചതിനു പിന്നിലെ ദുഷ്ടലാക്ക്."

"മുഖ്യമന്ത്രി ആരാണ് എന്നു പറയാതെയാണ് പി.ടി. തോമസ് ഇതു പറഞ്ഞതെങ്കിലും പൊതുവില്‍ സഭയിലുണ്ടായ പ്രതീതി, ഞാന്‍ അറസ്റ്റിലാവേണ്ടതരം പ്രതികളുടെ പരിപാടി ഉദ്ഘാടനം ചെയ്യുവാന്‍ പോയി എന്നതാണ്. ഇതു സത്യമല്ല, സര്‍.
2016 ഫെബ്രുവരി 29 നാണ് മാംഗോ ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റിലായത്. ഞാന്‍ അന്നു മുഖ്യമന്ത്രിയേ അല്ല. അന്നു മുഖ്യമന്ത്രി ആരായിരുന്നുവെന്നു ഞാന്‍ പറയേണ്ട കാര്യമില്ല. അത് എന്നെക്കൊണ്ടു പറയിക്കുന്നതില്‍ പി.ടി. തോമസിനു പ്രത്യേകമായ സന്തോഷമെന്തെങ്കിലും ഉണ്ടോ എന്ന് എനിക്കു നിശ്ചയമില്ല."

"ഏതായാലും, പട്ടാപ്പകലിനെ കുറ്റാക്കുറ്റിരുട്ടായി ചിത്രീകരിക്കുന്ന രീകള്‍ക്കായി സഭ ദുരുപയോഗിക്കപ്പെട്ടുകൂടാ. പകുതി മാത്രം പറഞ്ഞ്, അതുകൊണ്ട് തെറ്റിദ്ധാരണയുടെ ഒരു മൂടല്‍മഞ്ഞുണ്ടാക്കി ഇന്നത്തെ മുഖ്യമന്ത്രിയെ അതിന്‍റെ മറവില്‍ നിര്‍ത്താന്‍ നോക്കുക. അതാണ് നടന്നത്. മുഖ്യമന്ത്രിയെ നിങ്ങള്‍ കൊണ്ടുവരുന്ന മൂടല്‍മഞ്ഞിനു കീഴ്പ്പെടുത്താനാവില്ല എന്നുമാത്രം പറയട്ടെ.
വനംകൊള്ളക്കാരുടെ സ്വാധീനത്തെക്കുറിച്ചു പറയവേയാണ് പി.ടി. തോമസ് ഇതു പറഞ്ഞത്. വനംകൊള്ളക്കാര്‍ നിസ്സാരക്കാരല്ലെന്നും, നേരത്തേ തന്നെ തട്ടിപ്പുകേസുകളില്‍ പ്രതികളായിരുന്നവരായിരുന്നുവെന്നും പറഞ്ഞിട്ട്, അവരുടെ സ്വാധീനം ബോധ്യപ്പെടുത്താനാണ് നമ്മുടെ മുഖ്യമന്ത്രിയെയായിരുന്നു ഇവരുടെ മാംഗോ മൊബൈലിന്‍റെ ഉദ്ഘാടനത്തിനു ക്ഷണിച്ചിരുന്നത് എന്ന് വിശദീകരിച്ചത്"

Also Read മുട്ടിൽ മരം മുറി കേസ്: കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം

"ഉദ്ഘാടന വേദിയില്‍ വെച്ചു പോലീസ് അറസ്റ്റു ചെയ്തതുകൊണ്ട് മുഖ്യമന്ത്രിക്ക് ഉദ്ഘാടനം ചെയ്യേണ്ടിവന്നില്ല എന്നും പറഞ്ഞു.
ഏതായാലും, ആ തട്ടിപ്പുകാരുടെ സ്വാധീനത്തിന്‍റെ വലയ്ക്കുള്ളില്‍ നില്‍ക്കുന്നത് ഞാനല്ല. ഇന്നത്തെ മുഖ്യമന്ത്രിയല്ല. അവരുടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഏറ്റത് ഞാനല്ല. ഈ മുഖ്യമന്ത്രിയല്ല. ഏതു മുഖ്യമന്ത്രിയുടെ മേലായിരുന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വെച്ച് പി.ടി. തോമസ് കണ്ടുപിടിക്കട്ടെ.
എനിക്കു പറയാനുള്ളത്, സഭാതലം തെറ്റിദ്ധരിപ്പിക്കലിനുള്ള വേദിയാക്കുന്നത് അനുവദിക്കരുത് എന്നാണ്. സഭാതലത്തെ ആ വിധത്തില്‍ ദുരുപയോഗിച്ചതിന് സാധാരണ നിലയിൽ സഭയോട് ആ അംഗം മാപ്പുപറയുകയാണ് വേണ്ടത്. മാപ്പു പറയാൻ  അഭ്യര്‍ത്ഥിക്കുകയാണ്".
Published by:Aneesh Anirudhan
First published: