• HOME
 • »
 • NEWS
 • »
 • kerala
 • »
 • നവോത്ഥാന സംരക്ഷണ സമിതി കൺവീനർ സ്ഥാനം പുന്നല ശ്രീകുമാർ രാജിവച്ചു; പി രാമഭദ്രന് താൽക്കാലിക ചുമതല

നവോത്ഥാന സംരക്ഷണ സമിതി കൺവീനർ സ്ഥാനം പുന്നല ശ്രീകുമാർ രാജിവച്ചു; പി രാമഭദ്രന് താൽക്കാലിക ചുമതല

കെപിഎംഎസിന്റെ പ്രവർത്തനങ്ങളിൽ സജീവമാകുന്നതിന് വേണ്ടിയാണ് സ്ഥാനം ഒഴിഞ്ഞതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും സർക്കാരുമായുള്ള അഭിപ്രായഭിന്നതയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം

 • Share this:
  തിരുവനന്തപുരം: ശബരിമല പ്രക്ഷോഭക്കാലത്ത് സർക്കാർ മുൻകൈയെടുത്ത് രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ (Renaissance Protection Committee) കൺവീനർ സ്ഥാനം നിന്ന് പുന്നല ശ്രീകുമാർ (Punnala Sreekumar) രാജിവച്ചു. തിരുവനന്തപുരത്ത് ചേർന്ന സമിതി യോഗത്തിലാണ് രാജി. പി രാമഭദ്രന് കൺവീനറിന്റെ താൽക്കാലിക ചുമതല നൽകി. അതേസമയം, ലിംഗതുല്യത കാഴ്ചപ്പാട് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നെന്ന് നവോത്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

  കെപിഎംഎസിന്റെ പ്രവർത്തനങ്ങളിൽ സജീവമാകുന്നതിന് വേണ്ടിയാണ് സ്ഥാനം ഒഴിഞ്ഞതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും സർക്കാരുമായുള്ള അഭിപ്രായഭിന്നതയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. പുതിയ നിയമാവലിക്ക് രൂപം നൽകാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നവോത്ഥാനസമിതി ചേർന്ന യോഗത്തിലാണ് പുന്നലയുടെ രാജി. പി രാമഭദ്രനാണ് പുതിയ കൺവീനർ.

  ലിംഗതുല്യത അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും സ്ത്രീപുരുഷ സമത്വത്തിന്റെയും ലിംഗനീതിയുടെയും കാഴ്ചപ്പാടുകൾ സമൂഹം അംഗീകരിക്കണമെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ജെൻഡർ ന്യൂട്രൽ യൂണിഫോം വിഷയത്തിൽ എം.കെ.മുനീറിന്റെ വിവാദ പ്രസ്താവനവയെ പരോക്ഷമായി കൊട്ടിയാണ് പിണറായിയുടെ വാക്കുകൾ. പുതിയ നിയമാവലി അനുസരിച്ച് നവോത്ഥാന സമിതിക്ക് 23 അംഗ ഭരണസമിതിയുണ്ടാകും. സംഘടനയിൽ വ്യക്തികൾക്കും അംഗത്വം നൽകും. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് സമിതി പൊടിതട്ടിയെടുക്കുന്നതെന്നാണ് വിമർശനം.

  'സമിതിക്ക് നിയമാവലി വേണം, ഭരണഘടന സംരക്ഷണം പ്രധാന അജൻഡയാക്കണം'

  നവോത്ഥാന സംരക്ഷണ സമിതി കേരളത്തിൽ നിർവഹിച്ചത് പ്രധാന ചുമതലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവോത്ഥാന സംരക്ഷണ സമിതി യോഗം പല കാരണങ്ങളാൽ വൈകി പോയി. നാടിനെ വല്ലാതെ പുറകോട്ട് പോകുന്നതിൽ നിന്നും പിടിച്ചു നിർത്താൻ ആയിരുന്നു സമിതി ഉണ്ടാക്കിയത്. ഇത് വരെ സംഘടന എന്ന നിലക്ക് നിയമവാലി ഇല്ല. നിയമാവലി അംഗീകരിക്കണം. നവോത്ഥാന മൂല്യ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്

  ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കാൻ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. നവോത്ഥാന സംരക്ഷണ സമിതി നടത്തുന്നത് മാതൃകപരമായ പ്രവർത്തിയാണ്. സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന ശക്തികൾ ഇപ്പോഴും സജീവമാണ്. ലിംഗ തുല്യതയെ അട്ടിമറിക്കാനും ശ്രമം നടക്കുന്നു. ഇതിനെതിരെ പ്രതിരോധം തീർക്കണം. ഏതും വർഗീയതയുടെ ഭാഗമാക്കി ആളുകളെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നു. വർഗീയമായ കണ്ണുകളിലൂടെ പിന്തിരിപ്പൻ പ്രചാരണം ഉണ്ടാകുന്നു. ഇത് അപകടകരമാണ്. ഇതിനെതിരെ വലിയ പ്രചാരണം വീണ്ടും ഉയർത്തണം.

  Also Read- 'മുസ്ലിം സമുദായത്തിനായി VC നിയമനം നടത്തിയെന്ന് കെ ടി ജലീൽ വെളിപ്പെടുത്തി': വെള്ളാപ്പള്ളി നടേശൻ

  സ്ത്രീ പുരുഷ സമത്വത്തിന്റെ കാഴ്ച്ചപ്പാട് അംഗീകരിക്കേണ്ടതാണ്. പാഠപുസ്തകങ്ങളിൽ തന്നെ ലിംഗ നീതി ഉറപ്പാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. തുല്യത ഉറപ്പാക്കാനുള്ള ഭരണഘടനക്ക് എതിരെ രാജ്യത്ത് ആസൂത്രിത നീക്കം നടക്കുന്നു ഭരണഘടനക്ക് എതിരായ നീക്കം നമ്മുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ ഉള്ള നീക്കമായി തിരിച്ചറിയണം. ഭരണ ഘടന സംരക്ഷണം നവോത്ഥാന സമിതിയുടെ പ്രധാന അജൻഡ ആക്കണം.

  അടുത്ത 25 വർഷം കൊണ്ട് വികസിത രാജ്യങ്ങളുടെ നിലയിലേക്ക് ഉയർത്തണം എന്ന ലക്ഷ്യത്തോടെ ആണ് സർക്കാർ നീങ്ങുന്നത്. ചില കാര്യങ്ങൾ ആദ്യം കേൾക്കുമ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നം അല്ലെ എന്ന ചോദ്യം ഉയരാം. കിഫ്‌ബിയെ കുറിച്ച് ആദ്യം ഉയർന്നതും സമാന സമാന സംശയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
  Published by:Rajesh V
  First published: