ശബരിമലയിലെ മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് തുടങ്ങിയ പുണ്യം പൂങ്കാവനം പദ്ധതി പത്താം വയസിലേക്ക് കടന്നു. 2010 ല്‍ അന്നത്തെ ശബരിമല പോലീസ് സ്പെഷല്‍ ഓഫീസര്‍ പി. വിജയന്റെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് പുണ്യം പൂങ്കാവനം പദ്ധതി. ശബരിമലയിലും പരിസരങ്ങളിലും മനുഷ്യനും ജന്തുജാലങ്ങള്‍ക്കും ഒരുപോലെ ഹാനികരമായ മാലിന്യ നിക്ഷേപം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും പദ്ധതിക്ക് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ഇന്ത്യയിലെ മറ്റ് നിരവധി സംസ്ഥാനങ്ങളിലും ഈ കേരളാ മോഡല്‍ ശുചിത്വ പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
ഇതിന് പുറമേ മറ്റിടങ്ങളില്‍ നിന്നും പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷങ്ങളും വരുന്നുണ്ടെന്നത് പദ്ധതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. പദ്ധതി ഒരു ദശാബ്ദത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഐ.ജി. പി. വിജയന്റെ നേതൃത്വത്തില്‍ ശബരിമല സന്നിധാനത്ത് വിവിധയിനം പൂച്ചെടികള്‍ നട്ട് ഉദ്യാനവത്കരണത്തിന് തുടക്കം കുറിച്ചു. ഇതോടൊപ്പം സന്നിധാനത്ത് ലഭ്യമാകുന്ന സ്ഥലങ്ങളിലെല്ലാം ചെടികള്‍ വച്ച് പിടിപ്പിക്കുകയും ഇവ പരിപാലിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നത്.
ശബരിമലയും കേരളവും കടന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് പദ്ധതിയുടെ അണിയറ പ്രവര്‍ത്തകരെന്ന് ഐ.ജി. പി. വിജയൻ പറഞ്ഞു.

പുണ്യം പൂങ്കാവനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പല തലത്തിലാണ് നടക്കുന്നത്. സന്നിധാനത്തും പരിസരങ്ങളിലും ശുചീകരണത്തിന് നില്‍ക്കുന്നവര്‍ക്ക് മാനസിക പിന്തുണയും ചെറിയ സഹായവുമെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഒരു ഭാഗത്ത്. ഇതിനായി സന്നിധാനത്തുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ദര്‍ശനത്തിനെത്തുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെയും തന്ത്രി, മേല്‍ശാന്തി അടക്കമുള്ളവരെയും ശുചീകരണ പ്രക്രിയയില്‍ പങ്കാളികളാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇടയ്ക്കിടെ സംഘടിപ്പിക്കുന്നുണ്ട്. ഇതിലൂടെ സ്ഥിരം ശുചീകരണ തൊഴിലാളികളില്‍ ആത്മാഭിമാന ബോധം ഉണ്ടാക്കുകയും അതുവഴി ജോലിയില്‍ അവരുടെ ആത്മ സമര്‍പ്പണവും ഉത്സാഹവും വര്‍ദ്ധിപ്പിക്കുകയും ചെയ്തത് വലിയ നേട്ടമായി. ഇതിന്റെ ഫലമായി 2010 മുതല്‍ ഓരോ വര്‍ഷങ്ങളിലും സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേയും പരിസരങ്ങളിലേയും പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വന്‍തോതില്‍ കുറച്ച് കൊണ്ടുവരുന്നതിന് കഴിഞ്ഞിട്ടുണ്ട്.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ശബരിമലയുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരും ദേവസ്വവും ആരോഗ്യ വകുപ്പ്, ഫയര്‍ ഫോഴ്സ്, എക്സൈസ് എന്നീ വകുപ്പുകളെയും ഇതോടൊപ്പം അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം മുതലായ സംഘടനകളുടെയും നേതൃത്വത്തില്‍ ഇടയ്ക്കിടെ ശുചീകരണ യജ്ഞങ്ങള്‍ സംഘടിപ്പിച്ചു. ആദ്യ ഘട്ടത്തില്‍ വൈകുന്നേരങ്ങളിലും മറ്റും തുടങ്ങിയ ഈ പ്രക്രിയ പിന്നീട് പമ്പ, നിലയ്ക്കല്‍, വണ്ടിപ്പെരിയാര്‍, എരുമേലി ജുമ്അ:മസ്ജിദ്, എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇതോടൊപ്പം കോളജ്, സ്കൂള്‍ വിദ്യാര്‍ഥികളും വിവിധയിടങ്ങളില്‍ പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ സംസ്ഥാനത്തൊട്ടാകെ ശുചീകരണ പ്രക്രിയകളില്‍ പങ്കാളികളാകുന്ന സ്ഥിതിയിലേക്കെത്തി.

ഇപ്പോള്‍ പുണ്യം പൂങ്കാവനത്തിന്റെ പ്രവര്‍ത്തനം തെക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് വരെ പടര്‍ന്ന് പന്തലിച്ചു. പുണ്യം പൂങ്കാവനം പദ്ധതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കേരളം, കര്‍ണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആയിരത്തിനടുത്ത് ക്ഷേത്രങ്ങളില്‍ പൂങ്കാവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ജാതി - മത വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ദേവാലയങ്ങളിലും യാഥാര്‍ഥ്യമാക്കുന്ന ഇത്തരം പൂങ്കാവനങ്ങളുടെ നിര്‍മ്മാണത്തിലൂടെ ജീവിതത്തില്‍ ശുചിത്വത്തിന്റെ പ്രാധാന്യം എത്തിക്കുക എന്നതാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി വിശ്വാസപ്രമാണ വ്യത്യാസമില്ലാതെ ദേവാലയങ്ങള്‍ക്ക് ചുറ്റുവട്ടത്തുള്ള കുളങ്ങള്‍, പുഴകള്‍, ജലാശയങ്ങള്‍ എന്നിവ സംരക്ഷിക്കുക, അതോടൊപ്പം തന്നെ അവിടെയെത്തുന്ന ഭക്തജനങ്ങളുടെ ഇടയില്‍ ശുചിത്വത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക, വ്യക്തി ശുചിത്വത്തില്‍ പാലിക്കേണ്ട പഞ്ചകര്മ്മങ്ങളെക്കുറിച്ച് പറഞ്ഞ് മനസിലാക്കുക, ക്ഷേത്ര കലകളെയും കലാകാരന്മാരെയും പ്രോത്സാപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
പുണ്യം പൂങ്കാവനം പദ്ധതിക്കായി സന്നിധാനത്ത് പ്രത്യേകം ഓഫീസും ഇതിനായി മാത്രം പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വെബ്സൈറ്റും തുറന്നിട്ടുണ്ട്. ഇതിന് പുറമേ ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ അനുഷ്ഠിക്കേണ്ട സപ്ത കര്‍മ്മങ്ങള്‍ ഉള്‍പ്പെടുത്തി വിവിധ ഭാഷകളിലായി ഇറക്കിയ ലഘുലേഖകളുടെ വിതരണവും വ്യാപകമായുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പുണ്യം പൂങ്കാവനം പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ പ്രധാനമന്ത്രിയുടെ മന് കീ ബാത്തില്‍ ശബരിമല പുണ്യം പൂങ്കാവനം പദ്ധതിയെക്കുറിച്ച് പ്രകീര്‍ത്തിച്ചതും കേരളാ ഹൈക്കോടതിയുടെ വിവിധ ജഡ്ജ്മെന്റുകളില്‍ പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശിച്ചതും വലിയ അംഗീകാരങ്ങളാണ്.