HOME » NEWS » Kerala » PT THOMAS SAYS HE MAY TAKE THE LEGAL NOTICE OVER HIS REMARK HEADON MM TV

പറഞ്ഞത് പരസ്യമായ സത്യം; വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് പി. ടി. തോമസ്

സംവാദത്തിന് മടിയില്ലെന്നും പി. ടി. തോമസ്

News18 Malayalam | news18-malayalam
Updated: June 24, 2021, 12:54 PM IST
പറഞ്ഞത് പരസ്യമായ സത്യം; വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് പി. ടി. തോമസ്
സംവാദത്തിന് മടിയില്ലെന്നും പി. ടി. തോമസ്
  • Share this:
കിറ്റക്സ് കമ്പനിക്കെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പി.ടി. തോമസ് എം.എൽ.എ. താൻ പറഞ്ഞത് പരസ്യമായ സത്യമാണ്. ഇത് തെളിയിക്കാൻ പരസ്യ സംവാദത്തിന്റെ ആവശ്യമില്ല. പരസ്യ സംവാദത്തിന് തനിക്ക് മടിയില്ലെന്നും പി. ടി. തോമസ് പറഞ്ഞു.

കിറ്റക്സ് കമ്പനി മാലിന്യ പ്രശ്നം ഉണ്ടാക്കുന്നുവെന്ന പി. ടി. തോമസിന്റെ ആരോപണത്തിന് പിന്നാലെയാണ് സാബു എം. ജേക്കബ് 100 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ആരോപണങ്ങൾ തെളിയിക്കാൻ പി.ടിയെ സാബു ജേക്കബ് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. വെല്ലുവിളി പി.ടി. തോമസ് ഏറ്റെടുക്കുകയാണ്. പരസ്യസംവാദത്തിന് തനിക്ക് മടിയില്ല. എന്നാൽ കാര്യത്തിൽ അത് വേണമെന്ന് തോന്നുന്നില്ല. താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നും പി ടി തോമസ് പറഞ്ഞു.

സാബു എം. ജേക്കബുമായി തനിക്ക് വ്യക്തിപരമായ പ്രശ്നമില്ല. സ്ഥാപനത്തോടും എതിർപ്പില്ല. അവർ ഉണ്ടാക്കുന്ന മാലിന്യ പ്രശ്നമാണ് താൻ ചൂണ്ടിക്കാണിച്ചത്. തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും തോമസ് പറഞ്ഞു. വ്യവസായം പൂട്ടാൻ പോകുന്നുവെന്ന പ്രചരണമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പി ടി യുടെ ആരോപണത്തെ സാബു എം. ജേക്കബ് തള്ളിയിരുന്നു. സമൂഹമാധ്യമങ്ങളിലും രൂക്ഷവിമർശനമാണ് സാബു നടത്തിയിരുന്നത്.സാബു എം. ജേക്കബിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിവിധ വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥരാണ് കിറ്റെക്‌സില്‍ തുടര്‍ച്ചയായി പരിശോധന നടത്തിയത്. ആര്‍ക്കും നെഞ്ചത്ത് കയറിയിരുന്ന് നിരങ്ങാവുന്ന ഒരു വര്‍ഗമാണല്ലോ വ്യവസായികള്‍. കള്ളന്‍മാരെയും കൊള്ളക്കാരെയും പിടിയ്ക്കാന്‍ വരുന്ന പോലെ ആയിരുന്നു വരവും പരിശോധനയും എല്ലാം. പരിശോധന നടത്തിയവരെല്ലാം ഞങ്ങളില്‍ കണ്ടുപിടിച്ച ഏക കുറ്റം 15000 പേര്‍ക്ക് ജോലി കൊടുക്കുന്നു എന്ന അപരാധമാണ്. അതും കേരളത്തില്‍. ഇങ്ങനെ ഒരാളെ വെറുതെ വിടരുത്. പിടിച്ച് അകത്തിടണം. പൂട്ടിയ്ക്കണം.

എന്തുകൊണ്ട് ഈ ഉദ്യോഗസ്ഥന്‍മാര്‍ കേരളത്തിലെ മറ്റ് വ്യവസായ സ്ഥാപനങ്ങളില്‍ ഇതേ രീതിയില്‍ പരിശോധന നടത്തുന്നില്ല? എന്തുകൊണ്ട് കിറ്റെക്‌സില്‍ മാത്രം കയറി പരിശോധന നടത്തുന്നു. നിയമം എല്ലാവര്‍ക്കും ഒരുപോലെയല്ലെ വേണ്ടത്.

ഇവിടെ കുറേ ആളുകളുണ്ട്. രാവില എഴുന്നേറ്റാല്‍ കിറ്റെകിസിലെ തൊഴിലാളികള്‍ രാത്രി ഉറങ്ങിയോ?, അവര്‍ക്ക് പ്രഭാത ഭക്ഷണത്തിന് മുട്ട ഉണ്ടായിരുന്നോ? , മുട്ടയ്ക്ക് ഉപ്പ് ഉണ്ടായിരുന്നോ? ഇത് മാത്രമാണ് ജോലി. എന്നിട്ടിതൊക്കെ സോഷ്യല്‍ മീഡിയയില്‍ തട്ടി വിടും. കിറ്റെക്സിലെ തൊഴിലാളികളെക്കുറിച്ച് എന്തൊരു ജാഗ്രതയാണിവര്‍ക്ക്. സ്വന്തം അച്ചന്റെയും അമ്മയുടെയും കൂടപ്പിറപ്പുകളുടെയും കാര്യത്തില്‍ പോലുമില്ല ഇവര്‍ക്ക് ഈയൊരു ശുഷ്‌കാന്തി.

ഈ പറയുന്നവരാരെങ്കിലും സ്വന്തമായി അദ്ധ്വാനിച്ച പണം കൊണ്ട് ഒരാള്‍ക്കെങ്കിലും ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുത്തിട്ടുണ്ടോ? മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ഫലം തിന്ന് ജീവിയ്ക്കുന്നതല്ലാതെ ഒരാളെങ്കിലും ഒരു ദിവസത്തെ തൊഴില്‍ കൊടുത്തിട്ടുണ്ടോ? ആര്‍ക്കും പ്രയോജനമില്ലാത്ത കുറെ പാഴ്ജന്മങ്ങള്‍. ഇവരാണ് കേരളത്തിന്റെ ശാപം.

എന്റെ ഫാക്ടറിയില്‍ കൊടുക്കുന്ന സൗകര്യം പോരാ എന്നാണ് പരാതി. ആര്‍ക്ക് വേണമെങ്കിലും വ്യവസായം തുടങ്ങാമല്ലോ. ഈ പറയുന്നവരൊക്കെ ഒരെണ്ണം തുടങ്ങി കാണിയ്ക്കട്ടെ. ഞങ്ങള്‍ ഇവിടെ 15000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. അത്രയ്‌ക്കൊന്നും ഇവര്‍ ചെയ്യുമെന്ന് തോന്നുന്നില്ല. ഒരു വ്യവസായം തുടങ്ങി 10 പേര്‍ക്ക് എങ്കിലും ജോലിയും താമസവും ഭക്ഷണവും ഒക്കെ ഒന്ന് നടത്തി കാണിക്കട്ടെ. എന്നിട്ടാകാം വാചകമടി.

25 ലക്ഷം തൊഴിലാളികളാണ് അന്യ സംസ്ഥാനങ്ങളിൽ പോയി ജോലി ചെയ്യുന്നത്. 36 ലക്ഷം തൊഴിലാളികള്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. എന്തുകൊണ്ട് 61 ലക്ഷം മലയാളികള്‍ നാടും വീടും സ്വന്തവും ബന്ധവുമെല്ലാം വിട്ട് അന്യ സംസ്ഥാനങ്ങളിലോ മറ്റ് രാജ്യങ്ങളിലോ പോയി തൊഴിലെടുക്കേണ്ടി വരുന്നു. ആരാണ് ഇതിന് ഉത്തരവാദികള്‍?

കേരളത്തില്‍ 20നും 30നും ഇടയ്ക്ക് പ്രായമുള്ള 40 ലക്ഷത്തോളം യുവതി-യുവാക്കള്‍ ആണ് ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് ജോലിയ്ക്കായി കാത്തിരിയ്ക്കുന്നത്. ഇതിന് പുറമെ 40നും 60നും ഇടയ്ക്ക് വയസ് പ്രായമുള്ള 35 ലക്ഷത്തോളം ആളുകള്‍ തൊഴിലില്ലാതെ വീട്ടില്‍ തന്നെ ഇരിയ്ക്കുന്നു. എന്തുകൊണ്ട് കേരളത്തില്‍ ഈ സ്ഥിതി വിശേഷം ഉണ്ടായി? ആരാണ് ഇതിന് ഉത്തരവാദികള്‍?. ചുരുക്കി പറഞ്ഞാല്‍ മലയാളികള്‍ക്ക് ജീവിയ്ക്കണമെങ്കില്‍ അന്യ സംസ്ഥാനങ്ങളിലോ മറ്റ് രാജ്യങ്ങളിലോ പോയി തൊഴിലെടുക്കേണ്ട ഗതികേടാണ്.

എംആര്‍എഫ്, സിന്തൈറ്റ്, വി ഗാര്‍ഡ് തുടങ്ങി നൂറുകണക്കിന് വന്‍കിട കമ്പനികള്‍ എന്തുകൊണ്ട് കേരളം വിട്ട് അന്യസംസ്ഥാനങ്ങളിലേയ്ക്ക് പോയി? എന്തുകൊണ്ട് ഇത് സംഭവിച്ചു? കേരളത്തിന് പുറത്ത് മലയാളികള്‍ നടത്തുന്ന വ്യവസായ സ്ഥാപനങ്ങളില്‍ മാത്രം 30 ലക്ഷത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നു. ആര്‍ക്കാണ് ഇതുകൊണ്ട് നഷ്ടം സംഭവിച്ചത്. ആരാണ് ഇതിന് ഉത്തരവാദികള്‍?
ആരും ഒട്ടും ആശ കൈവിടരുത്. നമ്മള്‍ ഒത്തൊരുമിച്ച് ഉത്സാഹിച്ചാല്‍ ഒരു വ്യവസായ സ്ഥാപനങ്ങളും ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ നമ്മള്‍ക്ക് മാറ്റാം. മാറ്റണം.
Published by: user_57
First published: June 24, 2021, 12:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories