കോട്ടയം: വിവിധതലങ്ങളിലെ വികസനത്തിലൂടെ ഒരു ഗ്രാമത്തിനെ മാതൃകാഗ്രാമം അഥവാ ആദര്‍ശ് ഗ്രാമമാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിനെ പ്രധാനമന്ത്രിയുടെ സന്‍സദ് ആര്‍ദശ് ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിരിക്കുകയാണ് പി ടി ഉഷ എം പി. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ നിര്‍മാര്‍ജനം, പ്രകൃതി സംരക്ഷണം തുടങ്ങിയ മേഖലകളിലെ സംയോജിത വികസനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.
അടിസ്ഥാനസൗകര്യ വികസനത്തിലുപരി പൗരന്മാരുടെ സഹകരണം, ദാരിദ്ര്യനിര്‍മാര്‍ജനം, ലൈംഗിക സമത്വം, സ്ത്രീകളെ ബഹുമാനിക്കല്‍, സാമൂഹ്യനീതി, സാമൂഹ്യസേവനത്തിനുള്ള സന്നദ്ധത, ശുചിത്വം, സ്വാശ്രയത്വം, മികച്ച തദ്ദേശ സ്വയംഭരണം, പൊതുജീവിതത്തില്‍ സുതാര്യതയും അഴിമിയില്ലായ്മയും എന്നിവയാണ് ഒരു ആദര്‍ശ് ഗ്രാമത്തിന്‍റെ മേന്മകള്‍.
പള്ളിക്കത്തോട് പഞ്ചായത്തിനെ സന്‍സദ് ആദര്‍ശ് ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിലൂടെ പി.ടി. ഉഷ എംപി വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് ലിജിന്‍ ലാല്‍. ജില്ലയിലെ ഏറ്റവും മികച്ച മാതൃക ഗ്രാമപഞ്ചായത്തായി പള്ളിക്കത്തോട് മാറും. നിരവധി തവണ പള്ളിക്കത്തോട് പഞ്ചായത്തിനെ പദ്ധതിയിൽ ഉൾപെടുത്താൻ പ്രദേശത്തെ എം പിയെ ബന്ധപ്പെട്ടപ്പോൾ പദ്ധതിക്കെതിരെ മുഖം തിരിച്ച് നിൽക്കുകയായിരുന്നു. ഇപ്പോൾ പദ്ധതിയിൽ പഞ്ചായത്തിനെ ഉൾപ്പെടുത്തിയതിലൂടെ ജില്ലയിലെ ഏറ്റവും മികച്ച മാതൃക ഗ്രാമപഞ്ചായത്തായി പള്ളിക്കത്തോട് മാറും. നിലവിലെ ഭരണ സമിതി നടപ്പാക്കുന്ന പദ്ധതികൾക്ക് കൂടുതൽ ഉർജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലയിലെ പാമ്പാടി ബ്ലോക്കിൽ ആനിക്കാട്, ചെങ്ങളം ഈസ്റ്റ്, എലിക്കുളം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്. അരുവിക്കുഴി, കിഴക്കടമ്പ്, വട്ടകക്കാവ്, ആനിക്കാട്, വേരുങ്കൽപാറ, ഇളംപള്ളി, പുല്ലാനിത്തകിടി, കയ്യൂരി, ഇടത്തിനകം, കൊമ്പാറ, മൈലാടിക്കര, മുക്കാലി, കല്ലാടംപൊയ്ക എന്നിങ്ങനെ 13 വാർഡുകളാണ് പള്ളിക്കത്തോട് പഞ്ചായത്തിലുള്ളത്.
ഇവിടുത്തെ അരുവിക്കുഴി വെള്ളച്ചാട്ടം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാന കേന്ദ്രമാണ്. നൂറടിയിലേറെ ഉയരത്തിൽ നിന്ന് തുള്ളിയമർന്നിറങ്ങുന്ന വെള്ളച്ചാട്ടമാണ് അരുവിക്കുഴിയുടെ ഭംഗി. കോട്ടയം നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് അരുവിക്കുഴി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.